Tweet 1237

    Tweet 1237
    November 2, 2025 • Sunday
    Post Header

    മഹതി ആഇശ(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. കാൽ ദീനാറിന് മേലെയുള്ള മോഷ്ടാവിന്റെ കരം ഛേദിക്കുക ശിക്ഷാ നടപടിയായി തിരുനബിﷺ പ്രഖ്യാപിച്ചിരുന്നു.

    ശരീഅത്തിലെ ഈ കൈവെട്ടൽ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിബന്ധനകളും ഈ ശിക്ഷ അർഹിക്കുന്ന മോഷണക്കുറ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളും സുന്നത്ത് അഥവാ പ്രവാചകചര്യ വിശദീകരിച്ചിട്ടുണ്ട്. ഈ ഹദീസിൽ, തിരുനബിﷺ പറയുന്നു: “കാൽ ദീനാറിന് കൈ വെട്ടപ്പെടും” ഇത് കൽപനയുടെ അർത്ഥത്തിലുള്ള ഒരു അറിയിപ്പാണ്. അതായത് ഒരു കാൽ ദീനാറോ അതിൽ കൂടുതലോ മോഷ്ടിച്ചതിന് കള്ളന്റെ കൈ വെട്ടുക.
    കൂടാതെ “ഫസ്വാഇദൻ അതിലും കൂടുതലാണെങ്കിൽ എന്നും പറയുന്നു. അതായത് അതിൽ കൂടുതലെന്തെങ്കിലും മോഷ്ടിച്ചാലും കൈ വെട്ടണം. മോഷ്ടിച്ച വസ്തു എന്തുതന്നെയായാലും, കള്ളന്റെ കൈ വെട്ടപ്പെടുന്നതിൻ്റെ മൂല്യം എത്രയായിരിക്കണം എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. മോഷ്ടിക്കപ്പെട്ടത് കൃത്യമായി കാൽ ദീനാർ ആയിരിക്കണം എന്നില്ല. കാൽ ദീനാറിനോ അതിൽ കൂടുതലോ മൂല്യമുള്ള ഏതൊരു വസ്തു മോഷ്ടിക്കപ്പെട്ടാലും അവന്റെ കൈ കൈപ്പത്തിയുടെ സന്ധിയിൽ നിന്ന് വെട്ടപ്പെടും.
    ഒരു ദീനാർ എന്നത് ഒരു മിസ്ഖാൽ, ഏകദേശം 4.25 ഗ്രാം സ്വർണ്ണമാണ്. അതിനാൽ, കാൽ ദീനാർ ഏകദേശം ഒരു ഗ്രാം ആയിരിക്കും.

    ഈ നിയമങ്ങൾ ഒന്നും വ്യക്തികൾക്ക് നടപ്പിലാക്കാനുള്ളതല്ല. വ്യവസ്ഥാപിതമായ ഭരണകൂടവും അധികാര സംവിധാനവും നിയമപരമായ വിസ്താരങ്ങൾക്കും ന്യായവിധികളുടെ നടപടിക്രമങ്ങളിലൂടെയുമാണ് നിർവഹിക്കപ്പെടേണ്ടത്. വ്യക്തികൾക്കോ കൽപിത കൂട്ടായ്മകൾക്കോ പ്രാദേശിക സംവിധാനങ്ങൾക്കോ ഒന്നും ഇത്തരം നടപടികൾ കൈക്കൊള്ളാൻ അധികാരമില്ല. ഇസ്‌ലാമിക നിയമനിഷ്ടങ്ങൾ പ്രകാരം കുറ്റവും ശിക്ഷയും അതിസൂക്ഷമമായി വിലയിരുത്തപ്പെടേണ്ടതും നടപ്പിലാക്കുന്നതിന് മുമ്പ് ഒരുപാട് മാനങ്ങൾ പരിഗണിക്കപ്പെടേണ്ടതുമാണ്.

    ഏതു കുറ്റവും ശിക്ഷയും ചർച്ച ചെയ്യുമ്പോഴും കാരുണ്യവും ദയയും തിരുനബിﷺയുടെ മുഖമുദ്രയായിരുന്നു. നിവേദന പരമ്പര അത്ര പ്രബലമല്ലെങ്കിലും ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്.

