Tweet 1120

    Tweet 1120
    July 8, 2025 • Tuesday
    Post Header

    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ത്വവാഫ് നിർവഹിച്ചതിനു ശേഷം സംസമിന്റെ അടുക്കലേക്ക് ചെന്നു. അബ്ദുൽ മുത്തലിബിന്റെ സന്തതികളായിരുന്നു വെള്ളം കോരി കൊടുത്തിരുന്നത്. നബിﷺ അവരോടു വെള്ളം ആവശ്യപ്പെടുകയും ഒരു പാത്രത്തിൽ അവർ വെള്ളം എടുത്തു കൊടുക്കുകയും നബിﷺ അതിൽ നിന്നും കുടിക്കുകയും ചെയ്തു. ശേഷം, ഇങ്ങനെ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നു കൊള്ളുക. ഏറ്റവും നല്ല പ്രവൃത്തിയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
    തുടർന്നുള്ള കർമങ്ങളെക്കുറിച്ച് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ‘ത്വവാഫുൽ ഇഫാള’ നിർവഹിച്ചതിനു ശേഷം അന്നേ ദിവസം തന്നെ നബിﷺ മിനയിലേക്ക് മടങ്ങി. അയ്യാമുത്തശ്’രീഖിന്റെ മൂന്നു ദിവസങ്ങളും മിനയിൽ താമസിച്ചു. കൂടെയുള്ളവരോടൊപ്പം ഓരോ സമയത്തെയും നിസ്കാരങ്ങൾ ജമാഅത്തായി ചുരുക്കി അഥവാ ഖസ്റാക്കി നിർവഹിച്ചു. ബശീറുബ്നു സുഹൈം(റ) എന്ന സ്വഹാബിയോട് ഇപ്രകാരം വിളിച്ചു പറയുവാൻ തിരുനബിﷺ കല്പിച്ചു. അറിയുക! സത്യ വിശ്വാസികൾ അല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല! അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങൾ കഴിക്കാനും കുടിക്കാനുമുള്ള ദിവസങ്ങളാണ്.
    അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങളിൽ തിരുനബിﷺ നിർവഹിച്ച പ്രധാന കർമം ജംറയിൽ പോയി കല്ലേറു നിർവഹിക്കുക എന്നതായിരുന്നു. ഓരോ ദിവസവും മധ്യാഹ്നത്തിനു ശേഷം കാൽനടയായി പോയി ഏറു കഴിഞ്ഞു മടങ്ങി വരികയായിരുന്നു പതിവ്. പെരുന്നാൾ ദിവസം ഒരു ജംറയിൽ മാത്രമായിരുന്നു എറിഞ്ഞതെങ്കിൽ തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ മൂന്നു ജംറകളിലും ഏഴു കല്ലുകൾ വീതം എറിഞ്ഞിരുന്നു.
    അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഏഴു കല്ലുകൾ വീതമാണ് എറിഞ്ഞത്. ഓരോ കല്ലുകൾ എറിയുമ്പോഴും അല്ലാഹുഅക്ബർ എന്ന് പറയും. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളിൽ എറിഞ്ഞതിനു ശേഷം അല്പം മുമ്പോട്ടു നീങ്ങി ഖിബ്‌ലക്കഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർഥിച്ചിരുന്നു. ശേഷം താഴ്‌വരയുടെ ഭാഗത്തു നിന്ന് കൊണ്ട് ജംറത്തുൽ അഖബയിൽ എറിയും. ജംറത്തുൽ അഖബയിൽ എറിഞ്ഞതിനു ശേഷം അവിടെ നിൽക്കാറുണ്ടായിരുന്നില്ല. ശേഷം, ജംറകളിൽ നിന്ന് തിരിച്ചു പോരും. ഇപ്രകാരമാണ് തിരുനബിﷺ ചെയ്യുന്നതായി ഞാൻ കണ്ടിട്ടുള്ളതു്.
    ഇതിൻ്റെ തുടർച്ച ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു. ഏറു കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ മസ്ജിദുൽ ഖൈഫിൽ കയറി രണ്ട് റക്അത് ളുഹ്ർ നിസ്കരിക്കുകയും ചെയ്യും. മിനയിൽ താമസിച്ച ദിവസങ്ങളിൽ നബിﷺ മസ്ജിദുൽ ഹറാമിലേക്ക് പോയിട്ടില്ല. നേരെമറിച്ച് ത്വവാഫുൽ വിദാഇനു വേണ്ടി പോകുന്നതു വരെ മിനയിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ആളുകൾക്ക് വെള്ളം കുടിക്കാൻ കൊടുക്കാനുള്ളത് കൊണ്ട് അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങളിൽ മക്കയിൽ താമസിക്കുവാൻ അബ്ബാസ്(റ) എന്നവർ തിരുനബിﷺയോട് അനുവാദം ചോദിച്ചു. അവിടുന്ന് അദ്ദേഹത്തിന് സമ്മതം നൽകി.
    ഒട്ടകത്തെ മേയ്ക്കുന്ന ഇടയന്മാരും മിനയുടെ പുറത്ത് താമസിക്കുവാനും വൈകി എറിയുവാനും തിരുനബിﷺയോട് അനുവാദം ചോദിക്കുകയും അവർക്ക് ഇളവ് നൽകുകയും ചെയ്തു എന്ന് ഇമാം അഹ്മദി(റ)ന്റെ നിവേദനത്തിൽ കാണാം.
    മിനയിൽ താമസിച്ച മൂന്നു ദിവസങ്ങളിലും തിരുനബിﷺയുടെ വൈജ്ഞാനിക ഉപദേശങ്ങളുണ്ടായിരുന്നു. അബൂ നള്ർ(റ)വിൽ നിന്നും ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങളിൽ തിരുനബിﷺയുടെ ഖുത്വുബ കേട്ട ഒരാൾ ഇങ്ങനെയാണ് എന്നോട് പങ്കുവെച്ചത് “അല്ലയോ ജനങ്ങളെ, അറിയുക! നിങ്ങളുടെ റബ്ബ് ഏകനാണ്. അറിയുക! അറബിക്ക് അനറബിയെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. അനറബിക്ക് അറബിയെക്കാളും മഹത്വമില്ല. ചുവന്നവന് കറുത്തവനെക്കാളോ കറുത്തവന് ചുവന്നവനെക്കാളോ മഹത്വങ്ങളില്ല. മഹത്വങ്ങളുടെ മാനദണ്ഡം തഖ്‌വയാണ്. തിരുനബിﷺ തുടർന്ന് ഇങ്ങനെ ചോദിച്ചു. ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നില്ലയോ? അഥവാ നിങ്ങൾക്ക് എത്തിച്ചു തരേണ്ട സന്ദേശം ഞാൻ കൃത്യമായി പകർന്നു തന്നില്ലയോ എന്ന്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...