Tweet 1252

    Tweet 1252
    November 17, 2025 • Monday
    Post Header

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരു ദിവസം ജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷനായി ഇരുന്നു. അപ്പോൾ ജിബ്‌രീൽ(അ) അടുത്ത് വന്നിട്ട് ചോദിച്ചു: “എന്താണ് ഈമാൻ അഥവാ വിശ്വാസം?” തിരുനബിﷺ പറഞ്ഞു: “ഈമാൻ എന്നാൽ, നീ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ ഗ്രന്ഥങ്ങളിലും അവനെ കണ്ടുമുട്ടുന്ന അന്ത്യനാളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിക്കുകയും ഉയിർത്തെഴുന്നേൽപ്പിനെ വിശ്വസിക്കുകയും ചെയ്യുക എന്നതാണ്.” തുടർന്ന് ചോദിച്ചു: “എന്താണ് ഇസ്‌ലാം?” തിരുനബിﷺ .പറഞ്ഞു: “ഇസ്‌ലാം എന്നാൽ, നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും നിസ്കാരം നിലനിർത്തുകയും നിർബന്ധമായ സക്കാത്ത് നൽകുകയും റമളാനിൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്.” പിന്നീട് ചോദിച്ചു: “എന്താണ് ഇഹ്‌സാൻ അഥവാ സൽകർമ്മം?” തിരുനബിﷺ പറഞ്ഞു: “നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും നിശ്ചയമായും അവൻ നിന്നെ കാണുന്നുണ്ട്.”

    ജിബ്‌രീൽ(അ) ചോദിച്ചു: “എപ്പോഴാണ് അന്ത്യസമയം?” തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. “ചോദിക്കപ്പെടുന്നയാൾ ചോദിക്കുന്നയാളെക്കാൾ അതിനെക്കുറിച്ച് കൂടുതൽ അറിവുള്ളയാളല്ല. എന്നാൽ അതിൻ്റെ അടയാളങ്ങൾ ഞാൻ പറഞ്ഞു തരാം: അടിമപ്പെണ്ണ് തൻ്റെ യജമാനനെ പ്രസവിക്കുകയും കറുത്ത ഒട്ടകങ്ങളെ മേച്ചുനടന്ന ആളുകൾ കെട്ടിടങ്ങൾ കെട്ടി ഉയർത്തുന്നതിൽ മത്സരിക്കുകയും ചെയ്യുക. ഇവ അഞ്ചു കാര്യങ്ങളിൽ പെട്ടതാണ് അല്ലാഹുവിനല്ലാതെ അവയെക്കുറിച്ച് അറിയില്ല.” അതിനുശേഷം നബിﷺ സൂറത്തു ലുഖ്മാനിലെ 34 ആം വാക്യം പാരായണം ചെയ്തു: ആശയം ഇപ്രകാരമാണ്. നിശ്ചയമായും അല്ലാഹുവിൻ്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്… എന്ന്.

    പിന്നെ ജിബ്‌രീൽ(അ) മടങ്ങിപ്പോയി. തിരുനബിﷺ പറഞ്ഞു: “അദ്ദേഹത്തെ തിരിച്ചുവിളിക്കൂ.” എന്നാൽ അവർ ആരെയും കണ്ടില്ല. അപ്പോൾ നബിﷺ പറഞ്ഞു: “ഇത് ജിബ്‌രീൽ(അ) ആയിരുന്നു. ജനങ്ങൾക്ക് അവരുടെ ദീൻ അഥവാ മതം പഠിപ്പിക്കാൻ വന്നതാണ്.”

    ഈ ഹദീസിലെ ഓരോ ആശയങ്ങളും കൂടുതൽ വിശദീകരണം അർഹിക്കുന്നതാണ്. ചോദ്യകർത്താവിന്റെ താൽപര്യത്തിന് അനുസരിച്ചായിരുന്നു തിരുനബിﷺയുടെ മറുപടി. ഈമാൻ എന്താണെന്ന ചോദ്യത്തിന്റെ ഉദ്ദേശം ഈമാൻ കാര്യങ്ങൾ ഏതാണ് എന്നായിരുന്നു. അതുപോലെ തുടർന്നും. അന്ത്യനാൾ എപ്പോഴാണ് എന്ന ചോദ്യത്തിന് ചോദിക്കപ്പെട്ടയാൾ ചോദിച്ചയാളെക്കാൾ കൂടുതൽ വിവരമുള്ള ആളല്ല എന്നതിനർത്ഥം പ്രസ്തുത വിജ്ഞാനം ഏതർത്ഥത്തിലാണ് പറയേണ്ടത് പറയപ്പെടേണ്ടത് ഇതെല്ലാം നമുക്ക് രണ്ടും അറിയാമല്ലോ എന്നായിരിക്കണം താല്പര്യം. ചില വിജ്ഞാനങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും പറയേണ്ടവരോട് മാത്രം പറയേണ്ടതുമാണല്ലോ!

    ജിബ്‌രീൽ(അ) മനുഷ്യൻ്റെ രൂപത്തിൽ വന്നപ്പോൾ അത് ജിബ്‌രീൽ(അ) ആണെന്ന് തിരുനബിﷺ തന്നെ പറഞ്ഞു കൊടുക്കേണ്ടിയിരുന്നു. സ്വഹാബികളിൽ നിന്ന് വ്യത്യസ്തമായി തിരുനബിﷺയുടെ മുഅ്ജിസത്തിന്റെ അഥവാ അസാധാരണമായ വ്യക്തിപ്രഭാവത്തിന്‍റെ വിലാസം കൂടിയാണല്ലോ മലക്കുകളെ കാണുകയും അവരോട് വ്യവഹരിക്കുകയും അവരോടൊപ്പം സഞ്ചരിക്കുകയും ചിലപ്പോൾ അവരെപ്പോലെ സഞ്ചരിക്കുകയും ഒക്കെ ചെയ്യുക എന്നത്. ഇസ്‌ലാമിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ പ്രധാനപ്പെട്ട മൂന്നു പ്രമേയങ്ങളെയാണ് മേൽ ഹദീസിലൂടെ തിരുനബിﷺ ലോകത്തിനു പകർന്നു നൽകുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...