Tweet 1248

    Tweet 1248
    November 13, 2025 • Thursday
    Post Header

    തിരുനബിﷺയുടെ ഫത്‌വകളെ കുറിച്ച് പരാമർശിക്കുമ്പോൾ ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. അനസുബ്നു മാലിക്(റ) പറയുന്നു. ഖുർആനിൽ, തിരുനബിﷺയോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, ബുദ്ധിമാനായ ഒരു ഗ്രാമീണൻ വന്ന് നബിﷺയോട് ചോദ്യം ചോദിക്കുകയും ഞങ്ങൾ അത് കേൾക്കുകയും ചെയ്യുന്നത് ഞങ്ങൾക്ക് സന്തോഷമായിരുന്നു. അങ്ങനെയിരിക്കെ, ഒരു ഗ്രാമീണൻ വന്നു ചോദിച്ചു: “അല്ലയോ പ്രവാചകരെﷺ, അവിടുത്തെ പ്രതിനിധി ഞങ്ങളുടെ അടുക്കൽ വന്ന്, അങ്ങ് അവകാശപ്പെടുന്നത് അങ്ങയെ ദൂതനായി അയച്ചുവെന്നാണ്” എന്ന് ഞങ്ങളെ അറിയിച്ചു. തിരുനബിﷺ പറഞ്ഞു: “അവൻ സത്യമാണ് പറഞ്ഞത്.”

    അയാൾ ചോദിച്ചു: ആരാണ് ആകാശത്തെ സൃഷ്ടിച്ചത്? നബിﷺ പറഞ്ഞു: “അല്ലാഹു.”
    അയാൾ ചോദിച്ചു: ആരാണ് ഭൂമിയെ സൃഷ്ടിച്ചത്? “അല്ലാഹു.” ആരാണ് പർവതങ്ങളെ സ്ഥാപിച്ചത്? “അല്ലാഹു.” ആരാണ് അതിൽ ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടാക്കിയത്? “അല്ലാഹു.” എന്നാൽ, ആകാശത്തെ സൃഷ്ടിക്കുകയും, ഭൂമിയെ സൃഷ്ടിക്കുകയും, അതിൽ പർവതങ്ങളെ സ്ഥാപിക്കുകയും, അതിൽ ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്തവൻ തന്നെയാണോ, അങ്ങയെ ദൂതനായി അയച്ചത്? “അതെ.”
    അയാൾ ചോദിച്ചു: ഞങ്ങൾക്ക് ഓരോ രാവും പകലും അഞ്ച് നിസ്കാരങ്ങൾ നിർബന്ധമാണെന്ന് അങ്ങയുടെ ദൂതൻ അവകാശപ്പെട്ടു. “അവൻ സത്യമാണ് പറഞ്ഞത്.”
    അങ്ങയെ അയച്ചവൻ തന്നെയാണോ, അല്ലാഹു അവിടുത്തോട് ഇത് കൽപ്പിച്ചത്? “അതെ.”

    ഞങ്ങളുടെ സമ്പത്തിൽ സകാത്ത് അഥവാ നിർബന്ധ ദാനധർമം നൽകണമെന്ന് അങ്ങയുടെ ദൂതൻ അവകാശപ്പെട്ടു. “അവൻ സത്യമാണ് പറഞ്ഞത്.”
    അങ്ങയെ അയച്ചവൻ തന്നെയാണോ, അവിടുത്തോട് ഇത് കൽപ്പിച്ചത്? “അതെ.”
    അയാൾ ചോദിച്ചു: ഞങ്ങളുടെ വർഷത്തിൽ ഒരു മാസം നോമ്പെടുക്കണമെന്ന് അങ്ങയുടെ ദൂതൻ അവകാശപ്പെട്ടു. “അവൻ സത്യമാണ് പറഞ്ഞത്.”
    അയാൾ ചോദിച്ചു: അല്ലാഹു തന്നെയാണോ ഇത് കൽപ്പിച്ചത്? “അതെ.” അപ്പോൾ അയാൾ പറഞ്ഞു: തങ്ങളെ നിയോഗിച്ച അല്ലാഹു തന്നെയാണെ സത്യം! ഞാൻ ഇവയേക്കാൾ ഒന്നും കൂട്ടുകയുമില്ല, ഇവയിൽ നിന്ന് ഒന്നും കുറയ്ക്കുകയുമില്ല.
    അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവൻ സത്യം പറഞ്ഞെങ്കിൽ, തീർച്ചയായും അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.”

    ഇസ്‌ലാമിൻ്റെ അടിസ്ഥാന കാര്യങ്ങൾ മുഴുവൻ പാലിക്കുകയും നിർബന്ധമായ കർമങ്ങൾ മുറ തെറ്റാതെ നിർവഹിക്കുകയും ചെയ്താൽ ആത്യന്തികമായി അയാൾക്ക് ജയിക്കാനാകും. ഇസ്‌ലാമിലെ നിർബന്ധ കർമങ്ങളെക്കുറിച്ചും അടിസ്ഥാന വിശ്വാസത്തിലെ അനിവാര്യ ഭാഗത്തെക്കുറിച്ചുമാണ് അദ്ദേഹം ചോദിച്ചത്. അതിനപ്പുറം അയാൾ ഒന്നും ചെയ്യുകയില്ല എന്ന് പറഞ്ഞപ്പോഴും പറഞ്ഞ കാര്യത്തിൽ അയാൾ സത്യസന്ധനാണെങ്കിൽ അയാൾക്ക് ജയിക്കാനാവും എന്ന് നബിﷺ പറഞ്ഞു. സുന്നത്തായ കർമങ്ങൾ വഴി ഒരാൾക്ക് അല്ലാഹുവിനോടുള്ള സാമീപ്യം വർദ്ധിപ്പിക്കാനാകും. എന്നാൽ, നിർബന്ധമായ കർമങ്ങൾ പാലിക്കുക വഴി വിജയത്തിൻ്റെ അടിസ്ഥാന നിദാനങ്ങൾ മുഴുവനും അയാൾക്ക് സമാഹരിക്കാനും സാധിക്കും. വിശ്വാസം ശരിയാവുകയും നിർബന്ധ കൽപ്പനകൾ പാലിക്കുകയും മാരകമായ കുറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്താൽ തന്നെ ഒരാൾ ജയിച്ചു എന്ന് പറയാനാകും. നന്മകൾ വർദ്ധിപ്പിക്കുക വഴി ഉയർന്ന വിജയങ്ങളിലേക്കെത്താമല്ലോ എന്ന അർത്ഥത്തിലാണ് നിരന്തരമായ ആത്മീയ ഉപദേശങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

    ശരിയായ വിശ്വാസത്തോടെ നിർബന്ധ കർമങ്ങൾ ചെയ്യുന്ന ഒരാൾ ആരാധനയുടെ മധുരമറിയുമ്പോൾ സുന്നത്തായ കാര്യങ്ങൾ സ്വാഭാവികമായും അയാളിൽ വന്നുചേരും. ഇങ്ങനെ ഒരു ആശയതലം കൂടി നമുക്ക് ഇതോടൊപ്പം ചേർത്ത് വായിക്കാനുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...