
ഇബ്നുൽ മുലഖിൻ(റ), അൽ-ബദ്റുൽ മുനീറിൽ ഉദ്ധരിക്കുന്നു. സഫ്‌വാൻ ഇബ്‌നു ഉമയ്യ(റ) പള്ളിയിൽ ഉറങ്ങുകയും തൻ്റെ പുതപ്പ് തലയിണയാക്കുകയും ചെയ്തു. അപ്പോൾ ഒരു കള്ളൻ വന്ന് അദ്ദേഹത്തിൻ്റെ തലയുടെ അടിയിൽ നിന്ന് അതെടുത്തു. സഫ്‌വാൻ(റ) ആ കള്ളനെ പിടികൂടി തിരുനബിﷺയുടെ അടുത്തേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അവൻ്റെ കൈ ഛേദിക്കാൻ കൽപ്പിച്ചു. സഫ്‌വാൻ(റ) പറഞ്ഞു: ”അല്ലാഹുവിൻ്റെ ദൂതരെﷺ, ഞാൻ ഇതല്ല ഉദ്ദേശിച്ചത്. ഈ മുതൽ അവന് ദാനമായി നൽകിയിരിക്കുന്നു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: ”നീ അവനെ എൻ്റെ അടുക്കൽ കൊണ്ടുവരുന്നതിനു മുമ്പ് എന്തുകൊണ്ട് അത് ചെയ്തില്ല?”
ഈ ഹദീസിന്റെ ഒരു പശ്ചാത്തലവും വിശദീകരണവും ലളിതമായി ഇങ്ങനെ വായിക്കാം. മോഷണം ദോഷകരമായ തിന്മകളിൽ ഒന്നാണ്. അത് മറ്റുള്ളവരുടെ അവകാശങ്ങളോടുള്ള അതിക്രമവും അനീതിയുമാണ്. അതുകൊണ്ടാണ് ഇസ്‌ലാം അതിനെ നിരോധിക്കുകയും മോഷ്ടാവിന്റെ കൈ ഛേദിക്കുക എന്ന ശിക്ഷ അഥവാ ഹദ്ദ് നിശ്ചയിക്കുകയും ചെയ്തത്. ഈ ഹദീസിൽ സഫ്‌വാൻ ഇബ്‌നു ഉമയ്യ(റ) പറയുന്നു: “തീർച്ചയായും അദ്ദേഹം കഅ്ബയെ ത്വവാഫ് ചെയ്യുകയും നിസ്‌കരിക്കുകയും ചെയ്തു. പിന്നീട്, തൻ്റെ വസ്ത്രം തലയിണ പോലെയാക്കി. അത് തലയുടെ അടിയിൽ വെച്ച് ഉറങ്ങി. അപ്പോൾ ഒരു കള്ളൻ അദ്ദേഹത്തിൻ്റെ അടുത്തുവന്നു, അവൻ അത് തലയുടെ അടിയിൽ നിന്ന് വലിച്ചൂരി എടുത്തു കളഞ്ഞു.” അതായത്, സഫ്‌വാന്റെ(റ) തലയുടെ അടിയിൽ നിന്ന് ആ പുതപ്പ് മോഷ്ടിച്ചെടുത്തു.
അപ്പോൾ അദ്ദേഹം അവനെ പിടികൂടി തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവന്നു. ന്യായവിധി നടപ്പിലാക്കാനുള്ള തിരുനബിﷺയുടെ മുന്നിൽ ഇവൻ എൻ്റെ പുതപ്പ് മോഷ്ടിച്ചതാണ് എന്ന ആവലാതി പറഞ്ഞു.
അപ്പോൾ പിടിക്കപ്പെട്ടവനോട് തിരുനബിﷺ ചോദിച്ചു. “നീ ഇവൻ്റെ പുതപ്പ് മോഷ്ടിച്ചോ?” “അതെ.”
