
അബൂ മൂസൽ അശ്അരി(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു പ്രസ്താവിച്ചു. ഞാൻ നേർവഴി നൽകാത്തവരെല്ലാം വഴിപിഴച്ചവരാണ്. ഞാൻ ശക്തി നൽകാത്തവരെല്ലാം ദുർബലരാണ്. ഞാൻ ഐശ്വര്യം നൽകാത്തവരെല്ലാം ദരിദ്രരാണ്. നിങ്ങൾ എന്നോട് ചോദിച്ചോളൂ. ഞാൻ നൽകാം. നിങ്ങളിൽനിന്ന് ആദ്യാവസാനമുള്ള മുഴുവൻ മനുഷ്യരും ജിന്നുകളും ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും ചേതന അചേതന വസ്തുക്കളും സൂക്ഷ്മാലുവായ ഒരു മനുഷ്യൻ്റെ ഹൃദയത്തിന്മേൽ ഒരുമിച്ചു കൂടിയാലും എൻ്റെ അധികാരത്തിൽ ഒരു കൊതുകിന്റെ ചിറകു പോലും വർദ്ധിക്കുകയില്ല. മേൽ പറയപ്പെട്ട എല്ലാം തെമ്മാടിയായ ഒരു മനുഷ്യൻ്റെ ഹൃദയത്തിൽ ഒരുമിച്ചു കൂടിയതുകൊണ്ട് എൻ്റെ അധികാരത്തിൽ നിന്ന് ഒരല്പം പോലും കുറയുകയുമില്ല. ഞാൻ ഏകനാകുന്നു. എൻ്റെ കാരുണ്യവും ശിക്ഷയും എല്ലാം വചനങ്ങളാകുന്നു. ഞാൻ പാപമോചനം നൽകുന്നവനാണെന്ന് ഉറപ്പിക്കുന്ന പക്ഷം ഏതു തെറ്റും വിട്ടുവീഴ്ച ചെയ്യുന്നത് എനിക്കൊരു വലിയ കാര്യമൊന്നുമല്ല, പാപങ്ങൾ എത്ര ഏറിയാലും ശരി.
അല്ലാഹുവിൻ്റെ മഹത്വവും അധികാര വ്യാപ്തിയും സൃഷ്ടികളിൽ നിന്ന് പൂർണ്ണമായും നിരാശ്രയനാണെന്ന വസ്തുതയും അല്ലാഹു തന്നെ നേരിട്ട് പറയുന്ന സവിശേഷമായ ഒരു ഹദീസ് ആണിത്. സൃഷ്ടിജാലങ്ങൾ മുഴുവൻ ഒത്തുചേർന്നാലും അല്ലാഹുവിൻ്റെ അധികാരത്തെയോ തീരുമാനത്തെയോ സ്വാധീനിക്കാനോ അല്ലാഹുവിന് എന്തെങ്കിലും പ്രത്യേകമായി ലഭിക്കാനോ ഇല്ല. അവൻ പൂർണ്ണമായും പരമാധികാരിയും പരമസ്വതന്ത്രനുമാണ്. സ്വയം അധികാരവും ആസ്തിയും അവനു മാത്രമേ ഉള്ളൂ. ബാക്കിയുള്ളവർക്കെല്ലാം ലഭിച്ചതാണ്. അല്ലാഹുവിന്റേതു മാത്രമേയുള്ളൂ സ്വന്തം എന്ന് പറയാൻ. ഈ യാഥാർഥ്യത്തെ അംഗീകരിക്കുകയും അനുസൃതമായി അല്ലഹുവിനെ ഉൾക്കൊള്ളുകയും ചെയ്യുന്നവർ വിജയിച്ചു. അല്ലാത്തവരെല്ലാം കേവല അവകാശവാദങ്ങൾക്ക് പിന്നിൽ ജീവിക്കുകയും അതുവഴി ജീവിതം മൂല്യപരമായി ഹോമിക്കുകയും ചെയ്യുന്നു. അല്ലാഹു ആരാണെന്നും അവൻ്റെ കഴിവുകൾ എത്രമേൽ മഹത്വമുള്ളതാണെന്നും ഏറ്റവും കൂടുതൽ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തത് തിരുനബിﷺയാണ്. അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയക്കുന്നതും അവൻ്റെ കൽപ്പനകളെ സൂക്ഷ്മമായി അനുസരിക്കുന്നതും ഞാനാണെന്ന് തിരുനബിﷺ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അല്ലാഹുവിൻ്റെ ഏറ്റവും നല്ല ദാസനാകുമ്പോഴാണ് ഏറ്റവും ഉന്നത മനുഷ്യനാകുന്നത് എന്ന വലിയ സന്ദേശമാണത്.
അല്ലാഹു തന്നെ നേരിട്ട് പറയുന്ന ഒരു പ്രസ്താവനയുണ്ട്. എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത് ഭാവിക്കുന്നുവോ അതാണ് ഞാൻ. എന്നിൽ നിന്ന് അവൻ പ്രതീക്ഷിക്കുന്നത് നന്മയാണെങ്കിൽ നന്മ ലഭിക്കും. അതല്ല, മറിച്ചാണെങ്കിൽ അതേ ലഭിക്കുകയുള്ളൂ.
എൻറെ അടിമ എന്നോട് നിർവഹിക്കുന്ന ഏറ്റവും വലിയ ആരാധന ഗുണകാംക്ഷയാണ്. അബൂ ഉമാമ(റ)യിൽ നിന്ന് ഇമാം ഇബ്നു അസാക്കിർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ ആശയമുണ്ട്. നസീഹ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാഹുവിനോടുള്ള നസീഹ എന്നതിൻ്റെ അർഥം അല്ലാഹുവിനെ ശരിയായ വിധത്തിൽ ഉൾക്കൊള്ളുകയും വിശ്വസിക്കേണ്ട വിധം വിശ്വസിക്കുകയും ആരാധിക്കേണ്ട വിധം ആരാധിക്കുകയും മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കുകയും ശരിയായ മഹത്വം ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൻ്റെ പരമാധികാരത്തെയും അവൻ്റെ സ്വയം പര്യാപ്തതയും നേരായ വിധത്തിൽ ഉൾക്കൊള്ളുന്നവൻ അല്ലാഹുവിൻ്റെ സാമീപ്യം കരസ്ഥമാക്കാൻ ഏറ്റവും സാധ്യതയുള്ളവനായിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
