Tweet 1209

    Tweet 1209
    October 5, 2025 • Sunday
    Post Header

    ഇമാം ഇബ്നു അസാക്കിർ(റ) നിവേദനം ചെയ്യുന്നു. അല്ലാഹു പ്രസ്താവിച്ചതായി തിരുനബിﷺ പറയുന്നു. അല്ലയോ മനുഷ്യാ, നിനക്കു ഞാൻ അനുഗ്രഹങ്ങൾ വർഷിച്ചിരിക്കുന്നു. നിനക്ക് കാണാൻ പറ്റുന്ന കണ്ണുകൾ ഞാൻ തന്നില്ലയോ! ആ കണ്ണുകൾ ചിമ്മാനുള്ള സൗകര്യവും തന്നില്ലയോ! ആ കണ്ണുകൾ കൊണ്ട് ഞാൻ അനുവദിച്ചതിനെ കാണുക. വിലക്കപ്പെട്ട കാര്യങ്ങൾ വരുമ്പോൾ കണ്ണുചിമ്മുക. നിനക്കു ഞാൻ നാവിനെ തന്നു. വേണമെങ്കിൽ വായ പൂട്ടി വെക്കാനുള്ള സൗകര്യവും തന്നു. ഞാൻ അനുവദിച്ചത് നാവുകൊണ്ട് പറയുക. അല്ലാത്തത് പറയാതെ വായ പൂട്ടുക. നിനക്ക് ലൈംഗിക അവയവം തന്നു. അത് മറച്ചുവെക്കാനുള്ള സൗകര്യവും തന്നു. വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്യാതെ രഹസ്യ അവയവങ്ങളെ മറച്ചുവെക്കുക. അല്ലയോ മനുഷ്യാ, നീ എന്റെ കോപത്തിന് പാത്രമാവരുത്. എന്റെ ശിക്ഷ നിനക്ക് താങ്ങാനാവില്ല.

    ഹദീസ് സാങ്കേതിക പ്രയോഗത്തിൽ മുർസൽ ഇനത്തിൽപ്പെട്ട ഹദീസാണിത്. എന്നാൽ ഈ ഹദീസ് ഉൾക്കൊള്ളുന്ന ആശയം ഉപദേശപരവും ഒപ്പം ഖുർആനിക പ്രമാണത്തോടും ആധികാരിക ഹദീസ് ആശയങ്ങളോടും യോജിക്കുന്നതുമാണ്. മനുഷ്യന്റെ ജീവിതം മുഴുവനും അല്ലാഹുവിന്റെ നിയമങ്ങളോടും കൽപനകളോടും ജാഗ്രതാപൂർവ്വം സമീപിച്ചു കൊണ്ടായിരിക്കണം. വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കുകയും പ്രോത്സാഹിപ്പിച്ച കാര്യങ്ങൾ താല്പര്യപൂർവ്വം ഏറ്റെടുക്കുകയും വേണം.

    ഇമാം അഹ്മദ്(റ) ഉഖ്ബത് ബിനു ആമിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. തിരുനബിﷺ പറഞ്ഞു. “അല്ലാഹു പ്രസ്താവിക്കുന്നു. അല്ലയോ മനുഷ്യാ, പകലിന്റെ ആദ്യത്തിൽ നിർവഹിക്കുന്ന നാല് റക്അത്ത് നിസ്കാരം ദിവസത്തിന്റെ അവസാനത്തിന് മതിയാകുന്നതാണ്.” അല്ലാഹുവിനെ ആരാധിച്ചുകൊണ്ട് ആരംഭിക്കുന്ന ദിവസങ്ങൾ അനുഗ്രഹീതവും സ്വീകാര്യവുമാണെന്ന് സാരം.

    ഖുദ്സിയ്യായ ഹദീസുകളുടെ കൂട്ടത്തിൽ വളരെ പ്രസിദ്ധമായ ഒരു ഹദീസ്, വിശ്വാസി ലോകത്തിന് വളരെ സുപരിചിതമാണ്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) മുസ്‌ലിമും(റ) മറ്റും നിവേദനം ചെയ്യുന്നു. അല്ലാഹു പറഞ്ഞു. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്.

    അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചുകൊണ്ട് ചെയ്യപ്പെടുന്ന എല്ലാ കർമങ്ങളും അവനുള്ളതാണെങ്കിലും നോമ്പിനെ സവിശേഷമായ പരിഗണനയോടെ അല്ലാഹു ഏറ്റെടുക്കുകയാണ്. ഭക്ഷണം കഴിക്കാതിരിക്കുക എന്ന വിശേഷണത്തിൽ ഭാഗികമായെങ്കിലും സൃഷ്ടിപരമായി അല്ലാഹുവിന്റെ വിശേഷണത്തോട് മനുഷ്യൻ യോജിക്കുന്നു എന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ ഒരു വിശേഷം. ഒരാൾ നോമ്പുകാരനാണോ അല്ലേ എന്നത് അനുഷ്ഠിക്കുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അതീവ രഹസ്യമായ ഒരു കർമം കൂടിയാണ്. ഇത്തരം പ്രത്യേകതകൾ കൂടി മുന്നിൽ വച്ചുകൊണ്ട് നോമ്പ് എനിക്കുള്ളതാണ് എന്ന് പ്രത്യേകം പറയുകയും അവൻ തന്നെ സവിശേഷമായ പ്രതിഫലങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്യുകയാണ്. വ്രതാനുഷ്ഠാനത്തിലേക്ക് വിശ്വാസികൾ താൽപര്യപൂർവം വന്നുചേരാനുള്ള ഒരു പ്രേരണ കൂടിയാണിത്.

    എന്നെ ഓർക്കുകയും എന്നെ ഓർത്തുകൊണ്ട് അധരങ്ങൾ ചലിപ്പിക്കുകയും ചെയ്യുന്ന നേരത്തെല്ലാം ഞാൻ എന്റെ അടിമയോടൊപ്പമാണ് എന്ന ഒരു ഹദീസ് കൂടി നമുക്കിവിടെ ചേർത്ത് വായിക്കാം. അല്ലാഹുവിന് പ്രിയപ്പെട്ട അടിമകളും ദാസന്മാരുമായി വളരാൻ ആരാധനാകർമങ്ങളിൽ നിരന്തരം വ്യാപൃതരാവേണ്ടതുണ്ട്. ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും സമീപ്യവും മാത്രമാണല്ലോ.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...