Tweet 1229

    Tweet 1229
    October 25, 2025 • Saturday
    Post Header

    തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളും അന്നു നടപ്പിലുണ്ടായിരുന്ന സമ്പ്രദായങ്ങളോട് സമീപിച്ച രീതികളുമാണ് പല ഉദാഹരണങ്ങളും സംഭവങ്ങളും മുന്നില്‍ വച്ചുകൊണ്ട് കഴിഞ്ഞ അധ്യായങ്ങളിൽ നാം വായിച്ചത്. നീതിയും ന്യായവും അവകാശങ്ങളും മുന്നിൽവച്ച് കൊണ്ടുള്ള മൂല്യാധിഷ്ഠിതമായ ഒരു സാമ്പത്തിക വിചാരത്തെയാണ് തിരുനബിﷺ മുന്നോട്ടുവച്ചത്.

    ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയെ ആധികാരികമായും കൃത്യമായും പഠനവിധേയമാക്കിയാൽ ആദ്ധ്യാത്മികമായ ഒരു അന്തർധാര കൂടി ചേർത്തുവച്ചിരിക്കുന്നത് കൊണ്ട് വ്യവഹാരങ്ങൾക്കിടയിൽ സൂക്ഷ്മത പാലിക്കൽ ഓരോ വിശ്വാസിക്കും അനിവാര്യമായി വരും. ചൂഷണത്തിന്റെയും തെറ്റിദ്ധാരണകളുടെയും മുഴുവൻ പ്രത്യക്ഷമായ ഇടങ്ങളെയും അടച്ചു പിടിക്കുമ്പോഴും ഏതെങ്കിലും പഴുതിലൂടെ ഇടപാടുകളിൽ കൃത്രിമം കാണിച്ചാൽ പരലോകത്ത് ഓരോ ഇടപാടുകളെക്കുറിച്ചും കൃത്യമായ വിചാരണയുണ്ട് എന്ന ആത്മീയവിചാരം സത്യസന്ധമായ ഇടപാടുകൾക്ക് ഓരോ വിശ്വാസിയേയും പ്രേരിപ്പിക്കുന്നു. ഇതെല്ലാം ഒത്തുചേർന്നു നിൽക്കുമ്പോഴാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതി സമ്പൂർണ്ണതയുടെ ഉന്നതിയിൽ എത്തുന്നത്.

    സമൂഹത്തിലെ സാമ്പത്തിക ഏറ്റക്കുറച്ചിലുകൾക്കിടയിൽ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് നിരന്തരമായി മതം പ്രേരിപ്പിക്കുന്നു. വായ്പ നൽകിയതിന്റെ പേരിൽ മിച്ചം പ്രതീക്ഷിക്കുകയോ അതൊരു അവസരമായി എടുത്തു പലിശയുടെ ഇടപാടുകളിൽ വ്യാപൃതരാവുകയോ ചെയ്യരുതെന്ന് മതം നിർബന്ധമായും കൽപ്പിക്കുന്നുണ്ട്. ഭീമാകാരമായ കുറ്റങ്ങളിൽ പലിശയെ മുന്നിൽ തന്നെ എണ്ണുകയും പലിശയുടെ ലവലേശം പോലും ഒരു വിശ്വാസിയുടെ ജീവിതത്തിൽ കടന്നു വരരുതെന്ന് കൃത്യമായി നിഷ്കർഷിക്കുകയും ചെയ്യുന്നു.

    വ്യവഹാര തർക്കങ്ങളിൽ എപ്പോഴെല്ലാം തിരുനബിﷺ തീർപ്പുകൽപ്പിച്ചുവോ അപ്പോഴെല്ലാം മാനവികമായ വിചാരങ്ങളെയും വിശാലമായ സാമൂഹിക കാഴ്ചപ്പാടുകളെയും അവതരിപ്പിച്ചു കൊണ്ടാണ് വിധിനിർണയം നടത്തിയിട്ടുള്ളത്. തിരുനബിﷺയുടെ കാലത്തെ വ്യവഹാരരീതികൾ മുഴുവനും പരിശോധിച്ചാൽ വർത്തമാനകാല വ്യവഹാരങ്ങളോടു താരതമ്യപ്പെടുത്തി പഠിക്കാവുന്ന ഉദാഹരണങ്ങളായിരിക്കും അതെല്ലാം. ഇടപാടുകാർക്കിടയിൽ ഉണ്ടായിരിക്കേണ്ട സുതാര്യതകളെക്കുറിച്ച് അക്കാലത്ത് ഉപയോഗിച്ച ഉദാഹരണങ്ങൾ പുതിയ സാമ്പത്തിക ശാസ്ത്ര സങ്കേതങ്ങളോട് തുലനപ്പെടുത്താൻ മാത്രം സമഗ്രവും ആശയ വ്യക്തത ഉള്ളതുമായിരിക്കും.

    ചരക്കുകൾ മാർക്കറ്റിൽ എത്തുന്നതിനുമുമ്പ് വഴിയിൽ വച്ച് കച്ചവടം നടത്തരുത് എന്ന പ്രയോഗത്തിൽ വിൽപ്പനക്കാരനും ഉപഭോക്താവിനും നഷ്ടം വരാതിരിക്കാനുള്ള വിചാരങ്ങളെയാണ് അടയാളപ്പെടുത്തിയത്. കൊള്ളയും കൊള്ളിവെപ്പും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നല്ല സാധനങ്ങൾ പ്രദർശിപ്പിച്ചു കേടുവന്ന സാധനങ്ങൾ വിൽക്കുന്ന രീതിയും നേരിട്ടുതന്നെ മാർക്കറ്റിൽ ചെന്ന് തിരുനബിﷺ നിരോധിച്ചിട്ടുണ്ട്. ഉപഭോക്താവിനെ ചതിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പറയുമ്പോൾ എത്ര ഗൗരവതരമായിട്ടാണ് ഇത്തരം കച്ചവടങ്ങളെ തിരുനബിﷺ നിരുത്സാഹപ്പെടുത്തിയത്.

    ഓൺലൈൻ ബിസിനസുകളും ഇലക്ട്രോണിക് ഇടപാടുകളും കറൻസി ഇല്ലാത്ത മാർക്കറ്റിംഗ് സംസ്കാരവും എല്ലാം ചേർത്തു വായിച്ചു പഠിക്കാവുന്ന അടിസ്ഥാന മൂല്യങ്ങളെ ഇസ്‌ലാമിക് എക്കോണമി ഉൾക്കൊള്ളുന്നുണ്ട്. സമ്പത്തിന്റെയും വിഭവങ്ങളുടെയും ജനകീയവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സാമ്പത്തിക ദായ ക്രമങ്ങളെ മുഴുവനും തിരുനബിﷺയും ഇസ്‌ലാമും അഭിസംബോധന ചെയ്തത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...