
അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് വളരെ ശാന്തമായിട്ടായിരുന്നു തിരുനബിﷺയുടെ യാത്ര. ഉസാമത്ത് ബിൻ സൈദും(റ) തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. തിക്കിലും തിരക്കിനുമിടയിൽ തിരുനബിﷺയുടെ യാത്രയെ കുറിച്ച് ഹദീസ് പറയുന്നത് ഇങ്ങനെയാണ്. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നു. തിരുനബിﷺയോടൊപ്പം അറഫയിൽ നിന്നും നീങ്ങിത്തുടങ്ങിയപ്പോൾ പിറകിൽ നിന്നും ജനങ്ങളുടെ ശബ്ദങ്ങളും ഒട്ടകങ്ങളെ തെളിക്കുന്ന ശബ്ദ കോലാഹലങ്ങളും കേട്ടു. ഈ സന്ദർഭത്തിൽ അവിടുത്തെ കൈവശമുള്ള വടി അവർക്ക് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അല്ലയോ ജനങ്ങളെ, നിങ്ങൾ ശാന്തത പാലിക്കുക. തിക്കും തിരക്കും കൂട്ടി മൃഗങ്ങളെ തെളിക്കുന്നതിലല്ല പുണ്യമുള്ളത്.
തിരുനബിﷺ അവർക്കിടയിലൂടെ അവധാനതയോടെ മുന്നോട്ട് നീങ്ങി. നടക്കുന്ന സന്ദർഭത്തിൽ ജനങ്ങളുടെ വിടവുകൾ കണ്ടാൽ വേഗത്തിൽ അവിടേക്ക് പ്രവേശിക്കും. നീണ്ടു നിൽക്കുന്ന മണൽ തിട്ടകൾ കണ്ടാൽ ഒട്ടകത്തിന് സൗകര്യ പ്രകാരം നടക്കാൻ വേണ്ടി അതിന്റെ കടിഞ്ഞാൺ അൽപ്പം നീട്ടി കൊടുക്കും. മുസ്ദലിഫയിലേക്കുള്ള വഴിയിൽ രണ്ടു മലകൾക്കിടയിൽ ഇടുങ്ങിയ പ്രദേശത്ത് എത്തിയപ്പോൾ തിരുനബിﷺ വാഹനപ്പുറത്ത് നിന്ന് ഇറങ്ങുകയും പ്രാഥമികാവശ്യം നിർവഹിക്കുകയും ലളിതമായ രീതിയിൽ വുളൂഅ് നിർവഹിക്കുകയും ചെയ്തു. അപ്പോൾ ഉസാമതുബ്നു സൈദ്(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, നിസ്കരിക്കാൻ വേണ്ടി ആണോ? നിസ്കാരം ഇനിയും മുന്നോട്ടു പോയതിനു ശേഷമാണ് എന്ന് അവിടുന്ന് പ്രതികരിക്കുകയും ചെയ്തു. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ ഇക്കാര്യമുണ്ട്.
തുടർന്ന് തിരുനബിﷺ ഒട്ടകപ്പുറത്ത് കയറി വീണ്ടും മുന്നോട്ടു നീങ്ങി. മുസ്ദലിഫയിൽ എത്തിയതിനു ശേഷം അവിടെ ഇറങ്ങുകയും പരിപൂർണ്ണമായി വുളൂഅ് നിർവഹിക്കുകയും ഇഖാമത് കൊടുത്തു മഗ്‌രിബ് നിസ്കരിക്കുകയും ചെയ്തു. ശേഷം സ്വഹാബികൾ എല്ലാവരും ഒട്ടകങ്ങളെ മുട്ട് കുത്തിച്ചു. പിന്നീട് ഇഖാമത് കൊടുത്തു ഇശാഅ് നിസ്കരിച്ചു. മഗ്‌രിബിനും ഇശാഇനും ഇടയിൽ സുന്നത്ത് നിസ്കാരങ്ങളൊന്നും നിർവഹിച്ചില്ല. ഇമാം ബുഖാരി(റ) തന്നെ ഇക്കാര്യം നിവേദനം ചെയ്യുന്നുണ്ട്.
തഹജ്ജുദ് നിസ്കാരം തിരുനബിﷺ ഇവിടെവച്ചുതന്നെ നിർവഹിച്ചതായി നിവേദനങ്ങൾ പറയുന്നുണ്ട്. ചന്ദ്രൻ പൂർണ്ണമായും മറഞ്ഞു, രാത്രിയുടെ മധ്യഭാഗം കഴിഞ്ഞപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും ദുർബലരായ മനുഷ്യർക്കും മുസ്‌ദലിഫ വിട്ടുപോകാൻ തിരുനബിﷺ സമ്മതം നൽകി. ഇവിടെ അനുബന്ധമായ ഒരു കാര്യം ഇമാം ബുഖാരി(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. മഹതി പറഞ്ഞു. ഞങ്ങൾ മുസ്ദലിഫയിൽ ഇറങ്ങിയപ്പോൾ തിരക്ക് കൂടുന്നതിന് മുമ്പ് മുസ്ദലിഫ വിട്ടുപോകുവാൻ സൗദ(റ) തിരുനബിﷺയോട് അനുവാദം ചോദിച്ചു. വളരെ സാവകാശം നടക്കുന്നവരായിരുന്നു അവർ. നബിﷺ അവർക്ക് സമ്മതം നൽകി. അങ്ങിനെ ജനങ്ങളുടെ തിരക്ക് വരുന്നതിനു മുമ്പ് അവർ മുസ്ദലിഫയിൽ നിന്നും പുറപ്പെട്ടു. ഞങ്ങൾ പുലരുവോളം മുസ്ദലിഫയിൽ തന്നെ കഴിഞ്ഞു. തിരുനബിﷺയോടൊപ്പമാണ് ഞങ്ങൾ പുറപ്പെട്ടത്.
കുടുംബത്തിലെ ദുർബലരോടൊപ്പം ഞാനും പുറപ്പെട്ടിരുന്നു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നതായി ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നുണ്ട്.
ഹജ്ജിന്റെ കർമങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യൻ്റെ സാഹചര്യങ്ങൾക്കും ആരോഗ്യസ്ഥിതിക്കും അനുസരിച്ച് വിശാലമായ നിയമസൗകര്യങ്ങൾ ഇസ്‌ലാം നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഒരു അധ്യായം കൂടിയാണ് നാം വായിച്ചത്. ഇത്തരം നിവേദനങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തി മദ്ഹബിന്റെ ഇമാമുകൾ അനുഷ്ഠാന നിയമങ്ങളെ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
