
തിരുനബിﷺയുടെ അധ്യാപനങ്ങളിലെ വിധിന്യായങ്ങൾക്കിടയിൽ ശിക്ഷാനടപടികളെ കുറിച്ച് മാനവികവും വിചാരപരവുമായ സമഗ്ര വീക്ഷണങ്ങളുണ്ട്. അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് ഇമാം അബൂദാവൂദും(റ) മറ്റും നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്.
“നിങ്ങൾക്കിടയിലുള്ള ശിക്ഷകൾ നിങ്ങൾ തന്നെ വിട്ടുവീഴ്ച ചെയ്യുക. എന്റെ അടുക്കലേക്ക് തന്ന ഏതു ശിക്ഷാവിധിയും ഞാൻ നടപ്പിലാക്കേണ്ടി വരും.”
ജനങ്ങൾക്കിടയിൽ കുറ്റങ്ങൾ സംഭവിച്ചാൽ വിട്ടുവീഴ്ച ചെയ്യാനുള്ള വിചാരത്തെയാണ് തിരുനബിﷺ പ്രേരിപ്പിക്കുന്നത്. പരസ്പരം കണ്ടറിഞ്ഞും സദുപദേശങ്ങൾ നൽകിയും തിരുത്തിയും തിരുത്തിച്ചും നന്മയും ഗുണകാംക്ഷയും നിലനിർത്തുക. നീതിപീഠത്തിലേക്ക്, ഭരണാധികാരിയുടെ മുമ്പിലേക്ക് പ്രശ്നം ആരാഞ്ഞു കഴിഞ്ഞാൽ പിന്നെ വിധി നടപ്പിലാക്കുകയെ നിർവാഹമുള്ളൂ. അതുകൊണ്ട് എൻ്റെ അടുക്കൽ എത്തുന്നതിനു മുമ്പ് തന്നെ നിങ്ങൾക്കിടയിൽ വിടുതിയും ക്ഷേമവും നിലനിർത്തുക.
സമഗ്രവും മനുഷ്യത്വപരവുമായ വലിയൊരു ആശയത്തെയാണ് തിരുനബിﷺ ഇതുവഴി പങ്കുവെച്ചിട്ടുള്ളത്. നീതിപീഠങ്ങൾക്കും ന്യായാധിപന്മാർക്കും നിയമത്തിന്റെയും പൊതുക്ഷേമത്തിന്റെയും മുന്നിൽ നിന്നുകൊണ്ട് മാത്രമേ വിഷയങ്ങളെ സമീപിക്കാനാവൂ.
ഇതേ ആശയം തന്നെ പ്രകാശിപ്പിക്കുന്ന പരാമർശങ്ങളും സമീപനങ്ങളും പല സന്ദർഭങ്ങളിലും തിരുനബിﷺയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. സഈദ് ഇബ്നു മുസയ്യബ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഹേയ് ഹസ്സാൽ, നിനക്ക് നാശം! നീ അവനെ അതായത് മാഇസിനെ നിന്റെ വസ്ത്രം കൊണ്ട് നീ മറച്ചിരുന്നുവെങ്കിൽ, അത് നിനക്ക് നല്ലതായിരുന്നു.”
ഒരു വ്യഭിചാര കുറ്റത്തിന് ശിക്ഷാ നടപടി സ്വീകരിച്ച പശ്ചാത്തലത്തെ കുറിച്ചാണ് മേൽ ഹദീസ് നമ്മോട് സംസാരിക്കുന്നത്.
മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ ധാർമിക കുറ്റകൃത്യങ്ങളിൽ ഒന്നാണ് വ്യഭിചാരം. ഇത് ഇസ്‌ലാമിൽ വലിയ പാപങ്ങളിൽ പെടുന്നു. കാരണം, ഇത് വ്യക്തിപരമായ സദാചാരങ്ങളെ ലംഘിക്കുന്നു. വ്യഭിചാരത്തിനുള്ള ശിക്ഷ അഥവാ ഹദ്ദ് വളരെ വേദനാജനകമാണ്. കുറ്റവാളി വിവാഹിതനോ അല്ലെങ്കിൽ മുമ്പ് വിവാഹം കഴിച്ചിട്ടുള്ളയാളോ ആണെങ്കിൽ, അത് ജീവനെടുക്കുന്നത് വരെയാകാം. അത്തരക്കാരെ ‘മുഹ്‌സൻ’ എന്ന് വിളിക്കുന്നു. മേൽ ഹദീസിൽ, ഹസ്സാൽ ബിൻ യസീദ് മാഇസ് അൽ-അസ്ലമിയോട് പറഞ്ഞു. നീ ചെയ്ത തെറ്റ് നീ തന്നെ നബിﷺയോട് പോയിപ്പറയുക. പ്രവാചകൻﷺ വിധികല്പിക്കട്ടെ.
