
ഇസ്‌ലാം നിർദ്ദേശിക്കുന്ന ദാനധർമങ്ങൾക്ക് നിയമത്തിന്റെ ബലിഷ്ഠതയ്ക്കപ്പുറം ഹൃദ്യമായ ചില സൗന്ദര്യങ്ങളുണ്ട്. നിർബന്ധമായും ധനികൻ പാവപ്പെട്ടവന് നൽകേണ്ട സ്വത്ത് വിഹിതം സക്കാത്ത് അല്ലെങ്കിൽ സ്വദഖ എന്ന് പ്രയോഗിക്കുമ്പോൾ, ഐച്ഛികമായ ധർമങ്ങളെയും ഉപഹാരങ്ങൾ അഥവാ ഹദിയകളെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. നിർബന്ധ ദാനം അല്ലാത്തത് നൽകാത്തപക്ഷം സമ്പന്നൻ ശിക്ഷിക്കപ്പെടുകയോ കുറ്റവാളി ആവുകയോ ചെയ്യുകയില്ല. എന്നാൽ, അത്തരം ദാനധർമങ്ങൾ ഇസ്‌ലാമിക സമൂഹത്തിൽ വ്യാപകമായത് പോലെ മറ്റേതെങ്കിലും ഒരു മത വിഭാഗത്തിലോ സാമൂഹിക ഘടനയിലോ ഉള്ളതായി നമുക്ക് കാണാൻ കഴിയില്ല.
ഉപഹാരങ്ങളും സമ്മാനങ്ങളും പാവപ്പെട്ടവൻ ധനികനും നൽകിയേക്കാം. അത്തരം ഘട്ടങ്ങളിൽ ലഭിക്കുന്നതിന്റെ ചെറുപ്പ വലിപ്പം നോക്കി പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യരുത് എന്ന് തിരുനബിﷺ പ്രത്യേകം ഉദ്ബോധനം നൽകി. നിങ്ങളുടെ അയൽവാസി നിങ്ങൾക്ക് ഒരാടിന്റെ കുളമ്പ് സമ്മാനിച്ചാൽ പോലും അത് നിസ്സാരമായി കാണരുത് എന്ന് തിരുനബിﷺ അധ്യാപനം നൽകി. തിരുനബിﷺയുടെ പത്നിമാരെ പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ട് ഉപദേശിക്കുകയും ചെയ്തു.
പടിവാതുക്കൽ ചോദിച്ചു കൊണ്ടുവരുന്നവൻ പ്രത്യക്ഷത്തിൽ സമ്പന്നനാണെന്ന് തോന്നിയാലും ദരിദ്രനാണെന്ന് തോന്നിയാലും നിരാശപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് തിരുനബിﷺ പഠിപ്പിച്ചു.
തിരുനബിﷺയെ പാവപ്പെട്ടവരും സമ്പന്നരും സൽക്കരിക്കാൻ ക്ഷണിച്ചിരുന്നു. എല്ലാവരുടെയും സൽക്കാരം സ്വീകരിക്കാൻ തിരുനബിﷺ പോവുകയും ചെയ്തു. ഉള്ളതുകൊണ്ടുണ്ടാക്കിയ ലളിതമായ വിഭവങ്ങളെ ആവേശത്തോടെ തിരുനബിﷺ ഉപയോഗിക്കുകയും ആതിഥേയരെ സന്തോഷിപ്പിക്കുകയും ചെയ്തു. തിരുനബിﷺയുടെ പരിചാരകൻ അനസുബിനു മാലികി(റ)ന് അത്തരം ആതിഥേയങ്ങളുടെ അനുഭവങ്ങൾ ഏറെ പറയാനുണ്ട്. പഴക്കം കൊണ്ട് രുചിഭേദം വന്ന എണ്ണയിൽ പാചകം ചെയ്ത പലഹാരവും ആതിഥേയനെ വേദനിപ്പിക്കാതെ തിരുനബിﷺ കഴിച്ചിട്ടുണ്ട്. ഒരു കപ്പ് പാലുകൊണ്ട് ഒരു വലിയ സംഘത്തിന്റെ വിശപ്പടക്കുകയും ഒരു തളികയിലെ ഭക്ഷണം കൊണ്ട് ഒരു സൈന്യത്തെ മുഴുവനും ഊട്ടിയ അനുഭവങ്ങളും നബി ജീവിതത്തിൽ നിന്ന് നാം വായിച്ചു പോയി. കൊടുക്കുന്നവന്റെ കൈ അഥവാ മേലെയുള്ള കൈയാണ് സ്വീകരിക്കുന്നവന്റെ കൈ അഥവാ താഴെയുള്ള കൈയേക്കാൾ മെച്ചപ്പെട്ടതെന്ന് നബിﷺയുടെ അധ്യാപനങ്ങളിലുണ്ട്.
