Tweet 1141

    Tweet 1141
    July 29, 2025 • Tuesday
    Post Header

    ഇമാം ത്വബ്റാനി(റ)യും ബസ്സാറും(റ) നിവേദനം ചെയ്യുന്നു. അബു റാഫിഈ(റ) പറഞ്ഞു. തിരുനബിﷺയുടെ അടുക്കൽ ഒരു അതിഥി വന്നു. അപ്പോൾ എന്നെ ഒരു ജൂതന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തോട് ഇങ്ങനെ പറയാൻ പറഞ്ഞു. റജബ് വരെ അവധിയായിട്ടോ വില്പന ആയിട്ടോ എനിക്ക് നൽകുക. അദ്ദേഹം പറഞ്ഞു. അവധി ആയിട്ടോ കടമായിട്ടോ തരില്ല. പണയം ആയിട്ടാണെങ്കിൽ നൽകാം. ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്ന് കാര്യം പറഞ്ഞു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. അല്ലാഹു സാക്ഷി! അയാൾ അവധിക്കോ വായ്പയായിട്ടോ തന്നാലും ഭൂമിലോകത്തും ആകാശലോകത്തും ഞാൻ വിശ്വസ്തനാണ്. ഇരുമ്പിന്റെ പടയങ്കി കൊണ്ടുപോയി അദ്ദേഹത്തിൻ്റെ അടുക്കൽ പണയം കൊടുത്തു കൊള്ളൂ. അപ്പോഴാണ് സൂറത്തു ത്വാഹായിലെ ഇരുപതാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരമാണ്. മനുഷ്യരിലെ പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് തങ്ങളുടെ ദൃഷ്ടികള്‍ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കുകയാണ്. തങ്ങളുടെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു ഏറ്റവും ശ്രേഷ്ഠവും നിലനില്‍ക്കുന്നതും.
    അതിഥി സൽക്കാരത്തിനുവേണ്ടി തിരുനബിﷺ വായ്പ വാങ്ങാൻ സഹാബിയെ പറഞ്ഞയക്കുന്നു. കടമായോ അവധിക്കോ ചോദിച്ചപ്പോൾ അദ്ദേഹം നൽകാൻ വിസമ്മതിച്ചു. പണയമാണെങ്കിൽ തന്നു കൊള്ളാമെന്നു പറഞ്ഞു. തിരുനബിﷺ പണയം നൽകി തൽക്കാലം വായ്പ വാങ്ങാൻ ഉദ്ദേശിച്ചു. അതിനിടയിൽ തങ്ങളുടെ വിശ്വസ്തതയും സത്യസന്ധതയും ആത്മാഭിമാനത്തോടെ എടുത്തു പറഞ്ഞു. ആ സമയത്തുള്ള തിരുനബിﷺയുടെ മനോവിചാരങ്ങളെ ഉയർത്തിക്കാണിച്ചുകൊണ്ട് ഖുർആൻ സംവദിച്ചു. ഈ ലോകത്തെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും നൈമിഷികമാണെന്നും അതിലേക്ക് തങ്ങളുടെ ദൃഷ്ടി പതിയേണ്ടതില്ലെന്നും ആശ്വാസ വാചകങ്ങളായി തിരുനബിﷺയെ അറിയിച്ചു. അല്ലാഹു നൽകുന്ന അനുഭവങ്ങളും സന്തോഷങ്ങളും അനന്തവും ശ്രേഷ്ഠവുമാണെന്ന് ഒരിക്കൽ കൂടി തിരുനബിﷺയെ ഉണർത്തി.
    വ്യാപാര വ്യവഹാരങ്ങളുടെ ആത്മീയ തലങ്ങളെയും ഇടപാടുകാരൻ മുന്നോട്ടുവെക്കുന്ന ന്യായമായ അവകാശങ്ങൾ പരിഗണിക്കുന്നതിനെയും ഭൗതികമായി അനുഗ്രഹങ്ങൾ ലഭിച്ചു എന്ന് കരുതി ഒരാൾ ശ്രേഷ്ഠനാവുന്നില്ലെന്നും ഒക്കെ പകർന്നു നൽകുന്ന മനോഹരമായ ഒരു അധ്യായമാണ് നാം വായിച്ചത്.
