
കാരുണ്യവും മനുഷ്യപ്പറ്റും നിറഞ്ഞ നിയമസമീപനങ്ങളായിരുന്നു തിരുനബിﷺ മുന്നോട്ടുവച്ചത്. ശിക്ഷാ നടപടികൾ ഏറ്റുവാങ്ങുന്നതിനു മുമ്പ് ഒരാൾക്ക് നന്നാകാനുള്ള ഏതെല്ലാം അവസരമുണ്ടോ അതെല്ലാം തുറന്നുകൊടുക്കുക തിരുനബിﷺയുടെ രീതിയായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു മനുഷ്യൻ വന്നു പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേﷺ, ഞാൻ ശിക്ഷ അർഹിക്കുന്ന ഒരു കുറ്റകൃത്യം ചെയ്തിരിക്കുന്നു. അത് എന്നിൽ നടപ്പാക്കേണമേ.” തിരുനബിﷺ അതിനെക്കുറിച്ച് ചോദിച്ചില്ല. അപ്പോഴേക്കും നിസ്കാരസമയമായി, അദ്ദേഹം നബിﷺയോടൊപ്പം നിസ്കരിച്ചു. തിരുനബിﷺ നിസ്കാരം പൂർത്തിയാക്കിയപ്പോൾ, ആ മനുഷ്യൻ അടുത്തേക്ക് വന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേﷺ, ഞാൻ ഒരു ശിക്ഷ അർഹിക്കുന്ന ഒരു കാര്യം ചെയ്തിരിക്കുന്നു. അങ്ങ് അല്ലാഹുവിന്റെ ഗ്രന്ഥപ്രകാരം എന്നിൽ അത് നടപ്പാക്കേണമേ.” അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: നീ ഞങ്ങളോടൊപ്പം നിസ്കരിച്ചില്ലേ? അദ്ദേഹം പറഞ്ഞു: അതെ. നബി ﷺ പറഞ്ഞു: “അങ്ങനെയാണെങ്കിൽ, നിന്റെ പാപം അല്ലാഹു പൊറുത്തിരിക്കുന്നു,” അല്ലെങ്കിൽ ”നിന്റെ ശിക്ഷ അവൻ ഒഴിവാക്കിയിരിക്കുന്നു.”
പശ്ചാത്താപത്തിന് ഒരു വ്യക്തിയെ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പെട്ടതാണ് സൽകർമങ്ങൾ വർദ്ധിപ്പിക്കാനും അധികരിപ്പിക്കാനും ശ്രദ്ധിക്കുക എന്നത്. അങ്ങനെയാകുമ്പോൾ അവ അവന്റെ ജീവിതത്തിലും മനസ്സിലും ആധിപത്യം സ്ഥാപിക്കും. ഇപ്രകാരം തിന്മകളെ മായ്ച്ചുകളയുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് നിസ്കാരം.
അനസ് ബ്നു മാലിക്(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം. അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ ഇരിക്കുമ്പോൾ ഒരാൾ വന്ന് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിൻ്റെ റസൂലേﷺ, ശിക്ഷാർഹമായ ഒരു പാപം ഞാൻ ചെയ്തുപോയി. അദ്ദേഹം തൻ്റെ പാപം എന്താണെന്ന് പറഞ്ഞില്ല. നിസ്കാരത്തിന് ശേഷവും അയാൾ ചോദ്യം ആവർത്തിച്ചിട്ടും നബിﷺ അദ്ദേഹത്തോട് പാപത്തെക്കുറിച്ച് ചോദിച്ചില്ല. മറിച്ച് അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചത്, “നീ ഞങ്ങളോടൊപ്പം നിസ്കരിച്ചില്ലേ?” എന്നാണ്.
അങ്ങനെ, തൻ്റെ നിസ്കാരം പാപം പൊറുക്കാൻ കാരണമായി എന്ന് നബിﷺ അദ്ദേഹത്തെ അറിയിച്ചു. പ്രത്യേകിച്ചും, ആ നിസ്കാരത്തോടൊപ്പം തൻ്റെ പശ്ചാത്താപത്തെയും കുറ്റസമ്മതത്തെയും സൂചിപ്പിക്കുന്ന കാര്യങ്ങൾ ചേർന്നപ്പോൾ ആശയം വ്യക്തമായി. ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ, പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലും നീ നിസ്‌കാരം നിലനിർത്തുക. തീർച്ചയായും സൽകർമങ്ങൾ ദുഷ്കർമങ്ങളെ നീക്കിക്കളയും. ഹൂദ് അധ്യായത്തിലെ 114 ആം സൂക്തത്തിൻ്റെ ആശയമാണിത്.
നിസ്കാരം പോലുള്ളവയും അല്ലാത്തവയും ചെറുപാപങ്ങളെ മായ്ച്ചുകളയും എന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ വൻപാപങ്ങൾക്ക്, അതിൻ്റെ നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള പൂർണ്ണമായ പശ്ചാത്താപം ആവശ്യമാണ്.
ഇവിടെ ‘ഹദ്ദ്’ എന്ന് പറഞ്ഞത്, വലിയ പാപങ്ങളിൽപ്പെട്ട, ശരിയായ ‘ഹദ്ദ്’ ആവശ്യമുള്ളതിനെ കുറിച്ചല്ല, മറിച്ച് പാപത്തെക്കുറിച്ച് മാത്രമുള്ള ഒരു പ്രയോഗമാണ് എന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. കാരണം, തിരുനബിﷺ അദ്ദേഹത്തെ ശിക്ഷിച്ചില്ല. മറ്റൊരു അഭിപ്രായമനുസരിച്ച്, ശിക്ഷ നിർബന്ധമാക്കുന്ന ഒരു തെറ്റാണ് അയാൾ ചെയ്തത്. എങ്കിലും, അയാൾ അത് വ്യക്തമാക്കാതിരുന്നതിനാൽ, അത് നിർബന്ധമാകാതിരിക്കാൻ വേണ്ടി നബിﷺ മൗനം പാലിക്കുകയും കൂടുതൽ അന്വേഷിക്കാതിരിക്കുകയും ചെയ്തു. ഒരു പരാതിക്കാരനോ വാദിയോ ഇല്ല എന്നുള്ളതും ഈ ഹദീസിലെ സംഭവത്തിന്റെ പ്രത്യേകതയാണ്.
ഹദീസിൽ, അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വ്യാപ്തിയും അവൻ പശ്ചാത്തപിക്കുന്നവരെ സ്വീകരിക്കും എന്നതിൻ്റെ പ്രഖ്യാപനവുമാണ്.
