Tweet 1095

    Tweet 1095
    June 13, 2025 • Friday
    Post Header

    ദാനധർമങ്ങളുടെയും അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള പരസ്പര ആദാന പ്രദാനങ്ങളുടെയും വിവിധങ്ങളായ രൂപങ്ങൾ തിരുനബിﷺയുടെ അധ്യാപനങ്ങളിൽ വന്നിട്ടുണ്ട്. നിർബന്ധമായ സക്കാത്ത് വർഷം തികയുന്നതിന് മുമ്പ് തന്നെ ഒരാൾ കൊടുക്കാൻ താല്പര്യപ്പെട്ടാൽ തിരുനബിﷺ അതിന് സമ്മതം നൽകിയിരുന്നു. നന്മയിലേക്ക് ധൃതി കാണിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു വിശദീകരണം. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ ആശയം കാണാം. പിതാവിന്റെ സ്ഥാനത്താണല്ലോ പിതൃസഹോദരൻ. സാമ്പത്തികമായി ഒരു ആവശ്യഘട്ടത്തിൽ തിരുനബിﷺയുടെ പിതൃസഹോദരൻ അബ്ബാസി(റ)ന്റെ പക്കൽ നിന്ന് അവധിയെത്തുന്നതിന് മുമ്പ് തന്നെ സക്കാത്ത് സ്വീകരിക്കാൻ തിരുനബിﷺ നിർദ്ദേശിച്ചു. അതുപ്രകാരം രണ്ടു വർഷത്തെ സക്കാത്ത് മുൻകൂറായി തന്നെ സ്വീകരിക്കുകയും ചെയ്തു.
    സക്കാത്തിന്റെ സാമൂഹികപരത സ്വതന്ത്രമായി തന്നെ പഠിക്കേണ്ടതാണ്. ചെറിയ പെരുന്നാൾ ദിവസത്തിൽ വിശ്വാസികൾ നൽകുന്ന പ്രത്യേക സക്കാത്താണ് ഫിത്തർ സക്കാത്ത്. നാട്ടിലെ പ്രധാന ഭക്ഷ്യധാന്യത്തിൽ നിന്ന് ഒരു സാഅ് അഥവാ നാല് മുദ്ദാണ് ഒരാളുടെ സക്കാത്തുൽ ഫിത്വറായി നൽകേണ്ടത്. ഓരോ പൗരനും അയാളുടേതും തന്റെ ചെലവിൽ കഴിയുന്നവരുടേതും കണക്കാക്കി ഓരോരുത്തരുടെ പേരിലും ഈ സക്കാത്ത് നൽകിയിരിക്കണം. പെരുന്നാൾ ദിവസത്തിൽ എല്ലാ വീട്ടിലും ഭക്ഷണം എത്തുന്നു എന്ന ഒരു സാമൂഹിക നിർമിതിയും അപരന്റെ ആവശ്യങ്ങളും അവസ്ഥകളും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം എന്ന ഒരു സാമൂഹിക പരിസരവും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്.
    സക്കാത്ത് ലഭിക്കേണ്ട ആളുകൾ, ദരിദ്രർ, പാവപ്പെട്ടവർ, കടംകൊണ്ട് വലഞ്ഞവർ തുടങ്ങി സമൂഹത്തിലെ ആവശ്യക്കാരാണ്. സമ്പത്തുള്ള ഓരോരുത്തരും അവരുടെ പരിസരങ്ങളിൽ ഇത്തരം ആളുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ സക്കാത്ത് ഒരു കാരണമാകുന്നു. അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്താൽ നിർബന്ധ ദാനത്തിനു പുറമേ മനസ്സലിഞ്ഞുള്ള സഹായസഹകരണങ്ങളും സ്വാഭാവികമായും സമൂഹത്തിലുണ്ടാകും. ഇസ്‌ലാമിക ഭരണകൂടം നിലനിൽക്കാത്ത രാഷ്ട്രങ്ങളിൽ ഓരോ വ്യക്തിയും നേരിട്ടുതന്നെയാണ് അവൻ്റെ സക്കാത്തെല്ലാം നൽകേണ്ടത്. ഭരണകൂടമുള്ളപ്പോൾ സ്വാഭാവികമായും ഭരണകൂടത്തിന്റെ പക്കൽ കണക്കുകളുണ്ടാകുമല്ലോ. അവർ ഈടാക്കുന്ന സക്കാത്ത് അർഹതപ്പെട്ടവർക്ക് എത്തിക്കാനും സംവിധാനമുണ്ടാകും.
    എന്നാൽ അത്തരം വ്യവസ്ഥാപിത സംവിധാനങ്ങൾ ഇല്ലാത്ത ദേശങ്ങളിൽ താമസിക്കുന്ന വിശ്വാസികൾ നേരിട്ട് അറിയാനും കൊടുക്കാനും തയ്യാറാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരുപക്ഷേ നേരിട്ട് കൊടുക്കാൻ സാധിക്കാത്ത പക്ഷം മറ്റുള്ളവരെ വക്കാലത്ത് ആക്കലും അനുവദിക്കപ്പെട്ട കാര്യമാണ്. അപ്പോഴും അവകാശികൾ ആരാണെന്നും ആർക്കൊക്കെ നൽകണമെന്നുമുള്ള ചർച്ചയിൽ പരിസരത്തെ കുറിച്ചുള്ള ഒരു അവബോധം സമ്പന്നരിലുണ്ടാകും.
    എന്നാൽ ഇസ്‌ലാമിക ഭരണകൂടമില്ലാത്ത പ്രദേശങ്ങളിൽ സക്കാത്ത് കമ്മിറ്റികൾ എന്ന പേരിൽ രൂപപ്പെടുന്ന സംവിധാനങ്ങൾ സമ്പന്നർക്ക് പരിസരത്തെക്കുറിച്ച് അറിയാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. മതം അവകാശം നൽകാത്ത വിധം ഒരാളുടെ സമ്പത്തിന്റെ സക്കാത്ത് ഇത്തരം കമ്മിറ്റികൾ പിടുങ്ങുന്നു എന്നതിനപ്പുറം സാമൂഹികമായി വന്നുചേരുന്ന ഒരു കുറവാണ് നാം ഇപ്പോൾ പരാമർശിച്ചത്.
    സംഘടിത സക്കാത്ത് എന്ന പേരിൽ കമ്മിറ്റികൾ രൂപീകരിക്കുകയും സമ്പന്നരുടെ സക്കാത്തിന്റെ സംഖ്യ സമാഹരിച്ച് സംഘടനാ താൽപര്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന പുത്തനാശയക്കാരുടെ വാദത്തിന് കർമശാസ്ത്രപരമായ ന്യൂനതകൾക്ക് പുറമേ സാമൂഹികവും സാംസ്കാരികവുമായ കുറവുകൾ കൂടിയുണ്ട് എന്ന് സാരം.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...