Tweet 1097

    Tweet 1097
    June 15, 2025 • Sunday
    Post Header

    ദാനധർമങ്ങൾ കൊടുക്കാനും അർഹതപ്പെട്ടവർ സ്വീകരിക്കാനും കൃത്യമായ മാനങ്ങളും മാനദണ്ഡങ്ങളും തിരുനബിﷺ നിർണയിച്ചിട്ടുണ്ട്. ചോദിക്കുന്നതിൻ്റെയും കൊടുക്കുന്നതിന്റെയും നൈതികതയും ധാർമികതയും കൃത്യമായി അവിടുന്ന് അവലോകനം ചെയ്തു. നൽകുന്നവൻ നേരിട്ട് തന്നെ അവകാശിക്ക് എത്തിക്കുന്നതിനാണ് കൂടുതൽ പ്രോത്സാഹനം നൽകിയത്. തിരുനബിﷺ സ്വദഖ അർഹതപ്പെട്ട ആളുടെ കയ്യിലേക്ക് നേരിട്ട് നൽകാനാണ് ഏറെ താൽപര്യപ്പെട്ടത്. തിരുനബിﷺ നൽകുന്ന സ്വദഖ, മറ്റൊരാളെ ഏൽപ്പിക്കാതെ അവകാശിയുടെ കയ്യിൽ നേരിട്ട് നൽകുന്നതിനാണ് സന്തോഷം കണ്ടിരുന്നത് എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നുണ്ട്.
    സിയാദ് ബിൻ അബീ സിയാദി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു. രാത്രിയിൽ ഉണർന്നാൽ അംഗ ശുദ്ധി വരുത്തുന്നതും ചോദിച്ചു വന്നയാൾ തൃപ്തിയോടെ പോകാൻ മാത്രം നൽകുന്നതും തിരുനബിﷺ മറ്റൊരാളെയും ഏൽപ്പിക്കാത്ത രണ്ടുകാര്യങ്ങളായിരുന്നു.
    മറ്റുള്ളവരോട് ചോദിച്ചു വാങ്ങുന്നതും യാചന നടത്തുന്നതും തിരുനബിﷺ പ്രോത്സാഹിപ്പിച്ചില്ല.
    അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒന്നോ രണ്ടോ കാരയ്ക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. ആവശ്യമെങ്കിൽ അല്ലാഹുവിന്റെ വചനം കൂടി ഒന്നു മനസ്സിരുത്തി വായിക്കൂ. ”ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി നിങ്ങള്‍ ചെലവഴിക്കുക. അവരെ കുറിച്ച് അറിവില്ലാത്തവര്‍ അവരുടെ മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍, അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാൻ പറ്റിയേക്കും. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നിങ്ങള്‍ നല്ല മാർഗത്തിൽ എന്ത് ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലതുപോലെ അറിയുന്നതാണ് (ഖുര്‍ആന്‍ 2:273).”
    അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ”ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരയ്ക്കയോ കിട്ടിയാല്‍ തൃപ്തിപ്പെട്ട് മടങ്ങുകയും ചെയ്യുന്ന ആളല്ല മിസ്കീൻ അഥവാ പാവപ്പെട്ടവൻ. അനുചരന്മാര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേﷺ, എങ്കില്‍ പിന്നെ ആരാണ് മിസ്‌കീൻ? തിരുനബിﷺ പറഞ്ഞു. ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സമ്പാദ്യം അവനില്ല. ആരെങ്കിലും അവനെ കണ്ടെത്തി ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് മിസ്കീൻ.
    ഇബ്നു ഔഫ്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോﷺട് പ്രതിജ്ഞ ചെയ്യുന്നില്ലേ? ഞങ്ങളാണെങ്കിലോ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെﷺ, ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു.
    പിന്നേയും അവിടുന്ന് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകനോﷺട് നിങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നില്ലേ? ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. പ്രവാചകരെﷺ, ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങൾ എന്തു കാര്യത്തിലാണ് ഉടമ്പടി ചെയ്യേണ്ടത്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു നേരത്തെ നിസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു. നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്. ഈ ഹദീസിന്റെ നിവേദകൻ തുടരുന്നു. അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീണാൽ അത് എടുത്തു കൊടുക്കുന്നതിനു പോലും ആരോടും ആവശ്യപ്പെടുമായിരുന്നില്ല.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...