കർമശാസ്ത്ര വീക്ഷണപ്രകാരം കൈ ഛേദിക്കപ്പെടുന്ന മോഷണമെന്നാൽ, പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാൾ മറ്റൊരാൾക്ക് ഉടമസ്ഥതയുള്ളതും, അതിൽ അവന് യാതൊരു അവകാശവും ഇല്ലാത്തതുമായ, നിശ്ചിത മൂല്യത്തിൽ കുറയാത്ത മുതലിനെ രഹസ്യമായി എടുക്കുക എന്നാണ്. മോഷണത്തിനുള്ള നിശ്ചിത മൂല്യം/നിസ്വാബ് കാൽ ദീനാർ ഏകദേശം ഒരു ഗ്രാം സ്വർണ്ണം അല്ലെങ്കിൽ അതിൻ്റെ മൂല്യമാണ്. മോഷണത്തിനുള്ള ശിക്ഷ നടപ്പാക്കുന്നതിനുള്ള നിബന്ധനകളിൽ, മോഷ്ടിക്കപ്പെട്ട വസ്തു ‘ഹിർസ്’ – അതായത് സംരക്ഷിക്കപ്പെട്ട സ്ഥലത്ത് – നിന്നായിരിക്കുകയും വേണം. ‘ഹിർസ്’ എന്നാൽ വസ്തുവിനെ എടുക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതുമാണ്. അത് വീടുകൾ, ഖജനാവുകൾ പോലുള്ള സ്ഥലങ്ങൾ വഴിയോ, അല്ലെങ്കിൽ വസ്തുവിന് കാവൽക്കാരൻ/കണ്ണുണ്ടാകുക വഴിയോ ആവാം. ആചാരപ്രകാരം ഒരു വസ്തുവിനെ സംരക്ഷിക്കാൻ ഉചിതമായതെല്ലാം ഹിർസ് ആണ് എന്ന് പറയാം.
ഹദീസിൽ പരാമർശിക്കപ്പെട്ട സംഭവത്തിൽ നിസ്കാരത്തിനു ശേഷം തിരുനബിﷺ പറഞ്ഞു: “നിങ്ങൾ രണ്ടുപേരും അവനോടൊപ്പം പോയി അവൻ്റെ കൈ ഛേദിക്കുക.” അതായത്, മോഷണത്തിനുള്ള ശിക്ഷ അവൻ്റെ മേൽ നടപ്പാക്കാൻ അവിടുന്ന് സ്വഹാബികളോട് കൽപ്പിച്ചു. തിരുനബിﷺയുടെ തിരുകരങ്ങൾ കൊണ്ട് ശിക്ഷാവിധികൾ നടപ്പാക്കിയിരുന്നില്ല എന്നതിലേക്കുള്ള സൂചനയും കൂടിയാണ് ഈ പ്രയോഗം. ശിക്ഷ നടപ്പിലാക്കാൻ പറഞ്ഞപ്പോൾ സഫ്‌വാന്(റ) കള്ളനോട് ദയ തോന്നി. അദ്ദേഹം നബിﷺയോട് പറഞ്ഞു: “എൻ്റെ പുതപ്പിന്റെ പേരിൽ അവൻ്റെ കൈ ഛേദിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.” അതായത്, എൻ്റെ പുതപ്പ് മോഷ്ടിച്ചതിൻ്റെ പേരിൽ അവൻ്റെ കൈ ഛേദിക്കപ്പെടുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, അവൻ്റെ പ്രവൃത്തിക്ക് അവന് ശിക്ഷ നൽകപ്പെടണം എന്ന് മാത്രമായിരുന്നു എൻ്റെ ഉദ്ദേശ്യം.
അപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു: “നീ എന്നെ സമീപിക്കുന്നതിനു മുമ്പായി അത് (മാപ്പ്) ചെയ്തിരുന്നെങ്കിൽ.” അതായത്, നീ എന്നെ സമീപിക്കുന്നതിനു മുമ്പ് അവന് മാപ്പ് നൽകിയിരുന്നെങ്കിൽ, നിൻ്റെ മാപ്പ് മതിയാകുമായിരുന്നല്ലോ? എന്നാൽ നീ അവനെ എൻ്റെ അടുത്തേക്ക് കൊണ്ടുവന്ന സ്ഥിതിക്ക്, അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപ്പിലാക്കുകയല്ലേ വേണ്ടത്?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
