Tweet 1210

    Tweet 1210
    October 6, 2025 • Monday
    Post Header

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ ചില കഥനങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഫാത്വിമ ബിൻത് ഖൈസി(റ)ൽനിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു.
    നിശ്ചയം! അല്ലാഹുവിൻ്റെ പ്രവാചകൻﷺ മിമ്പറിൽ കയറി. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു: “തമീമുദ്ദാരി(റ) എന്നോട് ഒരു ഹദീസ് അഥവാ സംഭവം പറയുകയുണ്ടായി. അതിൽ എനിക്ക് സന്തോഷം തോന്നിയതിനാൽ, അത് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു.
    ഫലസ്തീനിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ കടലിൽ ഒരു കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അത് അവരുമായി കറങ്ങിക്കറങ്ങി ഒരു കടൽ ദ്വീപിൽ അവരെ എത്തിച്ചു. അപ്പോൾ, അവർ അവിടെ ഒരു മൃഗത്തെ കണ്ടു. അതിന് നിറയെ രോമമുണ്ടായിരുന്നു. അതിൻ്റെ രോമം അത് വിരിച്ചിട്ടിരുന്നു.

    അവർ ചോദിച്ചു: ‘നീ ആരാണ്?’ അത് പറഞ്ഞു: ‘ഞാനാണ് ജസ്സാസ അഥവാ ചാരവൃത്തിയെടുക്കുന്നവൾ. അവർ പറഞ്ഞു: ‘എങ്കിൽ ഞങ്ങൾക്ക് വിവരങ്ങൾ നൽകുക.’ അത് പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് വിവരങ്ങൾ നൽകുകയുമില്ല, നിങ്ങളോട് വിവരങ്ങൾ തേടുകയുമില്ല. എന്നാൽ നിങ്ങൾ ഗ്രാമത്തിൻ്റെ അങ്ങേയറ്റത്ത് പോവുക. നിശ്ചയം! അവിടെയുണ്ട് നിങ്ങൾക്ക് വിവരങ്ങൾ നൽകുകയും നിങ്ങളോട് വിവരങ്ങൾ തേടുകയും ചെയ്യുന്ന ഒരാൾ.’
    അങ്ങനെ ഞങ്ങൾ ഗ്രാമത്തിൻ്റെ അങ്ങേയറ്റത്ത് ചെന്നു. അപ്പോൾ, ഒരു ചങ്ങലയിൽ ബന്ധിക്കപ്പെട്ട ഒരു മനുഷ്യനെ ഞങ്ങൾ കണ്ടു. അവൻ ചോദിച്ചു: ‘സൈഗർ(Zughar) എന്ന അരുവിയെക്കുറിച്ച് എന്നെ അറിയിക്കുക.’ ഞങ്ങൾ പറഞ്ഞു: ‘അത് നിറഞ്ഞൊഴുകുന്നു.’ അവൻ ചോദിച്ചു: ‘ബുഹൈറയെക്കുറിച്ച് എന്നെ അറിയിക്കുക.’ ഞങ്ങൾ പറഞ്ഞു: ‘അത് നിറഞ്ഞൊഴുകുന്നു.’ അവൻ പറഞ്ഞു: ‘ജോർദാനും ഫലസ്തീനും ഇടയിലുള്ള ബൈസാനിലെ ഈത്തപ്പന കായ്ച്ചോ എന്ന് എന്നെ അറിയിക്കുക.’ ഞങ്ങൾ പറഞ്ഞു: ‘അതെ.’ അവൻ ചോദിച്ചു: ‘പ്രവാചകൻﷺ നിയോഗിക്കപ്പെട്ടോ എന്ന് എന്നെ അറിയിക്കുക.’ ഞങ്ങൾ പറഞ്ഞു: ‘അതെ.’ അവൻ ചോദിച്ചു: ‘ജനങ്ങളൊക്കെ അദ്ദേഹത്തോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് എന്നെ അറിയിക്കുക.’ ഞങ്ങൾ പറഞ്ഞു: ‘അവർ പ്രവാചകനെﷺ വേഗം അനുഗമിക്കുന്നു.’ അപ്പോൾ ഞങ്ങൾ ചോദിച്ചു: ‘എങ്കിൽ നീ ആരാണ്?’ അവൻ പറഞ്ഞു: ‘ഞാനാണ് ദജ്ജാൽ. തീർച്ചയായും ദജ്ജാൽ എല്ലാ നഗരങ്ങളിലും പ്രവേശിക്കും. ത്വൈബയിലൊഴികെ. ത്വൈബ എന്നാൽ മദീനയാണ്.”

    അനുവദനീയമായ കഥനങ്ങൾ കേൾക്കാനും അതിൻ്റെ പൊരുളുകൾ പങ്കുവെക്കാനും തിരുനബിﷺ സമ്മതിച്ചിരുന്നു എന്ന ഒരാശയം കൂടി ഈ കഥനം അറിയിക്കുന്നു. ദജ്ജാൽ ഇപ്പോൾ തന്നെയുണ്ടെന്നും അല്ലാഹു നിശ്ചയിച്ച ഒരു കാലത്തിനു വേണ്ടി പുറപ്പെടാൻ നേരം കാത്തു കഴിയുകയാണെന്നും അവൻ്റെ രംഗപ്രവേശം ലോകം മുഴുവനും വിനാശമുണ്ടാക്കുമെന്നും ഒക്കെ ഈ ഹദീസിന്റെ പരിസരങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

    അല്ലാഹുവേ നീയെങ്ങനെയാണ് മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എന്ന നേർ ബോധ്യത്തിനുവേണ്ടി അല്ലാഹുവിൻ്റെ ഖലീൽ ഇബ്രാഹിം(അ) അല്ലാഹുവിനോട് തേടിയ സന്ദർഭത്തെ പരാമർശിച്ചുകൊണ്ട് തിരുനബിﷺ സവിശേഷമായ ചില വിചാരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അല്ലാഹുവിന് പ്രിയപ്പെട്ട ഇബ്രാഹിം നബി(അ)ക്ക് അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിക്കാമെങ്കിൽ നമുക്കും അതിനു സാധ്യമാണല്ലോ എന്ന വിചാരപരമായ ഒരു ആശയം അവിടുന്ന് പറയുന്നുണ്ട്. പ്രമുഖ സ്വഹാബി അബു ഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) തന്നെയാണ് ഈ സംഭവം നിവേദനം ചെയ്യുന്നത്.

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ ആഖ്യാനവും കഥകളും വിചാരങ്ങൾ ഉയർത്തുന്ന സംഭവങ്ങളും എല്ലാമുണ്ട് എന്നതിനു കൂടിയാണ് ഇവ ചേർത്തു വായിക്കുന്നത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...