Tweet 1114

    Tweet 1114
    July 2, 2025 • Wednesday
    Post Header

    അറഫ ദിനത്തിന്റെ മധ്യാഹ്നത്തിൽ ളുഹ്റിന്റെ ബാങ്ക് വിളിച്ചപ്പോൾ ളുഹറും അസറും ജംആക്കി നിസ്കരിച്ചു. അതിനുശേഷം ഒട്ടകപ്പുറത്ത് കയറി അറഫയിൽ നിൽക്കാൻ ഉദ്ദേശിച്ച സ്ഥലത്തെത്തി. ഒട്ടകത്തിന്റെ പള്ള ഭാഗം അറഫയിലുള്ള പാറകൾക്ക് നേരെയാക്കി നിർത്തി. എന്നിട്ട് നബിﷺ ഖിബ്‌ലക്കഭിമുഖമായി നിന്നു. സൂര്യാസ്തമയം വരെ ഈ നിർത്തം തുടർന്നു.
    തിരുനബിﷺ അന്ന് നോമ്പനുഷ്ഠിച്ചിരുന്നില്ല. എന്നാൽ ചിലയാളുകൾക്കിടയിൽ നബിﷺക്ക് നോമ്പാണ് എന്ന ഒരു സംശയമുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. ഹാരിസി(റ)ന്റെ മകൾ ഉമ്മുൽ ഫള്‌ൽ(റ) ആഇശ(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. അറഫ ദിവസത്തിലെ തിരുനബിﷺയുടെ നോമ്പിനെ കുറിച്ച് ചില ആളുകൾ അവർക്ക് മുമ്പിൽ വെച്ച് തർക്കിച്ചു. നബിﷺ നോമ്പുകാരനാണ് എന്ന് ചിലർ. അല്ല, നോമ്പ് എടുത്തിട്ടില്ല എന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. ഈ സന്ദർഭത്തിൽ ഉമ്മുൽ ഫള്ൽ(റ) ഒരു പാത്രം പാൽ നബിﷺക്ക് കൊടുത്തയച്ചു. തിരുനബിﷺ അറഫയിൽ നിൽക്കെ ആ പാൽ വാങ്ങി കുടിക്കുകയും ചെയ്തു.
    അറഫയിൽ നിൽക്കുന്നവരോട് പ്രസ്തുത ഭൂപ്രദേശത്ത് എവിടെയും നിൽക്കാമെന്ന് തിരുനബിﷺ അറിയിച്ചു. ഉറനാ താഴ്‌വരയിൽ നിന്ന് മാറിനിൽക്കാൻ പ്രത്യേകം നിർദ്ദേശിച്ചു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ സംഭവം കാണാം. അറഫാ ദിനത്തിൻ്റെ മഹത്വത്തെക്കുറിച്ച് തിരുനബിﷺ പറഞ്ഞത് ഇപ്രകാരമാണ്. മഹതി ആഇശ(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അറഫാ ദിനത്തിൽ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന അത്രയും ആളുകളെ മറ്റൊരു ദിവസവും അല്ലാഹുതആല നരകത്തിൽ നിന്ന് മോചിപ്പിക്കുന്നില്ല. അല്ലാഹു സമീപസ്ഥനായി മലക്കുകളോട് ചോദിക്കും. എൻ്റെ അടിമകൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന്. അറഫയിൽ ഒരുമിച്ചു കൂടിയ അടിമകളോട് അല്ലാഹു ഏറെ പ്രിയവും കാരുണ്യവും കാണിക്കും.
    തിരുനബിﷺയുടെ ഹജ്ജ് ലോകത്തിന് സമർപ്പിക്കപ്പെട്ട ഏറ്റവും ഉജ്വലമായ പ്രത്യയശാസ്ത്രത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം കൂടിയായിരുന്നു. പരിശുദ്ധ ഖുർആനിലെ അഞ്ചാം അധ്യായത്തിലെ മൂന്നാം സൂക്തം പ്രസ്തുത വിളംബരം നിർവഹിച്ചു. ആശയം ഇപ്രകാരമാണ്. “ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ മതമായി ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.”
    ഇസ്‌ലാം സംസ്കൃതിയുടെ പൂർത്തീകരണ പ്രഖ്യാപനം കേട്ടപ്പോൾ അനുവാചകർ മുഴുവൻ ആനന്ദത്തിലും സന്തോഷത്തിലുമായി. എന്നാൽ, മതം പൂർത്തീകരിക്കപ്പെടുന്നതോടെ പ്രവാചക ദൗത്യവും പൂർത്തിയാവുകയാണല്ലോ! തിരുനബിﷺയുടെ വിയോഗത്തെ കൂടിയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കിയ സ്വഹാബികൾ മനസ്സറിഞ്ഞ് കരയാൻ തുടങ്ങി. ഉമറുബ്നുൽ ഖത്വാബ്(റ) അങ്ങനെ കരഞ്ഞവരിൽ പ്രമുഖരായിരുന്നു. മഹാനവർകളുടെ അത്തരമൊരു വിചാരവും ചിന്തയും അസ്ഥാനത്തായിരുന്നില്ല. ഈ സംഭാഷണത്തിന്റെ 80 ദിവസത്തിനുശേഷം തിരുനബിﷺ ലോകത്തോട് വിടപറയുകയും ചെയ്തു.
    അറഫയിലെ ഏറെ സമയവും തിരുനബിﷺ പ്രാർത്ഥനയിൽ തന്നെയായിരുന്നു. സൂര്യൻ അസ്തമിച്ച് പ്രകാശമെല്ലാം മറഞ്ഞു എന്നു വന്നപ്പോൾ ‘മഅ്സമീൻ’ വഴി തിരുനബിﷺ മുസ്ദലിഫയിലേക്ക് പുറപ്പെട്ടു.
    അന്ത്യനാൾ വരെയുള്ള കോടാനുകോടി മനുഷ്യർക്ക് അറഫയിൽ ഉണ്ടാവേണ്ട ആചാരങ്ങളെയും ആലോചനകളെയും വ്യക്തവും ക്ലിപ്തവുമായി അവതരിപ്പിച്ചു കൊണ്ടാണ് തിരുനബിﷺയുടെ അറഫാ പകൽ കടന്നുപോയത്. തിരുനബിﷺ നിർവഹിച്ച അറഫാ പ്രഭാഷണം ഏതുകാലത്തും പുതുമയോടെ വായിക്കപ്പെടുകയും ആലോചനകൾക്ക് വിധേയമാവുകയും ചെയ്യുന്നു. ഓരോ വാചകങ്ങളും എക്കാലത്തും പ്രസക്തവും പ്രാധാന്യവും അർഹിക്കുന്നു.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...