
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മുആവിയ ഇബ്നു ഹൈദ(റ) പറഞ്ഞു. ഞാൻ നബിﷺയുടെ അടുക്കൽ ചെന്ന് പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞാൻ അങ്ങയെ പിൻപറ്റുകയില്ലെന്നും അങ്ങയുടെ ദീനിനെ പിൻപറ്റുകയില്ലെന്നും എൻ്റെ വിരലുകളുടെ എണ്ണത്തിൽ സത്യം ചെയ്ത ശേഷമാണ് ഞാൻ അവിടുത്തെ സന്നിധിയിൽ വന്നത്. അല്ലാഹുവും അവൻ്റെ ദൂതനുംﷺ എന്നെ പഠിപ്പിച്ചതല്ലാതെ മറ്റൊന്നും എനിക്ക് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് അറിയാനാണ് ഇപ്പോൾ ഞാൻ വന്നിരിക്കുന്നത്. ഏതൊരു സന്ദേശവുമായിട്ടാണ് അവിടുത്തെ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളിലേക്ക് അയച്ചത് എന്ന് ഞാൻ അല്ലാഹുവിൻ്റെ പേരിൽ ചോദിക്കുന്നു?” തിരുനബിﷺ പറഞ്ഞു: “ഇരിക്കുക.”
“ഇസ്‌ലാം കൊണ്ടാണ്. എന്നെ അയച്ചിട്ടുള്ളത്.”
അപ്പോൾ ഞാൻ ചോദിച്ചു: “എന്താണ് ഇസ്‌ലാമിൻ്റെ അടയാളം?” “അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ശിർക്കിൽ നിന്ന് അകന്നുനിൽക്കുക എന്നിവയാണത്. എല്ലാ മുസ്‌ലിമിനും മറ്റൊരു മുസ്‌ലിമിൻ്റെ മേൽ പവിത്രത കൽപ്പിക്കേണ്ടതുണ്ട്. അവർ സഹായികളായ സഹോദരങ്ങളാണ്. ഒരാൾ ഇസ്‌ലാമിൽ പ്രവേശിച്ച ശേഷം ചെയ്യുന്ന ശിർക്ക് അഥവാ ബഹുദൈവാരാധന വെച്ചുള്ള ഒരു പ്രവർത്തനവും അല്ലാഹു സ്വീകരിക്കുകയില്ല. എൻ്റെ രക്ഷിതാവ് എന്നെ ക്ഷണിക്കുകയും എന്നോട് ചോദിക്കുകയും ചെയ്യും: ‘അവൻ്റെ ദാസന്മാർക്ക് സന്ദേശം എത്തിച്ചോ?’ അതിനാൽ, ഇവിടെയുള്ളവർ ഇല്ലാത്തവർക്ക് സന്ദേശം എത്തിച്ചുകൊടുക്കട്ടെ. തീർച്ചയായും നിങ്ങളുടെ വായകളിൽ അടപ്പ് വെച്ച് അഥവാ മൊഴിയടച്ച ശേഷം നിങ്ങൾ വിളിക്കപ്പെടും, അപ്പോൾ നിങ്ങളിലോരോരുത്തരെക്കുറിച്ചും ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് അവൻ്റെ തുടയെല്ലിനോടും മുൻകൈയോടുമായിരിക്കും.”
അദ്ദേഹം (മുആവിയ(റ)) പറഞ്ഞു: “ഞാൻ ചോദിച്ചു: ”അല്ലാഹുവിൻ്റെ ദൂതരേﷺ, ഇതാണോ ഞങ്ങളുടെ മതം?”
അവിടുന്ന് പറഞ്ഞു: “അതെ, നീ എവിടെ നന്മ ചെയ്താലും അത് നിനക്ക് മതിയാകുന്നതാണ്. തീർച്ചയായും നിങ്ങൾ നിങ്ങളുടെ മുഖങ്ങളിലും, നിങ്ങളുടെ പാദങ്ങളിലും, നാളെ ഹാജരാക്കപ്പെടും.
മേൽ ഹദീസിന്റെ നിവേദകനായ മുആവിയ(റ) ഇസ്‌ലാം സ്വീകരിക്കുന്നതിനു മുമ്പ് ഈ ദീനിനെ സ്വീകരിക്കുകയില്ലെന്ന് ശക്തമായി പ്രതിജ്ഞ എടുത്തിരുന്നുവെന്നും, എന്നാൽ പിന്നീട് അല്ലാഹുവിൽ നിന്ന് അദ്ദേഹത്തിന് ഹിദായത്ത് അഥവാ മാർഗദർശനം ലഭിച്ചു എന്നുമാണ് വായിക്കേണ്ടത്. തുടർന്ന് ഇസ്‌ലാമിൻ്റെ അടിസ്ഥാനതത്വങ്ങളും അനിവാര്യമായ ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കേണ്ട പ്രാഥമിക കർമങ്ങളും പരലോക വികാരവും അതിമനോഹരമായി വിശദീകരിക്കുകയാണ്. എവിടെ വെച്ചും നിർവഹിക്കപ്പെടുന്ന നന്മകൾ സ്വീകരിക്കപ്പെടുമെന്നും ഓരോരുത്തരുടെയും സ്വകാര്യതകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവരവർ തന്നെ ഉത്തരം പറയേണ്ടി വരുമെന്നും ഭൗതികമായ ഈ ജീവിതം നാളെ വിചാരണയ്ക്ക് വിധേയമാക്കപ്പെടുന്നതാണെന്നും തുടങ്ങിയുള്ള സമഗ്ര വിചാരങ്ങളെയാണ് കുറഞ്ഞ വാക്കുകളിലൂടെ തിരുനബിﷺ പങ്കുവെക്കുന്നത്. വിശ്വാസികൾ പരസ്പരം ബഹുമാനിക്കണമെന്നും മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഹൃദ്യമായ വിധം തിരുനബിﷺ ബോധ്യപ്പെടുത്തുന്നു.
നിർണയങ്ങൾ തേടിയും മതത്തെക്കുറിച്ച് മൊത്തത്തിൽ മനസ്സിലാക്കാനുള്ള അന്വേഷണങ്ങൾ നടത്തിയും നബി സവിധത്തിൽ എത്തിയവർക്ക് അവിടുന്ന് നൽകിയ ആശയ സമ്പൂർണ്ണമായ നിവാരണങ്ങളെയാണ് ഈ നിവേദനവം സമാനമായ റിപ്പോർട്ടുകളും അവതരിപ്പിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
