Tweet 1142

    Tweet 1142
    July 30, 2025 • Wednesday
    Post Header

    നബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ ആത്മീയ സാരം ഉൾക്കൊള്ളുന്ന ഒരു ഭാഗമാണ് ഇപ്പോൾ നാം വായിക്കുന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഉമാമ(റ) പറഞ്ഞു. തർക്കിക്കാൻ അവസരമുണ്ടായിട്ടും തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നവന് സ്വർഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു കൊട്ടാരം നൽകുമെന്ന് ഞാൻ ജാമ്യം നിൽക്കുന്നു. സത്യസന്ധത പാലിക്കുന്നവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു കൊട്ടാരമുണ്ടെന്ന് ഞാൻ ജാമ്യം നിൽക്കുന്നു, സൽസ്വഭാവം നിലനിർത്തുന്നവന് സ്വർഗ്ഗത്തിന്റെ ഉന്നതിയിൽ ഒരു ഭവനം നൽകുമെന്നും.

    മനുഷ്യർ പരസ്പരമുള്ള ബന്ധങ്ങളിൽ ഏറ്റവും മൂല്യത്തോടെ പാലിക്കേണ്ട മൂന്നു ഗുണങ്ങളെയാണ് ഇവിടെ പരാമർശിച്ചത്. ഒന്ന്, തർക്കിക്കേണ്ട സന്ദർഭങ്ങളിൽ പോലും തർക്കത്തിൽ നിന്ന് വിട്ടു നിന്നു സഹിഷ്ണുതയും സമാധാനവും പാലിക്കുക. കാരണം തർക്കം പരസ്പരമുള്ള വ്യക്തി ബന്ധങ്ങളെ ഇല്ലായ്മ ചെയ്യും. അനാവശ്യമായ വാശികളിലേക്ക് നയിക്കും. ചിലപ്പോൾ ആജീവനാന്തം തന്നെ അകന്നുനിൽക്കാൻ കാരണമാവുകയും ചെയ്യും. തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുക വഴി ഒരുപാട് നന്മകൾ നേടിയെടുക്കാനാകും.

    സത്യസന്ധത എല്ലാ നന്മയുടെയും ആത്മാവാണല്ലോ. സത്യസന്ധതയ്ക്ക് സ്വർഗ്ഗത്തിന്റെ മധ്യഭാഗത്തു തന്നെ കൊട്ടാരം വാഗ്ദാനം ചെയ്തത് അതിൻ്റെ പ്രാധാന്യം മുൻനിർത്തിയാണ്. സൽസ്വഭാവത്തിന്റെ പ്രാധാന്യവും പ്രത്യേകം പറയേണ്ടതില്ല. തിരുനബിﷺയെ പ്രകീർത്തിച്ചുകൊണ്ട് ഖുർആൻ ഉദ്ഘോഷിച്ചത് തന്നെ അവിടുത്തെ സ്വഭാവ മഹിമയുടെ ഉന്നതിയാണ്.

    ഈ മൂന്നു ഗുണങ്ങളും ഒത്തുചേർന്ന ഒരു ഇടപാടിൽ നിന്ന് നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ. എത്രമേൽ ശാസ്ത്രീയവും നിർമാണപരവുമായ ആത്മീയ വിചാരത്തെയാണ് ഇതുവഴി സമൂഹത്തിന് പകർന്നുനൽകിയത്.

    ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ആറുകാര്യങ്ങളിൽ നിങ്ങൾ എനിക്കുറപ്പു നൽകിയാൽ നിങ്ങൾക്ക് സ്വർഗം ലഭിക്കുമെന്ന് ഞാൻ ജാമ്യം നൽകാം. ഒന്ന്, സത്യം മാത്രം പറയുക. രണ്ട്, കരാറുകൾ പാലിക്കുക. മൂന്ന്, വിശ്വസിച്ചേൽപ്പിച്ചത് നിറവേറ്റുക. നാല്, സ്വകാര്യ അവയവങ്ങളെ തെറ്റിൽ നിന്ന് സൂക്ഷിക്കുക. അഞ്ച്, അനാവശ്യങ്ങളിൽ നിന്ന് കണ്ണു ചിമ്മുക. ആറ്, കൈകൾ നിയന്ത്രിക്കുക അഥവാ അക്രമം, അനാവശ്യമായ കൈ കാര്യങ്ങളിൽ നിന്ന് സൂക്ഷിക്കുക.

    പ്രവാചക പ്രഭുﷺ സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യുമ്പോൾ ആരാധനാലയത്തിലെ ദീർഘനേരത്തെ ധ്യാനത്തെക്കുറിച്ചല്ല പറഞ്ഞത്. ഏതെങ്കിലും മന്ത്രങ്ങൾ പതിവാക്കണം എന്നല്ല നിർദ്ദേശിച്ചത്. ഒരു വ്യക്തി പാലിക്കേണ്ട ഗുണങ്ങളെയും മേന്മകളെയും പെരുമാറ്റ രീതികളെയും ചിട്ടയിൽ പാലിക്കുക എന്നാണ്. സ്വഭാവഗുണങ്ങൾക്കും വ്യവഹാര നന്മകൾക്കും ഇസ്‌ലാമും തിരുനബിﷺയും കൽപ്പിച്ച പ്രാധാന്യമാണ് മേൽ ഹദീസ് നമുക്ക് പകർന്നു നൽകുന്നത്.

    മാതൃകാപരമായ ഒരു സമൂഹത്തെ തിരുനബിﷺ പാകപ്പെടുത്തിയത് മനുഷ്യൻ്റെ സ്വഭാവഗുണങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളിലൂടെയാണ്. ഇങ്ങനെ മാനുഷികവും മാനവികവുമായി തിരുനബിﷺയുടെ നവോത്ഥാനത്തെയും സാമൂഹിക നിർമാണത്തെയും വായിക്കാൻ കൂടി നമുക്ക് സാധിക്കണം. ചില ആരാധനാകർമങ്ങൾ നിർദ്ദേശിച്ചും മന്ത്രങ്ങൾ അഭ്യസിപ്പിച്ചും ധ്യാനമുറകൾ പരിശീലിപ്പിച്ചുമല്ല ഇസ്‌ലാമും പ്രവാചക ദർശനങ്ങളും സമൂഹത്തോട് സംവദിച്ചത്, മനുഷ്യരെ മനുഷ്യനായി അവതരിപ്പിച്ചും മാനുഷിക ഗുണങ്ങളിൽ മുൻനിരയിൽ നിൽക്കേണ്ട ഗുണങ്ങളെ എണ്ണിപ്പറഞ്ഞും സ്വഭാവരൂപീകരണത്തിന് പ്രാധാന്യം കൽപ്പിച്ചും ഏറ്റവും ഉത്തമമായ സ്വഭാവത്തെ നബി ജീവിതത്തിലൂടെ ആവിഷ്കരിച്ചും ഒക്കെയായിരുന്നു.

    മതം, ആത്മീയത എന്നൊക്കെ കേൾക്കുമ്പോൾ മറ്റു മതങ്ങളെ പഠിച്ച ഒരു മാനസികാവസ്ഥയിലോ രൂപപ്പെടുത്തിയ നരേഷനുകളിലോ നിന്നുകൊണ്ടല്ല ഇസ്‌ലാമിനെയും പ്രവാചക ദർശനത്തെയും വായിക്കേണ്ടത്. ജീവിതഗന്ധിയായ മാനുഷിക പരിസരത്തെ ഏറ്റവും മനോഹരമായി നിർണയിക്കുകയും നിരീക്ഷിക്കുകയും ചെയ്ത, പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന ഒരു മഹാസംസ്കൃതിയായിട്ടാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...