Tweet 1199

    Tweet 1199
    September 25, 2025 • Thursday
    Post Header

    ചില വിവരങ്ങൾ സവിശേഷമായി ബോധ്യമുള്ളവർ മാത്രം അറിയേണ്ടതാണ് എന്ന അർത്ഥത്തിൽ പ്രത്യേകക്കാരോട് മാത്രം പങ്കുവെച്ച അനുഭവങ്ങളും നബി ജീവിതത്തിലുണ്ട്. അനസുബ്നു മാലിക്(റ) പറയുന്നു. മുആദ് ബിനു ജബൽ(റ) തിരുനബിﷺയോടൊപ്പം പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇടയിൽ വച്ച് തിരുനബിﷺ അദ്ദേഹത്തെ വിളിച്ചു. അല്ലയോ മുആദേ(റ), അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. മൂന്നു പ്രാവശ്യം വിളിച്ചപ്പോഴും മുആദ്(റ) സമാനമായി പ്രതികരിച്ചു. തുടർന്ന് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ ഇല്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതൻ ആണെന്നും ഹൃദയം അറിഞ്ഞു വിശ്വസിച്ചവർക്ക് നരകം നിഷിദ്ധമാണ്. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, ഇക്കാര്യം ഞാൻ ജനങ്ങളോട് ഒന്ന് അറിയിച്ചാലോ അവർക്ക് വളരെ സന്തോഷമാകുമല്ലോ. അപ്പോൾ തിരുനബിﷺ പറഞ്ഞു. അങ്ങനെ അറിയിച്ചാൽ അവർ അതിന്മേൽ അവലംബിച്ചു നിൽക്കും. തിരുനബിﷺയുടെ വിയോഗാനന്തരം ഒരു വിജ്ഞാനം മറച്ചുവെച്ചു എന്ന കുറ്റം വരാതിരിക്കാൻ പിൽക്കാലത്താണ് മുആദ്(റ) ഈ വിവരം പറഞ്ഞത്.

    ഇതേ ഹദീസിന്റെ തന്നെ മറ്റൊരാശയത്തിൽ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ള ആശയം മനസ്സിൽ ഉറപ്പിച്ച് ഒരാൾ അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചു എന്നാണുള്ളത്. അപ്പോൾ മുആദ്(റ) ചോദിച്ചു. ഈ വിവരം ഞാൻ ജനങ്ങളോട് പങ്കുവെച്ചാൽ അവർക്ക് സന്തോഷമാകുമല്ലോ! അപ്പോൾ തിരുനബിﷺ പറഞ്ഞു, വേണ്ട. ആളുകൾ അതിനുമേൽ പ്രതീക്ഷിച്ചു കർമങ്ങളിൽ ശ്രദ്ധിക്കാതെ വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

    ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്ത ഈ ഹദീസിന് വൈജ്ഞാനികമായ പല മാനങ്ങളുമുണ്ട്. സത്യസാക്ഷ്യ വാചകത്തിന്റെ പ്രാധാന്യവും ശരിയായ വിശ്വാസം ഉൾക്കൊള്ളുന്നവർക്കുള്ള വിജയവുമാണ് ഒന്ന്. സമൂഹത്തോടും വ്യക്തികളോടും സംസാരിക്കുമ്പോൾ പാർശ്വഫലങ്ങളെയും അനന്തരഫലങ്ങളെയും ആലോചിച്ചുകൊണ്ട് വേണം വിവരങ്ങൾ കൈമാറാൻ. ശരിയായ വിശ്വാസം ഹൃദയത്തിലെത്തിയാൽ മാത്രം മതി സൽകർമങ്ങൾക്ക് അധികം പ്രാധാന്യമൊന്നും നൽകേണ്ടതില്ല എന്ന വിചാരം വന്നു പോയാൽ ഇസ്‌ലാം സംസ്കൃതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് തന്നെ ആളുകൾ മാറിയെന്ന് വരാം. അതുകൊണ്ട് സംബോധിതരായ ആളുകൾക്ക് ഏറ്റവും ഗുണകരമായ വിജ്ഞാനങ്ങൾ മാത്രമാണ് കൈമാറേണ്ടത് എന്ന് തിരുനബിﷺ പറഞ്ഞുതരികയായിരുന്നു.

    യഥാർത്ഥത്തിൽ വിശ്വാസത്തിന് ശക്തിയും തെളിമയും വർദ്ധിക്കുന്നത് സൽകർമങ്ങൾ വഴിയാണ്. നല്ല കാര്യങ്ങൾ വർദ്ധിക്കുന്തോറും വിശ്വാസത്തിന് മാറ്റുകൂടുകയും വളർച്ചയുണ്ടാവുകയും ചെയ്യുമെന്നും തെറ്റായ കർമങ്ങൾ അധികരിക്കുക വഴി വിശ്വാസത്തിന് ദൗർബല്യങ്ങൾ സംഭവിക്കുമെന്നും വിജയത്തിൻ്റെ അടിസ്ഥാനമാകുന്ന സത്യവിശ്വാസം നിലനിർത്തി സൽകർമങ്ങളിൽ വ്യാപൃതരാകുമ്പോഴാണ് എല്ലായിപ്പോഴും എല്ലാ നിലയിലും ഒരാൾ വിജയിക്കുകയെന്നും ഉത്തമമായ സന്ദേശത്തിന് വിഘാതമാകുന്നതൊന്നും ഓഫറുകളാണെങ്കിൽ പോലും കൈമാറേണ്ടതില്ല എന്നുമുള്ള വലിയൊരു ജാഗ്രതയാണ് തിരുനബിﷺ നമ്മെ പഠിപ്പിക്കുന്നത്.

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങൾക്ക് നേരവും കാലവും ശൈലിയും ഭാവവും സംബോധിതരുടെ മനോവിചാരങ്ങളും പ്രബോധിതരുടെ പരിസ്ഥിതിയും എല്ലാം പരിഗണിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയെല്ലാം പരിഗണിച്ചത് കൊണ്ടാണ് എക്കാലത്തേക്കും പ്രയുക്തമായ ഒരു മഹാദർശനത്തെ ഒളിമങ്ങാതെ നിലനിർത്താനും വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ ലോകത്തിനു സമ്മാനിക്കാനും സാധ്യമായത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...