
അദിയ്യ് ബിന് അംറി(റ)ൽ നിന്ന് ഇമാം ഹൈസമി(റ)യും മറ്റും നിവേദനം ചെയ്യുന്നു. കന്ദ ഗോത്രക്കാരനായ ഇംറുഉൽ ഖൈസ് ബ്‌നു ആബിസ് എന്ന് പേരുള്ള ഒരാൾ, ഹളറമൗത്തിൽ നിന്നുള്ള ഒരാളുമായി തർക്കിച്ചുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. പ്രവാചകൻﷺ ഹളറമൗത്തുകാരനോട് തെളിവ് അഥവാ ബയ്യിന ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിന് തെളിവുണ്ടായിരുന്നില്ല.
അപ്പോൾ, പ്രവാചകൻﷺ ഇംറുഉൽ ഖൈസിനോട് സത്യം ചെയ്യാൻ വിധിച്ചു. അപ്പോൾ ഹളറമൗത്തുകാരൻ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് അവനെ സത്യം ചെയ്യാൻ അനുവദിച്ചിരിക്കുകയാണോ? അല്ലാഹുവാണെ സത്യം! – അല്ലെങ്കിൽ കഅ്ബയുടെ നാഥൻ സത്യം! എന്റെ ഭൂമി തീർച്ചയായും നഷ്ടപ്പെടും.”
അപ്പോൾ നബിﷺ പറഞ്ഞു: “ആരെങ്കിലും ഒരാളുടെ മുതൽ തട്ടിയെടുക്കുന്നതിനായി കള്ള സത്യം ചെയ്താൽ, മരണാനന്തരം അവൻ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അല്ലാഹു അവനോട് കോപത്തിലായിരിക്കും.
തുടർന്ന് തിരുനബിﷺ ഖുർആനിലെ മൂന്നാം അധ്യായത്തിലെ 77 ാം സൂക്തം പാരായണം ചെയ്തു. അതിൻ്റെ ആശയം ഇപ്രകാരമാണ്. “നിശ്ചയമായും, അല്ലാഹുവോടുള്ള ഉടമ്പടിയും സ്വന്തം ശപഥങ്ങളും വിലകുറഞ്ഞ പ്രതിഫലത്തിന് വിൽക്കുന്നവരാരോ, അവർക്ക് പരലോകത്ത് യാതൊരു ഓഹരിയുമില്ല.”
അപ്പോൾ ഇംറുഉൽ ഖൈസ് അഥവാ സത്യം ചെയ്യാൻ ആവശ്യപ്പെട്ടയാൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേﷺ, എന്നാൽ ആ അവകാശം ഉപേക്ഷിക്കുന്നവന് എന്തു ലഭിക്കും?” തിരുനബിﷺ പറഞ്ഞു: “സ്വർഗ്ഗം.”
അപ്പോൾ ഇംറുഉൽ ഖൈസ് പറഞ്ഞു: “അങ്ങനെയാണെങ്കിൽ, ഞാൻ അത് മുഴുവനായും അവന് അഥവാ ഹളറമൗത്തുകാരന് വിട്ടുകൊടുത്തിരിക്കുന്നു എന്ന് അങ്ങ് സാക്ഷി നിന്നാലും.”
ന്യായാധിപന്റെയും ആത്മസംസ്കരണത്തിന്റെ മുറബ്ബിയുടെയും റോളിൽ ഒരേസമയത്ത് തിരുനബിﷺ പ്രത്യക്ഷപ്പെടുകയാണിവിടെ. തിരുനബിﷺ മുന്നോട്ടു വച്ച മുഴുവൻ നിയമ വ്യവസ്ഥിതികളിലും ആത്മീയമായ ഒരു അന്തർധാര ചേർന്ന് നിൽക്കുന്നു. ശരിയായ രീതിയിലേക്കും നന്മയിലേക്കും മനുഷ്യൻ എത്തിച്ചേരണമെങ്കിൽ ഭൗതികമായ കോടതി വ്യവഹാരങ്ങൾ മാത്രം പോരാ. ആത്മീയമായ വിചാരവും പരമോന്നതമായ ഒരു പരലോക കോടതിയെ കുറിച്ചുള്ള ചിന്തയും അനിവാര്യമാണ്. ഈ ലോകം താൽക്കാലികമാണെന്നും ഇവിടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ ഭൗതികമായ നിമിത്തങ്ങൾ സ്ഥാപിക്കുക വഴി ചിലപ്പോൾ സാധിച്ചേക്കുമെന്നും എന്നാൽ ആത്യന്തികമായ നീതിയും ന്യായവും നടപ്പിലാക്കുന്ന ഒരു ലോകവും കോടതിയും വരാനുണ്ടെന്നും കൃത്യമായി മനുഷ്യഹൃദയങ്ങളിൽ സ്ഥാപിക്കുമ്പോഴാണ് മനുഷ്യൻ നേർവഴിക്ക് സഞ്ചരിക്കുക.
നാം ഇവിടെ വായിച്ച ഉദാഹരണത്തിൽ ഭൗതികമായ ഒരു കോടതിക്ക് എവിടെ വരെ എത്താമെന്നും ചിലപ്പോഴൊക്കെ അതിനപ്പുറത്തും നീതിയും ന്യായവും ഉണ്ടാകാമെന്നും അവിടെയൊക്കെ അവകാശം നിഷേധിക്കപ്പെടുന്നവന് തൽക്കാലം ക്ഷമിക്കേണ്ടി വന്നേക്കുമെന്നും നാം മനസ്സിലാക്കുകയാണ്. വാദിയുടെയും പ്രതിയുടെയും ഹൃദയങ്ങളെ കീഴടക്കുകയും നന്മ ചിന്തിക്കാനും നല്ലതിലേക്ക് നടക്കാനും പ്രേരിപ്പിക്കുകയും ചെയ്യുമ്പോൾ ഒരു വിധികർത്താവിന്റെ ഇടപെടലില്ലാതെ തന്നെ അവർക്കിടയിൽ നിറഞ്ഞ മനസ്സോടെ നന്മകൾ സ്ഥാപിക്കപ്പെടും, അതിൻ്റെ ധന്യമായ ഒരു മുഹൂർത്തമാണ് നാം കണ്ടത്. ഇതുപോലെ നൂറുകണക്കിന് ഉദാഹരണങ്ങൾ ഇസ്‌ലാമിക കോടതി വ്യവഹാരങ്ങളിൽ കടന്നുപോയിട്ടുണ്ട്. അവിടെയെല്ലാം വില്ലനായി എത്തിച്ചേരുന്നത് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആത്മീയ അന്തർധാരയാണ്. അതിലൂടെയാണ് ആത്യന്തികമായ നന്മയും നീതിയും ആനന്ദത്തോടെ വായിക്കാൻ ലോകത്തിന് അവസരം ലഭിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
