
അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ മിനയിൽ വെച്ച് അല്ലാഹുവിന്റെ തിരുദൂതർﷺ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ വേണ്ടി നിന്നു കൊടുത്തു. അപ്പോൾ ഒരാൾ വന്നു ചോദിച്ചു. ഞാൻ അറുക്കുന്നതിന് മുൻപ് തലമുണ്ഡനം ചെയ്തു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. നബിﷺ പറഞ്ഞു. അറുത്തു കൊള്ളുക വിരോധമില്ല. മറ്റൊരാൾ ചോദിച്ചു. ഞാൻ ഏറ് നടത്തുന്നതിനു മുമ്പ് ബലിയറുത്തു. എനിക്ക് അതിനെക്കുറിച്ച് അറിയുമായിരുന്നില്ല. തിരുനബിﷺ പറഞ്ഞു. എറിഞ്ഞു കൊള്ളുക കുഴപ്പമില്ല. വ്യത്യസ്ത ക്രമങ്ങളിൽ നിർവഹിച്ച ഏതെല്ലാം പ്രവർത്തനങ്ങളെക്കുറിച്ച് അന്ന് ചോദിക്കപ്പെട്ടുവോ അതിനെല്ലാം ‘ചെയ്തു കൊള്ളുക വിരോധമില്ല’ എന്ന മറുപടിയാണ് അവിടുന്ന് നൽകിയത്.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അന്നത്തെ ദിവസം തിരുനബിﷺ ഓരോ വിഭാഗം ആളുകളെയും ഓരോ ഭാഗത്തു താമസിപ്പിച്ചു. മുഹാജിറുകളെ ഖിബ്‌ലയുടെ വലത് ഭാഗത്തും അൻസ്വാറുകളെ ഇടത് ഭാഗത്തുമാണ് താമസിപ്പിച്ചത്. മറ്റുള്ള ജനങ്ങളെ അവർക്ക് ചുറ്റും. തിരുനബിﷺയാകട്ടെ മിനയിലെ നിസ്കാര സ്ഥലത്ത് ഇമാമ് നിൽക്കുന്നതിന്റെ ഇടത് ഭാഗത്തും താമസമാക്കി.
ബലിപെരുന്നാളിന്റെ ദിവസം ബലിഅറുക്കലും വിതരണം ചെയ്യലും ഒരു പ്രധാനപ്പെട്ട കർമമാണല്ലോ! അതു സംബന്ധമായി ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. മിനയിലെ അറവിന്റെ സ്ഥാനത്തേക്ക് തിരുനബിﷺ നീങ്ങി. 63 ഒട്ടകങ്ങളെയാണ് തിരുനബിﷺ അറുത്തത്. ബാക്കിയുള്ള 37 ഒട്ടകങ്ങളെ അറുക്കുവാൻ അലി(റ)യോട് തിരുനബിﷺ തന്നെ കൽപ്പിച്ചു. തിരുനബിﷺ അതിൽ നിന്ന് ഭക്ഷിക്കുകയും പാവങ്ങൾക്ക് വിതരണം ചെയ്യാൻ അലി(റ)യോട് കൽപ്പിക്കുകയും ചെയ്തു. ബലിമൃഗങ്ങളെ മിനയിൽ വെച്ചു കൊണ്ട് തന്നെ പാകം ചെയ്യുകയും നബിﷺയും അലി(റ)വും അതിൽ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ബലിമൃഗത്തിന്റെ മാംസവും തൊലിയും കുളമ്പുകളുമെല്ലാം ദാനം ചെയ്യുവാൻ തിരുനബിﷺ അലി(റ)യെ ഏൽപിച്ചു. അറവിന്റെ പ്രതിഫലമായി അതിൽ നിന്ന് ഒന്നും എടുക്കരുത് എന്നും പ്രത്യേകം കല്പിച്ചു.
സ്വഹാബികൾ ഓരോരുത്തരും അവരവരുടെ ബലിമൃഗങ്ങളെ അറുത്തു. ഒട്ടകം, മാട് എന്നിവയിൽ ഏഴു പേർ വരെ കൂറ് ചേർന്നും ആടുകളെ ഓരോരുത്തരുടേത് എന്ന നിലയിലുമാണ് ബലി നിർവ്വഹിച്ചത്. തമത്തുഇന്റെ ഹജ്ജിലായിരുന്ന പത്‌നിമാരുടെ പേരിലും തിരുനബിﷺ ബലി നിർവ്വഹിച്ചു.
ഇതിനിടയിലുണ്ടായ ഒരു വേറിട്ട സംഭവം അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ബഹുമാനപ്പെട്ടവർ നബിﷺയുടെ പിറകിലായിരുന്നു ഉണ്ടായിരുന്നത്. ഈ സന്ദർഭത്തിൽ ഖശ്അം ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ നബിﷺയുടെ അടുക്കലേക്കു വന്നു. ഇബ്നു അബ്ബാസ്(റ) ആ സ്ത്രീയെ ഒന്ന് നോക്കി. ആ സ്ത്രി ഇബ്നു അബ്ബാസി(റ)നെയും നോക്കുന്നുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഇബ്നു അബ്ബാസി(റ)ന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചു. ആ സ്ത്രീ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ വൃദ്ധനായ പിതാവിന് ഹജ്ജ് നിർബന്ധമായിരിക്കുന്നു. എന്നാൽ, വാഹനപ്പുറത്ത് ഉറച്ചിരിക്കാൻ അദ്ദേഹത്തിന് കഴിയുകയില്ല. പകരം അദ്ദേഹത്തിന് വേണ്ടി എനിക്ക് ഹജ്ജ് ചെയ്യാൻ പറ്റുമോ? അപ്പോൾ നബിﷺ പറഞ്ഞു, ചെയ്യാം.
തിരുനബിﷺയുടെ അധ്യാപനങ്ങളുടെയും ഒപ്പം നടക്കുന്നവരുടെ ആത്മീയ ചിട്ടയിൽ തിരുനബിﷺയുടെ ശ്രദ്ധ എത്രമാത്രമുണ്ടായിരുന്നു എന്നതിന്റെയും ലളിതമായ ഒരുദാഹരണമാണിത്. ഏത് സമയത്തും തിരുനബിﷺയോട് ആർക്കും നിവാരണങ്ങൾ നടത്താനും വൈജ്ഞാനിക അന്വേഷണങ്ങൾ നിർവഹിക്കാനും സാധിക്കുന്ന വിധം പൊതുജനങ്ങളോട് ഇടകലർന്നുകൊണ്ടായിരുന്നു തിരുനബിﷺയുടെ ജീവിതം.