    തിരുനബിﷺയെ പ്രകോപിപ്പിക്കാനോ അനുയായികളുടെ മുമ്പിൽ പരിശോധിക്കാനോ ലക്ഷ്യം വെച്ച് യഹൂദന്മാരായ ഇടപാടുകാർ അവധിയെത്താത്ത വായ്പ തിരിച്ചു വാങ്ങാൻ തിരുനബിﷺയുടെ സന്നിധിയിൽ പലപ്പോഴും വന്നിട്ടുണ്ട്. ജീവനുതുല്യം തിരുനബിﷺയെ ഇഷ്ടപ്പെടുന്ന സ്വഹാബികൾക്ക് പലപ്പോഴും പ്രയാസമോ പ്രകോപനമോ സൃഷ്ടിക്കുകയും ചെയ്തു. അപ്പോഴെല്ലാം തിരുനബിﷺ സഹിഷ്ണുതയോടുകൂടി സഹവസിക്കുകയും ഇടപാടുകാരന്റെ അവകാശം സമയത്തിന് മുമ്പേയാണെങ്കിലും ചോദിച്ചത് കൊടുത്തുവീട്ടി മാതൃകാപരമായ ജീവിതം കാഴ്ചവെക്കുകയും ചെയ്തു. പ്രകോപിപ്പിക്കാനോ ആക്ഷേപിക്കാനോ വന്നവർ പ്രശംസിച്ചു കൊണ്ട് തിരിച്ചു പോയി. ഇത്തരം ചിത്രങ്ങൾ നൽകുന്ന നിരവധി നിവേദനങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാൻ കഴിയും.
    മനുഷ്യകത്തിന് മുഴുവനും ഒരുപാട് കരുതലുകളോടെ നൽകിയിട്ടുള്ള ഇടപാടുകളുടെ സൗന്ദര്യമാണ് അവയിലെല്ലാം നമുക്ക് വായിക്കാനുള്ളത്. ഏതൊരു വ്യക്തിയിൽ നിന്നാണെങ്കിലും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും ഉയർത്തുന്ന ന്യായ വാദങ്ങൾക്ക് മുന്നിൽ സഹിഷ്ണുതയോടുകൂടി പെരുമാറണമെന്നും ഇത്രമേൽ കൃത്യമായി അധ്യാപനം നൽകിയ വേറെ ഒരു ഗുരുവിനെയും ലോകത്ത് നിന്ന് വായിക്കാനുണ്ടാവില്ല.
    നബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ ആത്മീയ സാരം ഉൾക്കൊള്ളുന്ന ഒരു ഭാഗമാണ് ഇപ്പോൾ നാം വായിക്കുന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഉമാമ(റ) പറഞ്ഞു. തർക്കിക്കാൻ അവസരമുണ്ടായിട്ടും തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നവന് സ്വർഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു കൊട്ടാരം നൽകുമെന്ന് ഞാൻ ജാമ്യം നിൽക്കുന്നു. സത്യസന്ധത പാലിക്കുന്നവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു കൊട്ടാരമുണ്ടെന്ന് ഞാൻ ജാമ്യം നിൽക്കുന്നു, സൽസ്വഭാവം നിലനിർത്തുന്നവന് സ്വർഗ്ഗത്തിന്റെ ഉന്നതിയിൽ ഒരു ഭവനം നൽകുമെന്നും.
    മനുഷ്യർ പരസ്പരമുള്ള ബന്ധങ്ങളിൽ ഏറ്റവും മൂല്യത്തോടെ പാലിക്കേണ്ട മൂന്നു ഗുണങ്ങളെയാണ് ഇവിടെ പരാമർശിച്ചത്. ഒന്ന്, തർക്കിക്കേണ്ട സന്ദർഭങ്ങളിൽ പോലും തർക്കത്തിൽ നിന്ന് വിട്ടു നിന്നു സഹിഷ്ണുതയും സമാധാനവും പാലിക്കുക. കാരണം തർക്കം പരസ്പരമുള്ള വ്യക്തി ബന്ധങ്ങളെ ഇല്ലായ്മ ചെയ്യും. അനാവശ്യമായ വാശികളിലേക്ക് നയിക്കും. ചിലപ്പോൾ ആജീവനാന്തം തന്നെ അകന്നുനിൽക്കാൻ കാരണമാവുകയും ചെയ്യും. തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുക വഴി ഒരുപാട് നന്മകൾ നേടിയെടുക്കാനാകും.
    സത്യസന്ധത എല്ലാ നന്മയുടെയും ആത്മാവാണല്ലോ. സത്യസന്ധതയ്ക്ക് സ്വർഗ്ഗത്തിന്റെ മധ്യഭാഗത്തു തന്നെ കൊട്ടാരം വാഗ്ദാനം ചെയ്തത് അതിൻ്റെ പ്രാധാന്യം മുൻനിർത്തിയാണ്. സൽസ്വഭാവത്തിന്റെ പ്രാധാന്യവും പ്രത്യേകം പറയേണ്ടതില്ല. തിരുനബിﷺയെ പ്രകീർത്തിച്ചുകൊണ്ട് ഖുർആൻ ഉദ്ഘോഷിച്ചത് തന്നെ അവിടുത്തെ സ്വഭാവ മഹിമയുടെ ഉന്നതിയാണ്.
