
തിരുനബിﷺ രോഗികളെ സന്ദർശിച്ചപ്പോഴുണ്ടായ വ്യത്യസ്ത അനുഭവങ്ങളിൽ ഒന്നാണ് ആസന്നമരണനായ അബൂസലമ(റ)യെ സന്ദർശിച്ചത്. ഇമാം അഹ്മദും(റ) മുസ്‌ലിമും(റ) ഉദ്ധരിക്കുന്നു. അബൂബക്കറത്ത്(റ) പറഞ്ഞു. തിരുനബിﷺ രോഗിയായ അബൂസലമ(റ)യെ സന്ദർശിക്കാൻ വന്നു. തിരുനബിﷺ പ്രവേശിച്ചതും അദ്ദേഹം ലോകത്തോട് വിട പറഞ്ഞതും ഒരേ സമയത്തായിരുന്നു. പരേതന്റെ കുടുംബക്കാർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അവിടെയുള്ളവർ തിരുനബിﷺയോട് പറഞ്ഞു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾ നിങ്ങളുടെ നന്മയ്ക്കു വേണ്ടി അല്ലാതെ പ്രാർഥിക്കരുത്. മരണപ്പെട്ടവരുടെ അടുക്കൽ മലക്കുകൾ ഹാജരാകും. കുടുംബക്കാർ അവിടെ നിർവഹിക്കുന്ന പ്രാർഥനയ്ക്ക് അവർ ആമീൻ ചൊല്ലും. തിരുനബിﷺ മരണപ്പെട്ട അബൂസലമ(റ)യുടെ കൺപോളകൾ അടച്ചു കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഒരാളിൽ നിന്ന് ആത്മാവ് പിരിഞ്ഞു പോകുമ്പോൾ കണ്ണുകൾ ആത്മാവിനെ പിന്തുടരും. ശേഷം, ഇപ്രകാരം പ്രാർഥിച്ചു. അല്ലാഹുവേ അബൂസലമ(റ)യ്ക്ക് നീ പൊറുത്തു കൊടുക്കേണമേ. നേർമാർഗികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ! അദ്ദേഹത്തിൻ്റെ പ്രഭാവത്തെ നീ മഹത്വപ്പെടുത്തേണമേ. അദ്ദേഹത്തിന് നല്ല പിൻഗാമികളെ നൽകേണമേ. സർവ്വലോക പരിപാലകനായ അല്ലാഹുവേ, അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിൻ്റെ ഖബർ വിശാലമാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യേണമേ.
ആസന്നമരണരുടെയും മരണപ്പെട്ടവരുടെയും സമീപത്ത് എങ്ങനെയൊക്കെയായിരിക്കണം എന്ന് വ്യക്തമായി തിരുനബിﷺ പഠിപ്പിച്ചു. ഒരാളുടെ ആത്മാവ് പിരിയുന്ന നേരത്ത് അടുത്തുണ്ടായാൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു കൊടുക്കേണ്ടത് എന്ന് വിശദമായ അധ്യാപനം നടത്തി. ഒരാളുടെ ശരീരത്തിൽ നിന്ന് ആത്മാവ് പിരിയുമ്പോൾ അയാളിൽ ഉണ്ടാവുന്ന മാറ്റങ്ങളും അവസ്ഥകളും ഏറ്റവും കൃത്യവും വ്യക്തവുമായി അനുയായികൾക്കും ലോകത്തിനും പഠിപ്പിച്ചുകൊടുത്തു.
ഒരാൾ ലോകത്തോട് വിടപറയുമ്പോൾ അയാൾ അനുഭവിക്കുന്ന ആത്മീയ അവസ്ഥകളും ഒരാളുടെ വിയോഗം കൊണ്ട് ആശ്രിതർ അനുഭവിക്കുന്ന വിരഹ നൊമ്പരങ്ങളും മരണപ്പെട്ട വ്യക്തിയോട് സമൂഹം നിർവഹിക്കേണ്ട ദൗത്യങ്ങളും തിരുനബിﷺയോളം എണ്ണിപ്പറഞ്ഞ ഒരു വ്യക്തിത്വത്തെയും എവിടെയും നമുക്ക് വായിക്കാൻ ലഭിക്കില്ല. അത്രമേൽ വിശദവും വ്യക്തവുമായി ഓരോ വശങ്ങളെയും അവിടുന്ന് വിശദീകരിച്ചു തന്നു. ഉറ്റവരുടെ വിയോഗം കൊണ്ട് മനുഷ്യർ അനുഭവിക്കുന്ന നൊമ്പരങ്ങളിൽ, ബന്ധുക്കളിൽ നിന്ന് അടർന്നുവീഴുന്ന അശ്രുകണങ്ങളിൽ വൈകാരികമായി വന്നുചേരുന്ന സാഹചര്യങ്ങളിൽ എല്ലാം നിറഞ്ഞു നിന്നു കൊണ്ടായിരുന്നു അവിടുത്തെ അധ്യാപനങ്ങളോരോന്നും.
തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട മൂന്നാളുകൾ മുഅ്താ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഉറ്റമിത്രം അബ്ദുല്ലാഹ് ബിൻ റവാഹ(റ), പ്രിയ പരിചാരകൻ സൈദുബ്നു ഹാരിസ(റ), പിതൃ സഹോദരന്റെ മകൻ ജഅ്ഫർ ബിൻ അബീത്വാലിബ്(റ) എന്നിവരായിരുന്നു ആ മൂന്നു പേർ. ഇവരുടെ വിയോഗം അറിഞ്ഞതും തിരുനബിﷺയുടെ മുഖത്ത് ദുഃഖം തളം കെട്ടി. അവിടുന്ന് പള്ളിയിൽ ഇരുന്നപ്പോൾ മുഖത്തു നിറഞ്ഞു നിന്ന ദുഃഖഭാവം വാതിൽ പാളിയിലൂടെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് നബി പത്നി ആഇശ(റ) പറയുന്നുണ്ട്. ഇമാം അഹ്മദും(റ) മറ്റും ഇത് നിവേദനം ചെയ്യുന്നു.
യാഥാർത്ഥ്യങ്ങളെക്കുറിച്ചായിരുന്നു തിരുനബിﷺയുടെ സംസാരം. കേവലമായോ അലങ്കാരങ്ങൾക്കോ അർത്ഥശൂന്യമായ വികാരപ്രകടനങ്ങൾക്കോ അവിടുന്ന് അവസരം നൽകിയില്ല. നിങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോകുന്ന ആൾ എങ്ങോട്ടാണ് പോകുന്നത് എന്ന് നിങ്ങൾക്കറിയുമോ? നിങ്ങൾ മറമാടിയിട്ട് വരുന്ന ആളുകൾ ഖബറിടങ്ങളിൽ എന്ത് അവസ്ഥയിലായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? തുടങ്ങിയ വിചാരങ്ങളെ ഉണർത്തുന്നതായിരുന്നു മരണപ്പെട്ടവരെ കുറിച്ചുള്ള സംസാരങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
