Tweet 1182

    Tweet 1182
    September 8, 2025 • Monday
    Post Header

    ഏതുഘട്ടത്തിലും കൃത്യമായ ഒരു ക്രെഡിബിലിറ്റി പരിപാലിക്കണം എന്ന നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു. വിശ്വാസലംഘനവും വഞ്ചനയും യുദ്ധക്കളത്തിൽ പോലും നടത്താൻ പാടില്ല എന്ന മനോഹരമായ ദർശനമായിരുന്നു തിരുനബിﷺ നൽകിയത്. നിങ്ങൾ വിശ്വാസലംഘനത്തിന് കുറ്റക്കാർ ആവരുത് എന്ന് ഉൽബോധിപ്പിക്കുന്ന വചനങ്ങൾ ഖുർആനിലും ഹദീസിലും നിരന്തരമായി വന്നിട്ടുണ്ട്. ശത്രുക്കൾ വഞ്ചന കാണിച്ചാൽ പോലും വിശ്വാസലംഘനം നമ്മൾ മാർഗമായി സ്വീകരിക്കാൻ പാടില്ലെന്ന് തിരുനബിﷺയുടെ ജീവിതവും സന്ദേശങ്ങളും സ്വഹാബികളെയും ലോകത്തെയും ഉദ്ബോധിപ്പിച്ചു.
    ഹുദൈബിയ്യ സമാധാന ഉടമ്പടിയെ തുടർന്ന് തിരുനബിﷺയുടെ മുന്നിൽ ഉയർന്ന ചോദ്യങ്ങളിൽ പ്രധാനമായിരുന്നു കരാർ പാലിക്കേണമോ അല്ല ലംഘിക്കേണമോ എന്ന്. കരാർ ലംഘനത്തിന് മതിയായ വൈകാരിക ഘട്ടങ്ങളും സന്ദർഭങ്ങളും ഒക്കെ മുന്നിൽ തെളിഞ്ഞപ്പോഴും കരാറിന്റെ കൂടെ നിൽക്കുകയായിരുന്നു തിരുനബിﷺ ചെയ്തത്.
    ശത്രുപക്ഷത്തുനിന്ന് ഇസ്‌ലാം സ്വീകരിക്കുകയും അതിൻ്റെ പേരിൽ കൊടിയ പീഢനങ്ങളും മർദ്ദനങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത അബൂജൻദൽ(റ) തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. രക്തം വാർന്നൊലിക്കുന്ന ശരീരവും പീഢനങ്ങൾ ഏറ്റുവാങ്ങിയതിന്റെ അടയാളങ്ങളുമായി ഗത്യന്തരമില്ലാതെ എത്തിച്ചേർന്ന ആളായിരുന്നു അദ്ദേഹം. വൈകാരികമായ എല്ലാ പരിസരങ്ങളും അദ്ദേഹത്തെ സ്വീകരിക്കാൻ നിർബന്ധിക്കുന്നതായിരുന്നു. എന്നാൽ, ഹുദൈബിയ്യയിൽ വച്ച് നിർവഹിച്ച സമാധാന കരാർ ലംഘിക്കാൻ തിരുനബിﷺ തയ്യാറായില്ല.
    മനോനൊമ്പരത്തോടെയാണെങ്കിലും അബൂ ജൻദലി(റ)നെ തിരിച്ചയക്കേണ്ടിവന്നു. അബൂ ജൻദലി(റ)ന്റെ ദുഃഖകരമായ അവസ്ഥ മുഴുവൻ മുസ്‌ലിം സൈന്യത്തെയും ആഴത്തിൽ സ്പർശിക്കുകയും അവർ ദുഃഖിക്കുകയും ചെയ്തു. അവരിൽ പലരും കണ്ണുനീർ വാർത്തു. എന്നാൽ “നമുക്ക് കരാർ ലംഘിക്കാൻ കഴിയില്ല” എന്ന് പ്രവാചകൻﷺ പ്രഖ്യാപിച്ചപ്പോൾ, നിർഭാഗ്യവാനായ തടവുകാരനെ സഹായിക്കാൻ ഒരാൾ പോലും മുന്നോട്ടുവന്നില്ല. “കരാറിന്റെ വ്യവസ്ഥകൾ ഒത്തുതീർപ്പായതിനാൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല. നിങ്ങൾ നിങ്ങളുടെ പിതാവിനൊപ്പം മടങ്ങണം. ഈ പീഢനത്തിൽ നിന്ന് രക്ഷപ്പെടാൻ ദൈവം നിങ്ങൾക്ക് മറ്റെന്തെങ്കിലും അവസരം നൽകും.” തിരുനബിﷺ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
    സമാനമായ പല സന്ദർഭങ്ങളുമുണ്ടായിട്ടും തിരുനബിﷺ അതിനെയെല്ലാം സഹിഷ്ണുതയോടെ മറികടന്നു. നീതിയുടെയും ധർമത്തിന്റെയും സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങളുടെയും പ്രാധാന്യം മുന്നില്‍ വച്ചു കൊണ്ടായിരുന്നു ശത്രു സൈന്യങ്ങളോട് പോലും ഈ നിലപാടുകൾ പരിപാലിച്ചത്.
    കരാറുകളുടെയും സന്ധികളുടെയും എല്ലാ വഴികളും അടഞ്ഞതിനു ശേഷമല്ലാതെ സായുധമായ മുഖാമുഖം കാണുന്നതിന് ഇറങ്ങിപ്പുറപ്പെടരുത് എന്ന കർശനമായ നിർദ്ദേശം പ്രവാചക സന്ദേശങ്ങൾ നൽകിയിരുന്നു. യുദ്ധ പ്രഖ്യാപനം നടത്താതെ സൈനിക നീക്കങ്ങളും നടത്താൻ പാടില്ല എന്ന അന്താരാഷ്ട്ര യുദ്ധം നിയമം ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് തിരുനബിﷺ പറഞ്ഞു വെച്ചതിന്റെ തുടർച്ചയാണ്. ആധുനികലോകത്ത് അത്തരം നിബന്ധനകളും നിയമങ്ങളും ലംഘിക്കപ്പെടുന്നുണ്ടെങ്കിലും പടക്കളത്തിലും പാലിക്കേണ്ട നീതിബോധത്തെയും യുദ്ധക്കെടുതികൾക്കിടയിലും സംരക്ഷിക്കപ്പെടേണ്ട ധാർമിക വിചാരങ്ങളെയും എത്ര കൃത്യമായിട്ടായിരുന്നു തിരുനബിﷺ അധ്യാപനം നടത്തിയത്. ഇന്നും എന്നും വായിച്ചു കൊണ്ടിരിക്കേണ്ട ജീവിതത്തിലെ ജിഹാദ് എന്ന അധ്യായത്തിന് ഇത്തരം ധർമങ്ങളെ കുറിച്ചാണ് സംസാരിക്കാനുള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...