Tweet 1247

    Tweet 1247
    November 12, 2025 • Wednesday
    Post Header

    നീതിന്യായ വ്യവസ്ഥിതിയുടെയും കോടതി നിയമങ്ങളുടെയും പശ്ചാത്തലങ്ങൾ വിശദീകരിക്കുമ്പോൾ തിരുനബിﷺയുടെ സ്വീകാര്യതയും അനുയായികളിൽ അവിടുന്ന് സ്ഥാപിച്ച വിശ്വാസ്യതയും ബോധ്യപ്പെടുത്തുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഖുസൈമത് ബിൻ സാബിത്തി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽﷺ സവ്വാർ ബ്‌നുൽ ഹാരിസിൽ നിന്ന് ഒരു കുതിരയെ വാങ്ങി. എന്നാൽ, അയാൾ അക്കാര്യം നിഷേധിച്ചു.
    അപ്പോൾ ഖുസൈമത്ത് ബ്‌നു സാബിത്(റ) തിരുനബിﷺക്ക് വേണ്ടി സാക്ഷ്യം വഹിച്ചു. അപ്പോൾ അവിടുന്ന്ﷺ അദ്ദേഹത്തോട് ചോദിച്ചു: “താങ്കൾ ഞങ്ങളോടൊപ്പം അവിടെ സന്നിഹിതനായിരുന്നില്ലല്ലോ, എന്നിട്ടും താങ്കളെ ഈ സാക്ഷ്യത്തിന് പ്രേരിപ്പിച്ചത് എന്താണ്?”
    അദ്ദേഹം പറഞ്ഞു: “അവിടുന്ന് കൊണ്ടുവന്ന കാര്യത്തിലുള്ള സത്യസന്ധതയാണ് എന്നെ പ്രേരിപ്പിച്ചത്. അവിടുന്ന് സത്യമല്ലാതെ മറ്റൊന്നും പറയില്ല എന്ന് എനിക്കറിയാം.” അപ്പോൾ തിരുനബിﷺ പറഞ്ഞു. “ആർക്കുവേണ്ടിയാണോ ഖുസൈമത്ത്(റ) സാക്ഷ്യം വഹിക്കുന്നത്, അല്ലെങ്കിൽ ആർക്കെതിരെയാണോ ഖുസൈമത്ത് സാക്ഷ്യം വഹിക്കുന്നത്, അത് മതി.”

    ഈ ഹദീസ്, ഖുസൈമത്ത് ബ്‌നു സാബിത്(റ) എന്ന സ്വഹാബിയുടെ സത്യസന്ധതയുടെയും ഈമാനിൻ്റെയും ഉന്നതമായ സ്ഥാനമാണ് വ്യക്തമാക്കുന്നത്. പ്രവാചകൻﷺ അദ്ദേഹത്തിൻ്റെ സാക്ഷ്യം അഥവാ ബയ്യിനത്ത് രണ്ട് പേരുടെ സാക്ഷ്യത്തിന് തുല്യമായി അംഗീകരിക്കുകയും അദ്ദേഹത്തിൻ്റെ വാക്കുകൾ മാത്രം മതി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് അദ്ദേഹം രണ്ട് സാക്ഷ്യങ്ങളുള്ളവൻ ‘ദുശ്ശഹാദതൈൻ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

    കൗതുകകരമായ മറ്റൊരു നിവേദനം ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. മഅ്ൻ ഇബ്നു യസീദ്(റ) പറഞ്ഞു: ഞാൻ, എൻ്റെ പിതാവ്, എൻ്റെ പിതാമഹൻ എന്നിവർ തിരുനബിﷺയോട് ബൈഅത്ത് അഥവാ പ്രതിജ്ഞ ചെയ്തു. അവിടുന്ന് എനിക്കുവേണ്ടി വിവാഹാലോചന നടത്തുകയും എന്നെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഒരു തർക്കവിഷയത്തിൽ ഞാൻ അവിടുത്തെ സമീപിക്കുകയും ചെയ്തു.
    എൻ്റെ പിതാവ് യസീദ്(റ) സ്വദഖ ചെയ്യാനായി കുറച്ച് സ്വർണ്ണ നാണയങ്ങൾ എടുത്ത് പള്ളിയിൽ വെച്ച് ഒരാളെ ഏൽപ്പിച്ചു. അപ്പോൾ ഞാൻ വന്ന് അത് എടുക്കുകയും അത് അദ്ദേഹത്തിൻ്റെ അടുക്കൽ കൊണ്ടുചെന്ന് കൊടുക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണേ സത്യം! ഞാൻ നിനക്കുവേണ്ടിയായിരുന്നില്ല ഉദ്ദേശിച്ചത്.”
    അതിനാൽ ഞാൻ അദ്ദേഹത്തെയും കൂട്ടി തിരുനബിﷺയുടെ അടുത്ത് പരിഹാരം തേടിയെത്തി. അപ്പോൾ അവിടുന്ന്ﷺ പറഞ്ഞു: “ഓ യസീദ്(റ), നീ എന്താണോ ഉദ്ദേശിച്ചത്, അതിൻ്റെ പ്രതിഫലം നിനക്കുണ്ട്. ഓ മഅ്ൻ(റ), നീ എടുത്തത് നിനക്കുള്ളതാണ്.”

    ഈ ഹദീസ് നൽകുന്ന ഗുണപാഠങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. ദാനത്തിൻ്റെ പ്രതിഫലം നിയ്യത്ത് അനുസരിച്ചാണ്. ദാനം ചെയ്യുന്നയാൾക്ക്, താൻ ഉദ്ദേശിച്ചതിൻ്റെ പ്രതിഫലം ലഭിക്കും; അത് അർഹിക്കുന്നവരുടെ കയ്യിൽ എത്തിയാലും ഇല്ലെങ്കിലും.
    മകന് പിതാവിനോട് വ്യവഹാരം നടത്തുന്നതിലും സൗന്ദര്യപരമായ തലങ്ങളുണ്ട്. ന്യായമായ ഒരു കാര്യത്തിൽ മകന് തൻ്റെ പിതാവിനോട് സംവദിക്കുകയും ഇടപാട് സംബന്ധമായ ആശയവിനിമയങ്ങൾ നടത്തുകയും ചെയ്യാം. അത് മാതാപിതാക്കളോടുള്ള അനുസരണക്കേടായി കണക്കാക്കപ്പെടുന്നില്ല.
    ദാനധർമങ്ങൾ വിതരണം ചെയ്യുന്നതിൽ ഒരാളെ വക്കാലത്ത് ഏൽപ്പിക്കുന്നത് അനുവദനീയമാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...