Tweet 1079

    Tweet 1079
    May 28, 2025 • Wednesday
    Post Header

    രോഗിയെ സന്ദർശിക്കുന്നത് വേണ്ടത്ര കാര്യമാക്കാതെയോ പരിഗണിക്കാതെയോ പോയാൽ അല്ലാഹുവിന് അതിൽ അനിഷ്ടമുണ്ട് എന്നറിയിക്കുന്ന ഹദീസ് വായിക്കുന്നത് ഏറെ കൗതുകകരമാണ്. അല്ലാഹു അവൻ്റെ അടിമകളുടെ പാരസ്പര്യത്തെ എത്രമേൽ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് മനസ്സിലാക്കാനുള്ള വായനയാണത്.
    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും. ആദമി(അ)ന്റെ പുത്രാ ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിച്ചില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുന്നത് നീ പ്രപഞ്ചനാഥനല്ലേ? അവൻ ചോദിക്കും. നിനക്കറിയാമായിരുന്നില്ലേ എന്റെ ഇന്ന ദാസൻ രോഗിയായത്? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ അവന്റെയടുക്കൽ കാണാമായിരുന്നുവെന്ന് നിനക്കറിയാമായിരുന്നില്ലെ?
    ആദമി(അ)ന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപെട്ടു. പക്ഷെ, നീയെനിക്ക് ഭക്ഷണം നൽകിയില്ല. അവൻ പറയും. നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം നൽകുന്നത്, നീ പ്രപഞ്ചാധിപനല്ലേ? അവൻ ചോദിക്കും. നിനക്കറിയാമായിരുന്നില്ലേ എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത്? പക്ഷേ, നീ അവനെ ഭക്ഷിപ്പിച്ചില്ല. നിനക്കറിയാമായിരുന്നില്ലെ നീ അവനെ ഭക്ഷണമൂട്ടിയിരുന്നുവെങ്കിൽ അത് എന്റെ പക്കൽ നിനക്ക് കാണാമായിരുന്നുവെന്ന്.
    ആദമിഅ)ന്റെ പുത്രാ, ഞാൻ നിന്നോട് കുടിവെള്ളം ചോദിച്ചു. പക്ഷേ, നീയെനിക്ക് നൽകിയില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിനക്ക് കുടിവെള്ളം നൽകുന്നത്. നീ പ്രപഞ്ചനാഥനല്ലേ അവൻ പറയും. എന്റെ ഇന്ന ദാസൻ നിന്നോട് കുടിവെള്ളം ചോദിച്ചു. പക്ഷെ, നീ അവന് നൽകിയില്ല. എന്നാൽ നീ അവന് നൽകിയിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു.
    രോഗിയെ സന്ദർശിക്കണം എന്നതിനപ്പുറം സന്ദർശകൻ പാലിക്കേണ്ട ചിട്ടകളും പ്രാർഥിക്കേണ്ട വചനങ്ങളും പുലർത്തേണ്ട മര്യാദകളും തിരുനബിﷺ തന്നെ പകർന്നു തന്നു. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. അനസ് ബിൻ മാലിക്(റ) പറഞ്ഞു. മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കൽ നബിﷺ പ്രവേശിച്ചു. എന്നിട്ട് ചോദിച്ചു. താങ്കൾക്ക് എങ്ങനെയുണ്ട്? യുവാവ് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേﷺ, എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്. എൻ്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. നബിﷺ പറഞ്ഞു. ഒരു അടിമയുടെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും അഥവാ ഭയവും പ്രതീക്ഷയും ഒന്നിച്ചു വന്നാൽ അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകുകയും അയാൾ ഭയപ്പെടുന്നതിൽ നിന്ന് അയാൾക്ക് അല്ലാഹു നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല.
    ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വാചകങ്ങളായിരുന്നു നബിﷺ അവരോട് പങ്കുവെച്ചിരുന്നത്. രോഗിയുടെ ശമനത്തിനു വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ആരോഗ്യപൂർണ്ണമുള്ള തിരിച്ചുവരവിനെ കുറിച്ചു പ്രതീക്ഷ നൽകുകയും ചെയ്തു.
    ഇമാം അബു ദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഉമ്മു അലാഅ്(റ) പറഞ്ഞു. ഞാന്‍ രോഗിയായിരിക്കെ നബിﷺ എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ നബിﷺ പറഞ്ഞു. ഉമ്മുഅലാഅ്(റ) സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്കിനെ തീ നിർമാർജനം ചെയ്യുന്നതുപോലെ ഒരു മുസ്‌ലിമിന്റെ രോഗം മൂലം അല്ലാഹു അവനെ പാപത്തിന്റെ മാലിന്യത്തിൽ നിന്നും ശുദ്ധീകരിക്കും.
    ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം കൂടി വായിക്കാം. ഉമ്മുസലമ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാർഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...