
തിരുനബിﷺ മുന്നോട്ടുവച്ച വ്യാപാര വ്യവഹാര വിചാരങ്ങളുടെ ചില അടിസ്ഥാനങ്ങൾ നിർണയിക്കുന്ന ഒരു ഹദീസും വിശദീകരണവും ഇങ്ങനെ വായിക്കാം.
അബൂബക്കർ ബിൻ ആസിം(റ), ഇമ്രാൻ ബിൻ അൽ ഹുസൈനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. കാലികളുടെ അകിടുകളിലുള്ളത്, കന്നുകാലികളുടെ വയറ്റിലുള്ള /ഗർഭസ്ഥശിശു, വെള്ളത്തിലുള്ള മത്സ്യം എന്നിവയുടെ വിൽപ്പന തിരുനബിﷺ വിരോധിച്ചിരിക്കുന്നു.
മേൽ ഹദീസിന്റെ ലളിതമായ ഒരു വ്യാഖ്യാനം ഇങ്ങനെ വായിക്കാം. കറക്കാത്തതും കന്നുകാലിയുടെ അകിടിൽത്തന്നെ ഇരിക്കുന്നതുമായ പാൽ വിൽക്കുന്നതിൽ നിന്നുള്ള ഗറർ അഥവാ അനിശ്ചിതത്വവും അജ്ഞതയും ഉണ്ടാവുമല്ലോ! അകിടിലെ പാൽ എത്രയുണ്ടെന്ന് തിട്ടപ്പെടുത്താനാവില്ല, ഉറപ്പിച്ചു കൈമാറ്റം ചെയ്യാനും സാധ്യമല്ല. അത് കുറയാനോ കൂടാനോ സാധ്യതയുണ്ട്. അല്ലെങ്കിൽ കേടായിപ്പോകാനും സാധ്യതയുണ്ട്.
എന്നാൽ “ഈ ആടിൻ്റെ പാലിൽ നിന്ന് ഒരു സ്വാഅ് ഞാൻ നിനക്ക് വിറ്റു” എന്ന് പറയുന്നത് വിൽക്കുകയാണെങ്കിൽ, ഗറർ ഇല്ലാതാവുന്നതിനാൽ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇത് സാധുവാണ്.
കന്നുകാലികളുടെ ഗർഭസ്ഥശിശുവിനെ വിൽക്കുന്നതിലും മേൽപ്പറഞ്ഞതുപോലെയുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇടപാട് സാധുവാവുകയില്ല.
വെള്ളത്തിലുള്ള മത്സ്യത്തെ വിൽക്കുന്നതിലുള്ള ഗറർ, കൈമാറ്റം ചെയ്യാനുള്ള കഴിവില്ലായ്മ, വാങ്ങുന്നയാൾക്ക് എത്ര മത്സ്യം കിട്ടുമെന്ന് ഉറപ്പില്ല, അളവ് കൃത്യമായി അറിയാനും സാധ്യമല്ല എന്നീ കാരണങ്ങളാൽ ഇതും അസാധുവാണ്. വിൽക്കുന്ന വസ്തു കൈമാറ്റം ചെയ്യാൻ സാധിച്ചിരിക്കേണ്ടത് വിൽപ്പന സാധുവാകാനുള്ള ഒരു നിബന്ധനയാണ്.
മുളാമീൻ, മലാഖീഹ്, ഹബലുൽ ജമീൽ അല്ലെങ്കിൽ ഹബലുൽ ഹബല എന്നിവ ജാഹിലിയ്യാ കാലത്തെ വിൽപ്പനാരീതികളാണ്. ഇവ കഠിനമായ ഗററിൻ്റെ രൂപങ്ങളാണ്. ഇത് വിലക്കപ്പെട്ട ഇടപാടുകളാണ്.
മേൽ പറയപ്പെട്ട പദപ്രയോഗങ്ങളെ പ്രാഥമികമായി ഇങ്ങനെ മനസ്സിലാക്കാം. പെൺമൃഗങ്ങളുടെ വയറ്റിലുള്ള ഗർഭസ്ഥശിശുക്കളെ വിൽക്കുന്നത്, ആൺമൃഗങ്ങളുടെ ബീജത്തെ വിൽക്കുന്നത്, ഇപ്പോൾ ഗർഭിണിയായ ഒട്ടകത്തിൻ്റെ ഗർഭത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ വിൽക്കുക, അല്ലെങ്കിൽ ആ കുട്ടിയുടെ കുഞ്ഞിനെ വിൽക്കുക.
ആധുനിക വ്യവഹാരക്രമങ്ങളിൽ സമാനതകൾ ചേർത്തുവച്ചുകൊണ്ട് കർമശാസ്ത്ര നിദാനങ്ങൾ കണ്ടെത്താനുള്ള ഒരു അടിസ്ഥാന ഹദീസായി കൂടി ഇതിനെ വായിക്കാവുന്നതാണ്. വസ്തുക്കൾ നിർണയിക്കാതെയും ലഭ്യത ഉറപ്പുവരുത്താതെയും അളവോ തൂക്കമോ തിട്ടപ്പെടുത്താതെയും ഏറെ അവ്യക്തതകളും ഇടപാടുകളിൽ ചതിയും വഞ്ചനയും കടന്നു വരാനുള്ള സാധ്യതയും നിലനിൽക്കുന്ന ബിസിനസുകൾ അധികരിച്ചു വരുന്ന കാലമാണ്. തിരുനബിﷺയുടെ കാലത്തും അധ്യാപനങ്ങളിലുമുണ്ടായിരുന്ന വ്യാപാര വ്യവഹാരങ്ങളോടുള്ള സാമ്യതകൾ ചേർത്തുവച്ചുകൊണ്ട് മതപരമായ സാധ്യതയും പഠിക്കാൻ ഇത്തരം അടിസ്ഥാന ഹദീസുകൾ പ്രയോജനപ്പെടും. കർമശാസ്ത്ര വീക്ഷണത്തിൽ ഇസ്‌ലാമിക സാമ്പത്തിക സമീപനങ്ങൾ എങ്ങനെയാണെന്ന് കൃത്യമായി പഠിക്കാനും അനുസൃതമായി മാത്രം വ്യാപാരം ചെയ്യാനും ഇസ്‌ലാമിക മാനങ്ങളെയും മാനദണ്ഡങ്ങളെയും പരിഗണിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ മേഖലയിലും തിരുനബിﷺയുടെ വീക്ഷണ സമീപനങ്ങൾ ലഭ്യവും പഠനസാധ്യതയുള്ളതുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