    അബൂ മത്വർ(റ) പറയുന്നു:
    ഒട്ടകത്തെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു വ്യക്തിയെ അലി(റ)യുടെ അടുക്കൽ കൊണ്ടുവരുന്നത് ഞാൻ കണ്ടു. അവർ പറഞ്ഞു: ഇവൻ ഒരു ഒട്ടകത്തെ മോഷ്ടിച്ചിരിക്കുന്നു. അപ്പോൾ അലിയ്യ്(റ) ചോദിച്ചു: നീ മോഷ്ടിച്ചതായി എനിക്ക് തോന്നുന്നില്ലല്ലോ? അയാൾ പറഞ്ഞു: അല്ല, ഞാൻ മോഷ്ടിച്ചു. അലിയ്യ്(റ) ചോദിച്ചു: അതോ, നിനക്ക് എന്തെങ്കിലും തെറ്റിദ്ധാരണ വന്നതോ? അയാൾ പറഞ്ഞു: അല്ല, ഞാൻ തന്നെയാണ് മോഷ്ടിച്ചത്. അങ്ങനെ കുറ്റം സമ്മതിച്ച ശേഷം അലിയ്യ്(റ) പറഞ്ഞു: ”കുൻബറേ, നീ അവനെക്കൊണ്ട് പോവുക. അവൻ്റെ വിരലിൽ കയറിട്ട് മുറുക്കുക. എന്നിട്ട് തീ കത്തിക്കുക. കൈ മുറിക്കാൻ വേണ്ടി കശാപ്പുകാരനെ വിളിക്കുക. ഞാൻ വരുന്നത് വരെ കാത്തിരിക്കുക.”

    അലിയ്യ്(റ) വന്നപ്പോൾ, അദ്ദേഹം അവനോട് ചോദിച്ചു: നീ മോഷ്ടിച്ചോ? അയാൾ മറുപടി പറഞ്ഞു: ഇല്ല.
    അപ്പോൾ അലിയ്യ്(റ) അവനെ വെറുതെ വിട്ടു.
    അവർ (കൂട്ടത്തിലുണ്ടായിരുന്നവർ) ചോദിച്ചു: ഓ അമീറുൽ മുഅ്മിനീൻ, അവൻ കുറ്റം സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് അങ്ങ് അവനെ വെറുതെ വിട്ടത്? അലിയ്യ്(റ) പറഞ്ഞു: ”അവൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഞാൻ അവനെ പിടികൂടിയത്, അതുപോലെ അവൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാൻ അവനെ വിടുകയും ചെയ്യുന്നു.”
    ശേഷം അലിയ്യ്(റ) പറഞ്ഞു: മോഷ്ടിച്ച ഒരു വ്യക്തിയെ നബിﷺയുടെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് കൈ വെട്ടാൻ കൽപ്പിച്ചു. എന്നിട്ട് നബിﷺ കരഞ്ഞു. അപ്പോൾ ചോദിക്കപ്പെട്ടു: അല്ലാഹുവിൻ്റെ റസൂലേﷺ, അങ്ങ് എന്തിനാണ് കരയുന്നത്? അവിടുന്ന് പറഞ്ഞു: എൻ്റെ സമുദായം നിങ്ങളുടെ ഇടയിൽ വെച്ച് ശിക്ഷിക്കപ്പെടുമ്പോൾ ഞാനെങ്ങനെ കരയാതിരിക്കും! അവർ ചോദിച്ചു: ”അല്ലാഹുവിൻ്റെ റസൂലേﷺ, അങ്ങേക്ക് അവന് മാപ്പ് നൽകിക്കൂടായിരുന്നോ? അവിടുന്ന് പറഞ്ഞു: നിയമപരമായ ശിക്ഷകൾക്ക് മാപ്പ് നൽകുന്നവൻ ദുഷിച്ച ഭരണാധികാരിയാണ്. എന്നാൽ, നിങ്ങൾ പരസ്പരം മാപ്പ് നൽകുക.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...