ഐച്ഛികമായ ദാനധർമങ്ങൾ മുസ്‌ലിം സമൂഹത്തിൽ വ്യാപകമായതുകൊണ്ട് തന്നെ നിർമാണപരമായ പല മുന്നേറ്റങ്ങളും പല സമൂഹങ്ങളിലും ദാരിദ്ര്യനിർമാർജ്ജനം പ്രായോഗികമായി തന്നെ നടന്നത് ചരിത്രത്തിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.
ഒരാൾ പരാജിതനാണ് എന്നതിന്റെ ഏറ്റവും വലിയ അർഥം പരലോകത്ത് നരകം ലഭിച്ചു എന്നതാണ്. ഒരു കാരയ്ക്ക ചിന്ത് കൊണ്ടെങ്കിലും നരകത്തിൽ നിന്ന് നിങ്ങൾ മുക്തരാകൂ എന്ന ഉദ്ബോധനം ദാനധർമത്തിന്റെ പ്രാധാന്യവും പുണ്യവും ഏറെ ഹൃദയങ്ങളിൽ സ്ഥാപിച്ചുകൊടുത്തു. ഒരാൾ ജയിച്ചു എന്ന് പറയുന്നത് സ്വർഗ്ഗപ്രവേശം ലഭിക്കുമ്പോഴാണ്. സ്വർഗ്ഗ പ്രവേശത്തിന് ഹേതുകമായി എണ്ണിയതിൽ പരസഹായത്തിന്റെയും ദാനധർമങ്ങളുടെയും വിവിധ രൂപങ്ങളുണ്ട്. അടിമകളായ ജനങ്ങളെ മോചിപ്പിക്കുക എന്ന ചെലവേറിയ ധർമം മുതൽ സ്നേഹാനുരാഗത്തോടെ പ്രിയ പത്നിക്ക് ഭക്ഷണം വായിൽ വെച്ചുകൊടുക്കുന്നത് വരെ ദാനധർമങ്ങളുടെ പട്ടികയിൽ എണ്ണിയിട്ടുണ്ട്. പരസഹായം ആവശ്യമായി വരുന്ന ഓരോ മേഖലയെയും പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാമിലെ ദാനധർമങ്ങളെ ക്രമീകരിച്ചിട്ടുള്ളത്.
ആവശ്യത്തിന് ചെറിയൊരു ശതമാനമോ അതിൽ താഴെയോ മാത്രം വരുമാനമുള്ളവർ ഒന്നാം സ്ഥാനത്ത്. ചെലവിന് തികയാത്ത വിധം മാത്രം വരുമാനം ഉള്ളയാൾ രണ്ടാം സ്ഥാനത്ത്. കടബാധ്യതകൾ കൊണ്ട് വലഞ്ഞയാൾ അടുത്തത്. അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതം ഒഴിഞ്ഞു വെച്ചവർ. മറ്റു ജീവിത മാർഗങ്ങൾ തേടി പോകാൻ കഴിയാത്തവരാണ് അവർ. സത്യസന്ദേശം സ്വീകരിക്കുക വഴി അന്യാധീനപ്പെടുകയും അടിസ്ഥാന സ്വത്തുക്കൾ ഒക്കെ അന്യവൽക്കരിക്കപ്പെടുകയും ചെയ്തവർ. ഇങ്ങനെ ആവശ്യക്കാരുടെ ലിസ്റ്റ് പരിഗണിച്ചുകൊണ്ടാണ് ദാനധർമങ്ങളുടെ സ്വീകർത്താക്കളെ ക്രമീകരിച്ചിട്ടുള്ളത്.