അങ്ങനെ മാഇസ് പ്രവാചകന്റെﷺ അടുക്കൽ പോയി കാര്യം അറിയിച്ചു. പ്രവാചകൻﷺ അദ്ദേഹത്തെ അവഗണിച്ചു. മാഇസ് പലതവണ പറഞ്ഞിട്ടും പ്രവാചകൻﷺ അവഗണിക്കുകയും ചെയ്തു. കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനും പ്രാമാണികമാകാനുമായിരുന്നു ഇത് എന്നും ഒരു വ്യാഖ്യാനം. അല്ലെങ്കിൽ വ്യഭിചാരത്തിനുള്ള വിധി ശരിയാകാനുള്ള ഒരു ഉപാധിയായിരുന്നു അത്, എങ്കിൽ മാത്രമേ വിധി നിർബന്ധമാവുകയുള്ളൂ എന്നും പറയപ്പെടുന്നു. തുടർന്ന് തിരുനബിﷺ മാഇസിന്റെ ജനങ്ങളോട് അദ്ദേഹം ഭ്രാന്തനാണോ എന്ന് ചോദിച്ചു. അവർ ഭ്രാന്തനല്ല എന്ന് പറഞ്ഞു.
ശിക്ഷ ഒഴിവാക്കാനുള്ള എന്തെങ്കിലും സാധ്യതകളുണ്ടോ എന്നുള്ള അന്വേഷണമായിരുന്നു അത്. ശുബ്ഹത്ത് അഥവാ സംശയങ്ങളിലൂടെ ശിക്ഷകൾ ഒഴിവാക്കുക എന്ന തത്വത്തിന്റെയും ഭാഗമാണിത്. മാഇസിന്റെ മേൽ വ്യഭിചാരത്തിനുള്ള ശിക്ഷ ഉറപ്പായപ്പോൾ, അദ്ദേഹം അവിവാഹിതനാണോ വിവാഹിതനാണോ എന്ന് ചോദിച്ചു. ഇവർ തമ്മിലുള്ള വ്യത്യാസം ഇതാണ്: അവിവാഹിതന് നൂറ് അടിയാണ് ശിക്ഷ. എന്നാൽ, വിവാഹിതനാണെങ്കിൽ കല്ലെറിഞ്ഞ് കൊല്ലലാണ്/റജ്മ്. അതായത് മരണം വരെ കല്ലുകൾ കൊണ്ട് എറിയുക. അപ്പോൾ മാഇസ് താൻ വിവാഹിതനാണെന്ന് അറിയിച്ചു. തുടർന്ന് പ്രവാചകൻﷺ അദ്ദേഹത്തെ കല്ലെറിഞ്ഞു കൊല്ലാൻ ഉത്തരവിട്ടു. അതിനുശേഷം പ്രവാചകൻﷺ ഹസ്സാലിനോട് പറഞ്ഞു: ”ഹേയ് ഹസ്സാൽ, നീ നിന്റെ മേൽവസ്ത്രം കൊണ്ട് അവനെ മറച്ചിരുന്നുവെങ്കിൽ അത് നിനക്ക് നല്ലതായിരുന്നു.” ഹസ്സാലാണല്ലോ മാഇസിനോട് പോയി കാര്യം ഏറ്റുപറയാൻ ആവശ്യപ്പെട്ടത്. അവനെ മൂടുന്നത് നിനക്ക് കൂടുതൽ ഉത്തമവും അഭികാമ്യവുമായിരുന്നു എന്ന് അവനെ പഠിപ്പിക്കാനാണ് ഈ വാക്ക് പറഞ്ഞത്.
ഒരു മുസ്‌ലിം മറ്റൊരാളുടെ തെറ്റ് മറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നതും അഭികാമ്യവുമാണെങ്കിൽ, ഒരാൾ സ്വന്തം തെറ്റുകൾ മറയ്ക്കുന്നതാണ് അവന് ഏറ്റവും ഉത്തമം. അവൻ ചെയ്ത തെറ്റിന് അവൻ പശ്ചാത്താപിക്കുകയും വേണം. ഈ ഹദീസിൽ നിന്ന് മനസ്സിലാക്കേണ്ടത്, ഒരു വ്യക്തി തന്റെ സഹോദരന്റെ പാപം മറച്ചുവെക്കണം. അവൻ അല്ലാഹുവിന്റെ മുന്നിൽ പശ്ചാത്തപിക്കാൻ അവനെ ഉപദേശിക്കുകയും വേണം. അതുപോലെ, ഒരാൾക്ക് ശിക്ഷ വിധിക്കപ്പെടുന്ന വലിയ പാപങ്ങൾ/കബാഇർ ചെയ്തതിൽ സ്വന്തം കാര്യത്തിൽ മറച്ചുവെച്ച്, അതിൽ പശ്ചാത്തപിക്കുകയും ഖേദിക്കുകയും ആ പ്രവൃത്തി ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് സ്വന്തം കാര്യത്തിൽ അത് ഏറ്റുപറയുന്നതിനേക്കാൾ ഉത്തമം എന്നതും ഇതിലൂടെ വ്യക്തമാകുന്നു.
കുറ്റങ്ങളോടും കുറ്റവാളികളോടും മാനുഷികമായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണം സമീപിക്കണമെന്ന് പറയാൻ ഇതിലേറെ വിശാലമായ ഏത് അധ്യായമാണ് നമുക്ക് വായിക്കേണ്ടത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
