
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നിശ്ചയം! ഹിലാൽ ബ്‌നു ഉമയ്യ(റ) തൻ്റെ ഭാര്യയെ, ശരീകുബ്നു സഹ്മാഅയുമായി വ്യഭിചാരം ചെയ്തു എന്ന് നബിﷺയുടെ അടുക്കൽ വെച്ച് കുറ്റാരോപണം നടത്തി. അപ്പോൾ തിരുനബിﷺ പറഞ്ഞു: “തെളിവ് കൊണ്ടുവരിക. അല്ലെങ്കിൽ നിൻ്റെ മുതുകിൽ ശിക്ഷ അഥവാ ഹദ്ദ് നടപ്പിലാക്കും.”
അപ്പോൾ ഹിലാൽ(റ) പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതരേﷺ, നമ്മളിൽ ഒരാൾ തൻ്റെ ഭാര്യയുടെ അടുക്കൽ ഒരു പുരുഷനെ കണ്ടാൽ, അവൻ തെളിവ് തേടി പുറപ്പെടുകയാണോ ചെയ്യേണ്ടത്?”
അപ്പോഴും നബിﷺ പറഞ്ഞുകൊണ്ടിരുന്നു: “തെളിവ് കൊണ്ടുവരിക. അല്ലെങ്കിൽ നിൻ്റെ മുതുകിൽ ശിക്ഷ നടപ്പിലാക്കും.” അപ്പോൾ ഹിലാൽ(റ) പറഞ്ഞു: “സത്യവുമായി അവിടുത്തെ നിയോഗിച്ചവൻ അഥവാ അല്ലാഹു തന്നെയാണ് സത്യം! ഞാൻ തീർച്ചയായും സത്യം പറയുന്നവനാണ്. എൻ്റെ മുതുകിൽ നിന്ന് ശിക്ഷയെ ഒഴിവാക്കുന്ന ഒരു കാര്യം അല്ലാഹു തീർച്ചയായും ഇറക്കും.”
അപ്പോൾ ജിബ്‌രീൽ(അ) അവതരിക്കുകയും അന്നൂർ അധ്യായത്തിലെ 6 മുതൽ 9 വരെയുള്ള സൂക്തങ്ങൾ നബിﷺക്ക് അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തു:
“തങ്ങളുടെ ഭാര്യമാരുടെമേൽ വ്യഭിചാരം ആരോപിക്കുകയും, തങ്ങൾക്ക് തങ്ങളല്ലാതെ വേറെ സാക്ഷികളില്ലാതിരിക്കുകയും ചെയ്യുന്നവരാരോ, അവരിൽ ഓരോരുത്തരുടെയും സാക്ഷ്യം, താൻ സത്യം പറയുന്നവനാണ് എന്ന് അല്ലാഹുവിൻ്റെ പേരിൽ നാല് പ്രാവശ്യം ആണയിട്ട് പറഞ്ഞാൽ മതി.”
നബിﷺ അവരോട് വിധി പ്രഖ്യാപിക്കാനായി തിരിഞ്ഞു, എന്നിട്ട് അവളെ ഹാജരാക്കാൻ ആളെ അയച്ചു. ഹിലാൽ(റ) വരികയും സാക്ഷ്യം വഹിക്കുകയും ചെയ്തു.
നബിﷺ അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു: “നിങ്ങളിൽ ഒരാൾ തീർച്ചയായും കള്ളം പറയുന്നവനാണ് എന്ന് അല്ലാഹുവിന് അറിയാം. നിങ്ങളിൽ ആരെങ്കിലും പശ്ചാത്തപിക്കാൻ തയ്യാറുണ്ടോ?”
പിന്നീട് അവൾ എഴുന്നേറ്റുനിന്ന് സാക്ഷ്യം വഹിച്ചു. അവൾ അഞ്ചാമത്തെ പ്രാവശ്യവും സത്യം ചെയ്യാൻ ഒരുങ്ങിയപ്പോൾ ആളുകൾ അവളെ തടഞ്ഞുനിർത്തിയിട്ട് പറഞ്ഞു: “ഇത് ശിക്ഷ നിർബന്ധമാക്കുന്ന കാര്യമാണ്.”
ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: “അപ്പോൾ അവൾ മടിച്ചുനിൽക്കുകയും പിന്നോട്ട് മാറുകയും ചെയ്തു. അവൾ മടങ്ങുമെന്ന് ഞങ്ങൾ ധരിച്ചു. പക്ഷേ, അവൾ പറഞ്ഞു: ‘ഇന്നത്തെ ദിവസം എൻ്റെ ഗോത്രക്കാരെ ഞാൻ അപമാനിക്കില്ല.'” അങ്ങനെ അവൾ മുമ്പോട്ടുപോയി അഞ്ചാമത്തെ സാക്ഷ്യവും പൂർത്തിയാക്കി.
അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിങ്ങൾ അവളെ നിരീക്ഷിക്കുക. കണ്ണിന് നല്ല കറുപ്പുള്ളവനും, പിൻഭാഗം നിറഞ്ഞവനും, തടിച്ച കണങ്കാലുകൾ ഉള്ളവനുമായ ഒരു കുഞ്ഞിനെയാണ് അവൾ പ്രസവിക്കുന്നതെങ്കിൽ, അവൻ ശരീകുബ്നു സഹ്മാഅയുടേതാണ്.”
അപ്രകാരം തന്നെയുള്ള കുട്ടിയെയാണ് അവൾ പ്രസവിച്ചത്.
അപ്പോൾ നബിﷺ പറഞ്ഞു: “അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് മുൻപ് വന്ന നിയമം ലിആൻ അഥവാ ശാപപ്രാർത്ഥന ഇല്ലായിരുന്നുവെങ്കിൽ, എനിക്കും അവൾക്കും മറ്റൊരവസ്ഥ ഉണ്ടാകുമായിരുന്നു.”
വിധി ന്യായങ്ങളുടെ അധ്യായത്തിൽ മനുഷ്യൻ്റെ സത്യവാങ്മൂലത്തിന്റെ പ്രസക്തിയും ആത്മീയമായ വിചാരങ്ങളും വിശ്വാസങ്ങളും മുൻനിർത്തിയുള്ള സമീപനങ്ങളും എത്രമേൽ പ്രസക്തമാണ് എന്ന് അറിയിക്കുന്ന ഒരു സംഭവമാണിത്. ഈ ലോകത്ത് ചില സന്ദർഭങ്ങളിൽ ഭൗതിക നിയമങ്ങൾ കൊണ്ട് മാത്രം ആത്യന്തിക നീതി ലഭിക്കുകയില്ലെന്നും പരമമായ നീതിയും ന്യായവും നടപ്പിലാകുന്ന ഒരു കോടതി അനിവാര്യമാണെന്നും ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. അത്തരം ഒരു പരമോന്നത കോടതിയെ കുറിച്ചുള്ള അവബോധത്തിലൂടെ മാത്രം ഈ ലോകത്തും ഒരുപാട് നന്മകൾ സ്ഥാപിക്കാനാവും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