    ഈ മൂന്നു ഗുണങ്ങളും ഒത്തുചേർന്ന ഒരു ഇടപാടിൽ നിന്ന് നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ. എത്രമേൽ ശാസ്ത്രീയവും നിർമാണപരവുമായ ആത്മീയ വിചാരത്തെയാണ് ഇതുവഴി സമൂഹത്തിന് പകർന്നുനൽകിയത്.
    ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ആറുകാര്യങ്ങളിൽ നിങ്ങൾ എനിക്കുറപ്പു നൽകിയാൽ നിങ്ങൾക്ക് സ്വർഗം ലഭിക്കുമെന്ന് ഞാൻ ജാമ്യം നൽകാം. ഒന്ന്, സത്യം മാത്രം പറയുക. രണ്ട്, കരാറുകൾ പാലിക്കുക. മൂന്ന്, വിശ്വസിച്ചേൽപ്പിച്ചത് നിറവേറ്റുക. നാല്, സ്വകാര്യ അവയവങ്ങളെ തെറ്റിൽ നിന്ന് സൂക്ഷിക്കുക. അഞ്ച്, അനാവശ്യങ്ങളിൽ നിന്ന് കണ്ണു ചിമ്മുക. ആറ്, കൈകൾ നിയന്ത്രിക്കുക അഥവാ അക്രമം, അനാവശ്യമായ കൈ കാര്യങ്ങളിൽ നിന്ന് സൂക്ഷിക്കുക.
    പ്രവാചക പ്രഭുﷺ സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യുമ്പോൾ ആരാധനാലയത്തിലെ ദീർഘനേരത്തെ ധ്യാനത്തെക്കുറിച്ചല്ല പറഞ്ഞത്. ഏതെങ്കിലും മന്ത്രങ്ങൾ പതിവാക്കണം എന്നല്ല നിർദ്ദേശിച്ചത്. ഒരു വ്യക്തി പാലിക്കേണ്ട ഗുണങ്ങളെയും മേന്മകളെയും പെരുമാറ്റ രീതികളെയും ചിട്ടയിൽ പാലിക്കുക എന്നാണ്. സ്വഭാവഗുണങ്ങൾക്കും വ്യവഹാര നന്മകൾക്കും ഇസ്‌ലാമും തിരുനബിﷺയും കൽപ്പിച്ച പ്രാധാന്യമാണ് മേൽ ഹദീസ് നമുക്ക് പകർന്നു നൽകുന്നത്.
    മാതൃകാപരമായ ഒരു സമൂഹത്തെ തിരുനബിﷺ പാകപ്പെടുത്തിയത് മനുഷ്യൻ്റെ സ്വഭാവഗുണങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളിലൂടെയാണ്. ഇങ്ങനെ മാനുഷികവും മാനവികവുമായി തിരുനബിﷺയുടെ നവോത്ഥാനത്തെയും സാമൂഹിക നിർമാണത്തെയും വായിക്കാൻ കൂടി നമുക്ക് സാധിക്കണം. ചില ആരാധനാകർമങ്ങൾ നിർദ്ദേശിച്ചും മന്ത്രങ്ങൾ അഭ്യസിപ്പിച്ചും ധ്യാനമുറകൾ പരിശീലിപ്പിച്ചുമല്ല ഇസ്‌ലാമും പ്രവാചക ദർശനങ്ങളും സമൂഹത്തോട് സംവദിച്ചത്, മനുഷ്യരെ മനുഷ്യനായി അവതരിപ്പിച്ചും മാനുഷിക ഗുണങ്ങളിൽ മുൻനിരയിൽ നിൽക്കേണ്ട ഗുണങ്ങളെ എണ്ണിപ്പറഞ്ഞും സ്വഭാവരൂപീകരണത്തിന് പ്രാധാന്യം കൽപ്പിച്ചും ഏറ്റവും ഉത്തമമായ സ്വഭാവത്തെ നബി ജീവിതത്തിലൂടെ ആവിഷ്കരിച്ചും ഒക്കെയായിരുന്നു.
    മതം, ആത്മീയത എന്നൊക്കെ കേൾക്കുമ്പോൾ മറ്റു മതങ്ങളെ പഠിച്ച ഒരു മാനസികാവസ്ഥയിലോ രൂപപ്പെടുത്തിയ നരേഷനുകളിലോ നിന്നുകൊണ്ടല്ല ഇസ്‌ലാമിനെയും പ്രവാചക ദർശനത്തെയും വായിക്കേണ്ടത്. ജീവിതഗന്ധിയായ മാനുഷിക പരിസരത്തെ ഏറ്റവും മനോഹരമായി നിർണയിക്കുകയും നിരീക്ഷിക്കുകയും ചെയ്ത, പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന ഒരു മഹാസംസ്കൃതിയായിട്ടാണ്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...