Tweet 1086

    Tweet 1086
    June 4, 2025 • Wednesday
    Post Header

    ഒരാൾ മരണപ്പെട്ടാൽ മയ്യത്ത് പരിപാലനം സാമൂഹികമായ നിർബന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. പരേതന്റെ മയ്യത്ത് കുളിപ്പിക്കുക, കഫൻ ചെയ്യുക, മറമാടുക, അതും അതിവേഗം നിർവഹിക്കുക എന്നതാണ് ഉത്തരവാദിത്വത്തിന്റെ ക്രമമായി പഠിപ്പിക്കപ്പെടുന്നത്. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. നിങ്ങളിലൊരാൾ മരണപ്പെട്ടാൽ അയാളെ നിങ്ങൾ തടഞ്ഞുവെക്കരുത്. അയാളുടെ ഖബറിലേക്ക് അദ്ദേഹത്തെ വേഗത്തിലെത്തിക്കുക.
    ഒരാൾ മരണപ്പെട്ടാൽ കേവലം ദർശനം എന്നടുത്തേക്കാണ് പ്രാഥമികമായി നാം മനസ്സിലാക്കിപ്പോരുന്നത്. എന്നാൽ, പരിപാലനത്തിന്റെ ഓരോ ഘട്ടങ്ങളിലും പരമാവധി ഉണ്ടാവുകയും ജനാസയുമായി ഖബർസ്ഥാനിൽ എത്തി മറമാടി കഴിയുന്നത് വരെ ഒപ്പമുണ്ടാകുന്നതും പുണ്യകർമമായി മതം പഠിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ മേൽ നിർദ്ദേശിക്കപ്പെട്ട ബാധ്യതകളിലൊന്നായി തന്നെ ഹദീസിൽ ഇതെണ്ണുന്നത് കാണാം. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. നബിﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ അവന്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയുമ്പോൾ ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞ് കൊണ്ട്‌ അനുമോദിക്കുക എന്നിവയാണവ.
    ഇങ്ങനെ നിർവഹിക്കുന്നതിന് വിശ്വാസിക്ക് വലിയ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹദീസിൽ തന്നെ അത് വായിക്കാൻ കഴിയും. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ജരീർ നാഫിഇ(റ)ൽ നിന്ന് ഉദ്ധരിച്ചു. വല്ലവനും ജനാസയെ പിന്‍തുടര്‍ന്നാല്‍ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ച വിവരം ഇബ്നു ഉമറി(റ)നോട് പറഞ്ഞപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു. അബൂഹുറൈറ(റ) ഞങ്ങളേക്കാള്‍ ഹദീസ് വര്‍ദ്ധിപ്പിക്കുന്നു.
    ഒരു ഖീറാത്തു എന്നതിന് ഒരു മലയോളം എന്നാണ് തിരുനബിﷺ വിശദീകരണം നൽകിയത്.
    ജനാസ വഹിച്ചുകൊണ്ട് വേഗം നടന്നു പോകണം എന്നാണ് തിരുനബിﷺയുടെ അധ്യാപനം. എന്നാൽ, അതിവേഗം നടന്നു പോകാൻ പാടില്ല. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. ജനാസ കൊണ്ട് നിങ്ങൾ ധൃതി കാണിക്കുക. അത് നല്ലതാണെങ്കിൽ നന്മയിലേക്കാണ് നിങ്ങൾ അതിനെ സമർപ്പിക്കുന്നത്. അത് അങ്ങനെയല്ലെങ്കിൽ നിങ്ങൾ ഒരു വിപത്തിനെ നിങ്ങളുടെ പിരടിയിൽനിന്ന് ഇറക്കിവെക്കുന്നു.
    അഥവാ മരണപ്പെട്ട വ്യക്തി നല്ല ആളാണെങ്കിൽ അദ്ദേഹത്തിന് ഇഷ്ടം പാരത്രിക ഭവനത്തിലേക്ക് വേഗം എത്തിച്ചേരുന്നതാണ്. മോശപ്പെട്ട ആളാണെങ്കിൽ എന്തിന് നാം അയാളെയും പേറി നടക്കണം.
    ഗൗരവതരമായ ആലോചനകൾക്കു കൂടി ഇടം നൽകുന്നതാണ് ഈ പ്രയോഗങ്ങൾ. ഈ ഭൂമിയിൽ ജീവിച്ച ജീവിതത്തിന്റെ ശേഷിയിലേക്കുള്ള യാത്രയാണ് അന്ത്യ യാത്ര എന്ന് നാം പറയുന്നത്. നല്ലവർക്ക് സ്വർഗ്ഗവും സന്തോഷവും അല്ലാത്തവർക്ക് ശിക്ഷയും നരകവും എന്ന അധ്യാപനം ഓരോ ഘട്ടത്തിലും ഇസ്‌ലാം അവതരിപ്പിച്ചിട്ടുണ്ടല്ലോ.
    ഒന്നുകൂടി ആലോചനകൾ നൽകുന്ന മറ്റൊരു നിവേദനം കൂടി വായിക്കാം. ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നു. അബൂസഈദ്(റ) പറഞ്ഞു. തിരുനബിﷺ അരുളി. മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ ‘എന്നെയും കൊണ്ടു വേഗം പോവുക’ എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ ‘ഹാ കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്?’ എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അത് കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...