
യാചനയെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം കൂടി തിരുനബിﷺ അധ്യാപനം ചെയ്തു. ചിലയാളുകൾക്ക് ജീവനോപാധികൾ കാണിച്ചുകൊടുക്കുകയും പണിയായുധങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്തു. അധ്വാനിച്ച് സമ്പാദിച്ചുകൊണ്ട് ജീവിക്കുന്നതാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതം എന്ന് എല്ലാ അർഥത്തിലും പഠിപ്പിച്ചു കൊടുത്തു. ഇമാം ബുഖാരി(റ) മിഖ്ദാമി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു. സ്വയം അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും കഴിച്ചിട്ടില്ല.
ഇമാം ബുഖാരി(റ) തന്നെ സുബൈറു ബ്നു അവ്വാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങളിലൊരാൾ കയറെടുത്ത് മലമുകളിൽ വിറകുവെട്ടി തന്റെ മുതുകിൽ ചുമന്ന് കൊണ്ട് വന്ന് അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട്, അയാളുടെ അഭിമാനം അല്ലാഹു സംരക്ഷിക്കുന്നുവെങ്കിൽ അതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ അയാൾക്ക് ഉത്തമം. യാചിക്കുമ്പോൾ ജനങ്ങൾ അയാൾക്ക് നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം.
എത്ര കൃത്യവും വ്യക്തവുമായിട്ടാണ് യാചനയുടെ ക്ഷതവും അധ്വാനിച്ചു ഉപജീവനം കണ്ടെത്തുന്നതിന്റെ മേന്മയും തിരുനബിﷺ ആവിഷ്കരിച്ചത്. ഒപ്പം തന്നെ സൃഷ്ടികളിൽ ശ്രേഷ്ഠരായ പ്രവാചകന്മാരുടെ ജീവിതത്തെക്കുറിച്ച് ഇതിനുള്ളിൽ ജനങ്ങളോട് സംസാരിച്ചു. അധ്വാനപൂർണമായ അവരുടെ വ്യവഹാരങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തു. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ദാവൂദ് നബി(അ) സ്വന്തം അധ്വാനത്തിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല.
ഉപജീവനത്തിനു വേണ്ടി അധ്വാനിച്ചിരുന്നു എന്ന് സാരം. ഇടയവൃത്തിയും വ്യാപാരയാത്രകളും നടത്തിയ തിരുനബിﷺയാണ് മുൻഗാമിയായ ഒരു പ്രവാചകനെ ഉദ്ധരിച്ചു സംസാരിക്കുന്നത്.
ഒരുപക്ഷേ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പരസഹായവും ആശ്രയവും സ്വീകരിക്കേണ്ടി വന്നാൽ പോലും ആ പ്രവണത പതിവാക്കുകയോ ജീവിതമാർഗമായി കാണുകയോ ചെയ്യരുതെന്ന് കൃത്യമായി തന്നെ തിരുനബിﷺ പഠിപ്പിക്കുന്നു.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ഖബീസ്വത്ത് ബ്നു മുഖാറഖിൽ ഹിലാലിയ്യ്(റ) പറഞ്ഞു. ഞാൻ കടക്കെണിയിലായി. ഞാൻ നബിﷺയുടെ അടുക്കൽ വന്ന് അതിനെ കുറിച്ച് യാചിച്ചു. അവിടുന്ന് പറഞ്ഞു. ഞങ്ങൾക്ക് സ്വദഖ ലഭിക്കുന്നത് വരെ കാത്തിരിക്കൂ. അത് നിങ്ങൾക്ക് നൽകാൻ ഞങ്ങൾ കൽപ്പിക്കുന്നു. ശേഷം, അവിടുന്ന് പറഞ്ഞു. ചോദിച്ചു വാങ്ങുവാന്‍ മൂന്നാളുകള്‍ക്കേ പാടുള്ളൂ. വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന് അത് ലഭിക്കുന്നതു വരെയും, വല്ല അത്യാപത്തും സംഭവിച്ചു ധനം നശിച്ചു പോയവന് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെയും, ഇന്ന ആള്‍ക്ക് ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ മൂന്ന് വിവേകമുള്ളവർ പറയത്തക്കവിധം ദാരിദ്ര്യം പിടിപെട്ട ആള്‍ക്ക് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതു വരെയും. പിന്നീടവന്‍ നിർത്തണം. അല്ലയോ ഖബീസാ(റ), ഇതിനപ്പുറമുള്ള ചോദ്യം ഹറാമാകുന്നു. അങ്ങനെ ഭുജിക്കുന്നവൻ നിഷിദ്ധമായതാണ് ഭൂജിക്കുന്നത്.
ഈ അധ്യായത്തിന്റെ പൂർത്തീകരണം സമഗ്രമായ ഒരു ഹദീസ് ആശയത്തിലൂടെ നമുക്ക് നിർവഹിക്കാം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂ സഈദുൽ ഖുദ്’രി(റ) പറഞ്ഞു. അൻസ്വാരികളിൽ ചിലർ തിരുനബിﷺയോട് ധർമം ചോദിച്ചു. അവിടുന്ന് അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ തിരുനബിﷺ അവരോട് ഇപ്രകാരം പറഞ്ഞു. എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. എന്നാൽ, ആരെങ്കിലും സ്വയം പര്യാപ്തനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹു അവനെ സ്വയം പര്യാപ്തനാക്കും. വല്ലവനും ധന്യത പ്രകടിപ്പിച്ചാൽ അല്ലാഹു അവനെ ധന്യനാക്കും. വല്ലവനും ക്ഷമിക്കുന്നുവെങ്കിൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ഒരാൾക്കും ക്ഷമയേക്കാൾ ശ്രേഷ്ഠവും വിശാലവുമായ ഒരു ദാനവും ലഭിച്ചിട്ടില്ല.
