Tweet 1078

    Tweet 1078
    May 27, 2025 • Tuesday
    Post Header

    തിരുനബിﷺ സവിശേഷമായി അനുഷ്ഠിച്ചിരുന്ന ഒരു കർമമാണ് രോഗിയെ സന്ദർശിക്കൽ. ഇതു സംബന്ധമായി തിരുനബിﷺയുടെ അധ്യാപനം ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ബറാഅ് ബ്നു ആസിബ്(റ) പറഞ്ഞു. രോഗ സന്ദർശനം, ജനാസയെ അനുഗമിക്കുക, തുമ്മിയവൻ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ എന്ന് പ്രാർഥിക്കുക, ദുർബലനെ സഹായിക്കുക, മർദ്ദിതനെ തുണയ്ക്കുക, സലാം വ്യാപിപ്പിക്കുക, സത്യം ചെയ്തത് പാലിക്കുക എന്നീ കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളോട് കൽപിച്ചു.
    ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയോടുള്ള ബാധ്യതയായി ഇത് പരിചയപ്പെടുത്തുന്നുണ്ട്. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞ് കൊണ്ട്‌ അനുമോദിക്കുക എന്നിവ.
    ബുഖാരിയിൽ തന്നെയുള്ള മറ്റൊരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അബൂമൂസാ(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. നിങ്ങൾ രോഗിയെ സന്ദർശിക്കുകയും വിശന്നവരെ ഭക്ഷിപ്പിക്കുകയും ബന്ധിയെ മോചിപ്പിക്കുകയും ചെയ്യുക.
    രോഗിയെ സന്ദർശിക്കുക വഴി സന്ദർശകനും പുണ്യം ലഭിക്കുമെന്ന മഹത്തായ അധ്യാപനം കൂടി തിരുനബിﷺ നൽകുന്നുണ്ട്. ഇമാം അഹ്മദും(റ) ഇബ്നു ഹിബ്ബാനും(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയം ഇപ്രകാരമാണ്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തുകയോ ഇസ്‌ലാമിക ആദ൪ശത്തിന്റെ പേരില്‍ ഒരു സൗഹൃദ സന്ദർശനം നടത്തുകയോ ചെയ്താൽ അയാളോട് അല്ലാഹു പറയും “നീ നല്ലത് ചെയ്തു. നീ നിന്റെ നടത്തം മഹത്തരമാക്കിയിരിക്കുന്നു. സ്വർഗത്തിൽ നിനക്കൊരു വീട് നീ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.”
    ഒരു സഹോദരനെ സൗഹൃദ സന്ദർശനമോ രോഗസന്ദർശനമോ നടത്തിയാൽ സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ കാരണമാകുന്ന പുണ്യകർമമാണ് ചെയ്തിരിക്കുന്നത് എന്ന് പഠിപ്പിക്കുകയാണ് മേൽ നിവേദനം.
    അലിയ്യ് ബിൻ അബൂത്വാലിബി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം കൂടി വായിച്ചു നോക്കൂ. തിരുനബിﷺ പറഞ്ഞു. സായാഹ്നത്തിൽ ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ രോഗ സന്ദ൪ശനം നടത്തിയാല്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകൾ അവന് പാപമോചനത്തിനായി പ്രാർഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്. പ്രഭാത സമയത്താണ് രോഗ സന്ദ൪ശനം നടത്തുന്നതെങ്കില്‍, എഴുപതിനായിരം മലക്കുകൾ വൈകുന്നേരം വരെ അവന് പാപമോചനത്തിനായി പ്രാർഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്.
    വളരെ ആകർഷകമായ ഉള്ളടക്കത്തോടുകൂടിയാണ് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്. പ്രമുഖ സ്വഹാബി സൗബാന്‍(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു. ഒരാൾ ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താന്‍ മടങ്ങുന്നതുവരെ അയാള്‍ സ്വര്‍ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു.
    സ്വർഗീയ ഉദ്യാനങ്ങളിലൂടെ സഞ്ചരിക്കുന്നതിന് സമാനമായ പ്രതിഫലം, അല്ലെങ്കിൽ നാളെ സ്വർഗീയ ഉദ്യാനങ്ങൾ സന്ദർശിക്കാൻ മാത്രമുള്ള സൗഭാഗ്യം രോഗി സന്ദർശനത്തിലൂടെ ലഭിക്കുമെന്ന് തിരുനബിﷺ പഠിപ്പിക്കുകയാണ്.
    അപരന്റെ ദുഃഖവും സന്തോഷവും പരിഗണിച്ചുകൊണ്ടുള്ള സാമൂഹിക ബന്ധങ്ങളെ ഇസ്‌ലാം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വലിയ ഓഫറുകളും സമ്മാനങ്ങളും നൽകിയിട്ടാണ്. ഭദ്രമായ ഒരു സാമൂഹിക ഘടന വിഭാവനം ചെയ്യുന്ന പ്രവാചകരുﷺടെയും പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങളായിട്ടാണ് നാം ഇതിനെ വായിക്കേണ്ടത്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...