Tweet 1143

    Tweet 1143
    July 31, 2025 • Thursday
    Post Header

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരാൾ നബിﷺയുടെ അടുക്കൽ വന്ന് ആവലാതി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, ഞാൻ ചുമരു വെക്കാൻ ഉദ്ദേശിക്കുന്നിടത്ത് ഇന്ന ആളുടെ ഒരു ഈത്തപ്പനയുണ്ട്. ഈത്തപ്പനയുടെ ഉടമയോട് തിരുനബിﷺ പറഞ്ഞു. ആ ഈത്തപ്പന ചുമരു വെക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് നൽകൂ. പകരം അള്ളാഹു സ്വർഗത്തിൽ നിങ്ങൾക്ക് നൽകും. പക്ഷേ ഈത്തപ്പനയുടെ ഉടമസ്ഥൻ അത് സമ്മതിച്ചില്ല. ഉടനെ സ്വഹാബിയായ അബുദ്ദഹ്ദാഹ്(റ) ഈത്തപ്പനയുടെ ഉടമയുടെ അടുക്കലെത്തി. പ്രസ്തുത ഈത്തപ്പനയ്ക്ക് പകരം തൻ്റെ ഒരു തോട്ടം വിലയായി നൽകാമെന്ന് പറഞ്ഞു. ഉടമസ്ഥൻ സമ്മതിച്ചു. അബുദ്ദഹ്ദാഹ്(റ) നബിﷺയുടെ സവിധത്തിൽ വന്നു കാര്യം പറഞ്ഞു. ഞാനാ ഈത്തപ്പന ഒരു തോട്ടം പകരമായി കൊടുത്തു വാങ്ങിയിട്ടുണ്ട്. ചുമരു കെട്ടാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഞാനത് സമ്മാനമായി നൽകുന്നു. തിങ്ങിയ കുലകളുള്ള എത്രയെത്ര ഈത്തപ്പനകളാണ് സ്വർഗ്ഗത്തിൽ അബുദ്ദഹ്ദാഹ്(റ)നൂ ഒരുക്കി വെച്ചിരിക്കുന്നത്. തിരുനബിﷺ ഇത് ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞു. ഇത് കേട്ട അദ്ദേഹം ഭാര്യയുടെ അടുക്കലേക്ക് ചെന്ന് ഇപ്രകാരം പറഞ്ഞു. നിങ്ങൾ നമ്മുടെ ആ തോട്ടത്തിൽ നിന്ന് പുറത്തേക്ക് വരൂ. സ്വർഗ്ഗത്തിലെ ഒരു തോട്ടത്തിന് പകരം ഞാനിത് കച്ചവടം ചെയ്തിരിക്കുന്നു. ഉടനെ ഭാര്യ പ്രതികരിച്ചു. നിങ്ങളുടെ ഇടപാട് ലാഭകരമായിരിക്കുന്നു.
    തിരുനബിﷺ രൂപപ്പെടുത്തിയ ഒരു സാമൂഹിക ഘടനയിലെ വ്യക്തികളുടെ വിചാരങ്ങളാണ് ഇവയെല്ലാം. വ്യാപാരങ്ങളും വ്യവഹാരങ്ങളും കൃത്യമായ നിയമത്തിന്റെയും നിബന്ധനയുടെയും അടിസ്ഥാനത്തിൽ നടക്കുമ്പോഴും ഔദാര്യവും വിട്ടുവീഴ്ചയും ദാനധർമങ്ങളും സമൂഹ ഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും പാവപ്പെട്ടവനെ കൂടുതൽ പരിഗണിക്കുകയും സമൂഹത്തിൽ കൂടുതൽ നന്മകൾ രൂപപ്പെടുത്തുകയും ചെയ്യും.
    ഇല്ലാത്തവന് വേണ്ടി ഉള്ളവനോട് സംസാരിക്കുക, ആവശ്യക്കാരനെ സഹായിക്കുക ഇതെല്ലാം തിരുനബിﷺയുടെ അടിസ്ഥാന ശീലങ്ങളായിരുന്നു. ഒട്ടും ചോർന്നു പോകാതെ ഈ മൂല്യങ്ങളെ ശിഷ്യന്മാരിലേക്ക് പകർന്നു നൽകി. ഇന്നും ലോകത്ത് പരസ്പര സഹായത്തിന്റെയും ദാനധർമങ്ങളുടെയും ഏറ്റവും വലിയ സമൂഹമായി ഇസ്‌ലാമിക സമൂഹം നിലനിൽക്കുന്നു. ഇസ്‌ലാം മത വിശ്വാസികൾ ഒരു വർഷം ചെയ്യുന്ന ദാനധർമങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോൾ അത് ആശ്ചര്യകരമായിരിക്കും.
    ആവശ്യക്കാരനെ കൂടുതൽ ഞെരുക്കുന്ന പലിശ വ്യവസ്ഥിതിയിൽ നിന്നും മാറി ഉള്ളവൻ ഇല്ലാത്തവന് നൽകണമെന്ന കാരുണ്യ വ്യവസ്ഥിതിയാണ് തിരുനബിﷺ സമൂഹത്തിൽ സ്ഥാപിച്ചത്. അതിൻ്റെ മേന്മയും ഗുണവും എക്കാലത്തെയും സമൂഹങ്ങൾ അനുഭവിക്കുകയും ചെയ്തു. അയൽവാസികളുടെ മൂല്യങ്ങൾ കൂടി ചേർത്തുവച്ചപ്പോൾ ജാതിമത വിഭാഗങ്ങൾക്കതീതമായി മുസ്‌ലിംകളുടെ ദാനശീലം അനുഗ്രഹത്തിന്റെ കരങ്ങളായി പകർന്നുവന്നു.
    അപരനു നൽകാൻ പ്രേരിപ്പിക്കുമ്പോഴും ഉടമസ്ഥന്റെ അവകാശങ്ങളെയൊന്നും ഹനിക്കാൻ തിരുനബിﷺ തയ്യാറായില്ല. ആത്മീയതയുടെ അടിത്തറയിൽ പാകപ്പെടുത്തിയെടുത്ത വിശാലമായ ഒരു സമൂഹത്തിൻ്റെ കാരുണ്യ തീർത്ഥം ഒരുപാട് ആളുകളുടെ കണ്ണീരൊപ്പുകയും നന്മയുടെ കേന്ദ്രമായി വർത്തിക്കുകയും ചെയ്തു.
    ഭർത്താവിൻ്റെ ആത്മീയ വ്യവഹാരത്തെ സർവ്വാത്മനാ സ്വീകരിക്കുകയും പ്രോത്സാഹനപൂർവ്വം പ്രതികരിക്കുകയും ചെയ്യാൻ ഭാര്യക്ക് സാധിച്ചത് സ്വഹാബികൾ വീട്ടിൽ രൂപപ്പെടുത്തിയ ആത്മീയ പരിസരം കൊണ്ട് മാത്രമായിരുന്നു. പ്രവാചകരിﷺൽ നിന്ന് നേരിട്ട് കേട്ടു പഠിച്ച അധ്യാപനങ്ങളെയും ആത്മീയ പാഠങ്ങളെയും സ്വഹാബികൾ അവരുടെ കുടുംബിനികൾക്കും കുടുംബത്തിനും പകർന്നു നൽകി. അതുകൊണ്ട് ഓരോ കുടുംബങ്ങളും നന്മയുടെ കേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്തു.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...