Tweet 1119

    Tweet 1119
    July 7, 2025 • Monday
    Post Header

    ബലികർമത്തിന് ശേഷം തിരുനബിﷺ തങ്ങളുടെ ബാർബറെ വിളിച്ചു തല മുണ്ഡനം ചെയ്തു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. മഅ്മറുബ്നു അബ്ദില്ലാഹിൽ അദ്‌വി(റ) ആയിരുന്നു തിരുനബിﷺയുടെ തല മുണ്ഡനം ചെയ്തത്. “ആദ്യം വലതു ഭാഗത്തെയും ശേഷം ഇടതു ഭാഗത്തെയും മുടിയെടുക്കാൻ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. ജനങ്ങൾക്കിടയിൽ ആ മുടി വിതരണം ചെയ്യുകയും ചെയ്തു.
    തിരുനബിﷺയുടെ കേശവും ശേഷിപ്പുകളും എങ്ങനെയായിരുന്നു സ്വഹാബികൾ കൈകാര്യം ചെയ്തിരുന്നത് എന്ന് പല അധ്യായങ്ങളിൽ നമ്മൾ വായിച്ചു പോയിട്ടുണ്ട്. നമ്മൾ സാധാരണ മനുഷ്യർ. നമ്മുടെ മുടിയും നഖവും മറ്റുശേഷിപ്പുകളും എന്നതിനോട് ചേർത്തു കൊണ്ടല്ല തിരുനബിﷺയുടേത് വായിക്കേണ്ടത്. അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായവരുടെ തിരു ശരീരത്തിലെ ശേഷിപ്പുകൾ. അടിസ്ഥാനപരമായ വ്യക്തി വിശേഷവും മഹത്വങ്ങളും മുന്നിൽവച്ച് കൊണ്ട് വായിക്കുമ്പോഴാണ് ഇത്തരം അധ്യായങ്ങളുടെ സാരം ബോധ്യപ്പെടുന്നത്. രത്നവും കല്ലാണ് പക്ഷേ സാധാരണ കല്ലല്ല. സ്വർണ്ണവും ലോഹമാണ് സാധാരണ ലോഹമല്ല. നാമെല്ലാവരും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന യാഥാർത്ഥ്യങ്ങളാണല്ലോ ഇതെല്ലാം. തിരുനബിﷺ മനുഷ്യനാണ് എന്നാൽ സാധാരണ മനുഷ്യനല്ല. ഇത്രയേ ഉള്ളൂ ഈ അധ്യായത്തിൽ മനസ്സിലാക്കാൻ.
    തിരുനബിﷺയെ നേരിട്ട് അനുഭവിച്ച സ്വഹാബികൾ അവിടുത്തെ സമീപിച്ചത് എങ്ങനെയെന്ന് വായിക്കാനുള്ള അധ്യായം കൂടിയാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ശിരസ്സിൽ നിന്നും നീക്കം ചെയ്യുന്ന ഓരോ കേശങ്ങളും സ്വഹാബികളുടെ കൈകളിലായിരുന്നു പതിച്ചിരുന്നത്.
    തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്ന സ്വഹാബികളുടെ നടപടിയെ നാം ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കൂടെയുണ്ടായിരുന്നവരിൽ ചിലർ തല മുണ്ഡനം ചെയ്യുകയും ചില ആളുകൾ മുടി വെട്ടുകയും ചെയ്തു. മുടി വടിച്ചവർക്ക് കാരുണ്യത്തിനും പാപമോചനത്തിനുമായി നബിﷺ മൂന്നു തവണ പ്രാർഥിച്ചു. മുടി വെട്ടിയവർക്ക് ഒരു തവണയും പ്രാർഥിച്ചു.
    തലമുണ്ഡനം ചെയ്തതിനു ശേഷം അവിടുത്തെ ഇഹ്റാമിന്റെ വസ്ത്രം അഴിച്ചു വെക്കുകയും സാധാരണ വസ്ത്രം ധരിക്കുകയും ചെയ്തു. സുഗന്ധം പൂശി. പ്രിയ പത്നി ആഇശ(റ)യാണ് സുഗന്ധം പുരട്ടി കൊടുത്തത്. കസ്തൂരിയുടെ ചേരുവ ഉണ്ടായിരുന്ന സുഗന്ധമായിരുന്നു ഉപയോഗിച്ചത്. തവാഫുൽ ഇഫാളയുടെ അഥവാ ഹജ്ജിന്റെ നിർബന്ധ ഭാഗമായ ത്വാവാഫിന് മുമ്പായിരുന്നു ഇത് ചെയ്തത്.
    തുടർന്നുള്ള കർമങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ അവിടുത്തെ ഒട്ടകപ്പുറത്ത് കയറി ളുഹ്റിന് മുമ്പായി മസ്ജിദുൽ ഹറാമിലേക്ക് വന്നു. ഒട്ടകപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് അവിടുന്ന് ത്വവാഫ് നിർവഹിച്ചത്. മറ്റുള്ള ആളുകൾ കാണുന്നതിന് വേണ്ടിയായിരുന്നു അത്. കാരണം തിരുനബിﷺയിൽ നിന്നാണല്ലോ ജനങ്ങൾ പഠിക്കേണ്ടത്. മാത്രമല്ല ജനങ്ങൾക്ക് ചോദിച്ചറിയുവാനുള്ള അവസരവും വേണ്ടതുണ്ടായിരുന്നു. ത്വവാഫിന്റെ സന്ദർഭത്തിൽ ഓരോ ചുറ്റിലും നബിﷺ തങ്ങളുടെ കയ്യിലുള്ള വടികൊണ്ട് ഹജറുൽ അസ്‌വദിനെ സ്പർശിച്ചിരുന്നു. വടി കൊണ്ട് അതല്ലെങ്കിൽ കയ്യിലുള്ള വസ്തുകൊണ്ട് അതിലേക്ക് ചൂണ്ടിക്കാണിക്കുകയും അല്ലാഹു അക്ബർ എന്ന് പറയുകയും ചെയ്തിട്ടുണ്ട്.
    ഹജ്ജിന്റെ ത്വവാഫ് ഏതുവിധമാണ് നിർവഹിക്കേണ്ടത് എന്ന് തിരുനബിﷺ തന്നെ നേരിട്ട് പ്രായോഗികമായി അവതരിപ്പിക്കുന്ന ഏക സന്ദർഭമായിരുന്നു ഇത്. അനുയായികൾക്കൊപ്പം തന്നെ ചേർന്നുകൊണ്ട് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനും അപ്പപ്പോൾ വരുന്ന ആശങ്കകൾ അകറ്റി മുന്നോട്ടു പോകാനും തിരുനബിﷺ ആവശ്യം പോലെ അവസരങ്ങൾ നൽകി.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...