Tweet 1250

    Tweet 1250
    November 15, 2025 • Saturday
    Post Header

    ഇസ്‌ലാമിനെയും മുസ്‌ലിമിനെയും സമൂഹ സ്പർശിയായ ആശയങ്ങൾ കൊണ്ട് തിരുനബിﷺ പല സന്ദർഭങ്ങളിലും വിശേഷിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പെട്ട ഹദീസുകളുടെ ആശയങ്ങൾ നമ്മൾ വായിക്കുകയാണ്. തിരുനബിﷺയുടെ സാമൂഹിക സമീപനങ്ങളിൽ ഇത്തരം ആശയങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ട്.

    അബ്ദുല്ലാഹ് ഇബ്നു അംറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുസ്‍ലിം എന്നാൽ, അദ്ദേഹത്തിൻ്റെ നാവിൽ നിന്നും കൈകളിൽ നിന്നും മറ്റു മുസ്‍ലിംകൾ സുരക്ഷിതരാവുന്നവനാണ്. മുഹാജിർ അഥവാ പലായനം ചെയ്യുന്നവൻ എന്നാൽ, അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ്.

    തിരുനബിﷺയുടെ ചുരുങ്ങിയതും എന്നാൽ അർത്ഥവത്തുമായ വചനങ്ങൾ അഥവാ ജവാമിഉൽ കലിമിൽ പെട്ടതാണ് ഈ ഹദീസ്. മുസ്‌ലിംകൾക്കിടയിൽ സ്നേഹവും സൗഹൃദവും വർദ്ധിപ്പിക്കുന്ന ഇസ്‌ലാമിക മര്യാദകളും സ്വഭാവങ്ങളും സ്വീകരിക്കാൻ ഈ ഹദീസിലൂടെ പ്രവാചകൻﷺ നമ്മെ ഉപദേശിക്കുന്നു.

    ഇസ്‌ലാമിൻ്റെ എല്ലാ ഗുണങ്ങളെയും ഒരുമിപ്പിച്ച, പൂർണ്ണനായ മുസ്‍ലിം എന്നാൽ, വാക്കുകൊണ്ടോ പ്രവർത്തനം കൊണ്ടോ മറ്റൊരു മുസ്‍ലിമിനെ ഉപദ്രവിക്കാത്തവനാണ്. നാവിനെയും കൈകളെയും പ്രത്യേകം എടുത്തു പറഞ്ഞത് അവയുടെ പിഴവുകളും ദോഷങ്ങളും അധികമായതുകൊണ്ടാണ്. കാരണം, മിക്ക തിന്മകളും ഇവയിൽ നിന്നാണ് ഉണ്ടാകുന്നത്. നാവ് കളവ് പറയുകയും പരദൂഷണം പറയുകയും ശപിക്കുകയും കള്ളസാക്ഷി പറയുകയും ചെയ്യും. കൈകൾ അടിക്കുകയും കൊല്ലുകയും മോഷ്ടിക്കുകയും ചെയ്യും. ഉപദ്രവിക്കാനുള്ള സാധ്യത കൂടുതലും എളുപ്പവും കൂടുതൽ വിനാശകരവും ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ഒരുപോലെ ബാധിക്കുന്നതും നാവായതുകൊണ്ടാണ് തിരുനബിﷺ അതിനെ ആദ്യം പറഞ്ഞത്.

    പൂർണ്ണനായ മുഹാജിർ അഥവാ പലായനം ചെയ്തവൻ എന്നാൽ, അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് എന്നും തിരുനബിﷺ വ്യക്തമാക്കി. പ്രശംസിക്കപ്പെട്ട മുഹാജിർ, തൻ്റെ രാജ്യവും കുടുംബവും വിട്ടുപോകുന്നതിനൊപ്പം, അല്ലാഹു വിലക്കിയ കാര്യങ്ങളെയും ഉപേക്ഷിക്കുന്നവനാണ്. അതിനാൽ, തെറ്റുകളിൽ ഉറച്ചുനിന്നുകൊണ്ട് ശിർക്കിൻ്റെ നാട് ഉപേക്ഷിച്ചു എന്നതുകൊണ്ടുമാത്രം സമ്പൂർണ്ണമായ ഹിജ്‌റ ആവുകയില്ല. യഥാർത്ഥ മുഹാജിർ, യുദ്ധത്തിൻ്റെ നാട്ടിൽ നിന്ന് സുരക്ഷിതത്വത്തിൻ്റെ നാട്ടിലേക്കുള്ള ഭൗതികമായ പലായനത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, അല്ലാഹു വിലക്കിയ എല്ലാ കാര്യങ്ങളെയും വെടിഞ്ഞവനാണ്.

    ഒരു വ്യക്തിയുടെ മൂല്യം ധാർമികമായി ഉയർത്തിനിർത്താനും സാമൂഹികമായി പ്രാധാന്യമുള്ളതാക്കാനും ഇതിലേറെ പ്രസക്തമായ ഒരു പ്രസ്താവനയുടെ ആവശ്യമില്ല.
    കുറച്ചുകൂടി സമൂഹ സ്പർശിയായ ഒരു നിവേദനം അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. ആശയം ഇപ്രകാരമാണ്. ഒരു വ്യക്തി തിരുനബിﷺയോട് ചോദിച്ചു: ഇസ്‌ലാമിലെ ഏറ്റവും നല്ല കാര്യം ഏതാണ്? അവിടുന്ന് പറഞ്ഞു: നീ ഭക്ഷണം നൽകുകയും, നിനക്ക് പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയുകയും ചെയ്യുക.

    മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഊന്നിയുള്ള പ്രതികരണമായിരുന്നു ഇത്. വിശക്കുന്നവന് അന്നം നൽകുകയും സർവ്വാത്മനാ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. എത്ര വലിയ ആശയങ്ങളെയാണ് ചെറിയ വാചകങ്ങളിൽ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...