
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺയുടെ സന്നിധിയിലേക്ക് ഒരാൾ വന്നു ചോദിച്ചു. ഏറ്റവും ശ്രേഷ്ഠമായ ഇടം ഏതാണ്? അപ്പോൾ അവിടുന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു. അല്പനേരം മൗനം ദീക്ഷിച്ചു. അപ്പോൾ ജിബ്‌രീൽ(അ) ആഗതനായി. നബിﷺ അതേ ചോദ്യം ജിബ്‌രീലി(അ)നോട് ചോദിച്ചു. ജിബ്‌രീലും(അ) അറിയില്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അല്ലാഹുവിനോട് ചോദിക്കൂ എന്ന് തിരുനബിﷺ ജിബ്‌രീലി(അ)നോട് പ്രതികരിച്ചു. അല്ലാഹുവിൻ്റെ സമക്ഷത്തിൽ ജിബ്‌രീലി(അ)നോട് അല്ലാഹു ചോദിച്ചു. മുഹമ്മദ് നബിﷺ നിങ്ങളോട് ഭൂമിയിലെ മികച്ചയിടം ഏതാണെന്ന് ചോദിക്കുകയും നിങ്ങൾ ഏതാണെന്ന് അറിയില്ലെന്ന് പറയുകയും ചെയ്തില്ലേ? അതെ. എന്നാൽ ഭൂമിയിലെ ഏറ്റവും മികച്ച ഇടം അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുന്ന ഇടങ്ങൾ ആകുന്നു അഥവാ പള്ളികൾ. ഏറ്റവും മോശമായ ഇടം അങ്ങാടികളും.
അറിവിനോട് കാണിക്കേണ്ട സമീപനങ്ങളെയാണ് ഈ സംഭാഷണങ്ങളും മറ്റും ബോധ്യപ്പെടുത്തുന്നത്. അറിയാത്തത് അറിയില്ലെന്ന് പറയാൻ മടിക്കേണ്ടതില്ലെന്നും അന്വേഷണത്തിന് അമാന്തിക്കേണ്ടെന്നുമെല്ലാം അത്യുന്നതങ്ങളിൽ നിന്ന് തന്നെ നമുക്ക് പകർന്നു തരികയാണ്.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ബഹുദൈവ വിശ്വാസികളുടെ മരണപ്പെട്ടുപോയ കുഞ്ഞുമക്കളെ കുറിച്ച് തിരുനബിﷺയോട് ചോദ്യം വന്നു. അവരുടെ ഗതി എന്താണെന്ന് അല്ലാഹുവിന് നന്നായി അറിയാം എന്നായിരുന്നു മറുപടി.
ബഹുദൈവ വിശ്വാസികളായ മനുഷ്യരുടെ വിവേകമോ പ്രായമോ ആയിട്ടില്ലാത്ത മക്കൾ മരണപ്പെട്ടുപോയാൽ അവരുടെ പരിണതി ആയിരിക്കുമോ എന്നായിരുന്നു അന്വേഷണം. അത് സംബന്ധമായ സന്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പ് തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്ന ചോദ്യത്തിന് അല്ലാഹുവിനറിയാം എന്ന് പറയുന്നതിൽ തിരുനബിﷺക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല.
ചില കാര്യങ്ങൾ പ്രത്യക്ഷത്തിൽ നേരിട്ട് പറയേണ്ടതല്ലെങ്കിൽ അവയെക്കുറിച്ചും ഇങ്ങനെ പ്രയോഗങ്ങൾ വരാറുണ്ട്. അറിയത്ത ലോകം വിശാലമാണെന്നും പഠനവും അന്വേഷണവും തുടർന്നുകൊണ്ടിരിക്കണമെന്നും അറിയാത്ത കാര്യങ്ങളിൽ എന്തെങ്കിലും പറഞ്ഞ് ചോദ്യകർത്താക്കളെ തെറ്റായി നയിക്കരുത് എന്നുമുള്ള സന്ദേശങ്ങൾ ഉൾവഹിക്കുന്നതാണ് തിരുനബിﷺയുടെ മറുപടിയും അധ്യാപനങ്ങളുമെല്ലാം.
ഇമാം ഹാക്കിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ദുൽക്കർനൈനി പ്രവാചകനാണോ, അല്ലേ? എനിക്കറിയില്ല. തുബ്ബഅ് രാജാവ് മുസ്‌ലിമാണോ, അല്ലേ? എനിക്കറിയില്ല എന്ന് തിരുനബിﷺ ഒരിക്കൽ പറഞ്ഞിരുന്നു.
ഇമാം അബൂ ദാവൂദ്(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഉസൈർ പ്രവാചകനാണോ, അല്ലേ? എന്ന് ചോദിക്കുമ്പോൾ എനിക്കറിയില്ല എന്ന് തിരുനബിﷺ പ്രതികരിച്ച ഒരു ഭാഗം കൂടിയുണ്ട്.
ഈ നിവേദനങ്ങളിൽ വായിച്ച പലതിനെക്കുറിച്ചും പിന്നീട് അല്ലാഹുവിൽ നിന്ന് കൃത്യമായി വിവരങ്ങൾ ലഭിച്ചിരിക്കണം. ചില സന്ദർഭങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു മറുപടി അറിയിക്കേണ്ട സന്ദർഭങ്ങളെ പരീക്ഷിക്കുകയും നയപരമായ നിലപാടുകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അറിവിൻ്റെ വ്യവഹാരത്തിലും വിനിയോഗത്തിലും വിവരങ്ങൾ പങ്കുവെക്കുന്നതിലും കൃത്യമായ നിർണയവും ഔചിത്യബോധവും ഒക്കെ ഉണ്ടാകണമെന്ന് തിരുനബിﷺയുടെ ജീവിതം മുഴുവനും നമ്മെ പഠിപ്പിക്കുന്നുണ്ട്. ചില കാര്യങ്ങൾ വ്യക്തമാക്കാതെ കടന്നു പോകുന്നതിലും സാമൂഹിക വൈയക്തിക നന്മകൾ കാംക്ഷിച്ചതും പരിപാലിച്ചതും സ്വതന്ത്രമായ അധ്യായങ്ങളായി തന്നെ വായിക്കാനുമുണ്ട്. നബി ജീവിതത്തിൻ്റെ വൈജ്ഞാനിക വ്യവഹാരങ്ങളെ കുറിച്ച് ഇനിയും നമുക്ക് പഠനം തുടരാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
