Tweet 1070

    Tweet 1070
    May 19, 2025 • Monday
    Post Header

    തിരുനബിﷺയും പെരുന്നാളും എന്ന അധ്യായത്തിൽ കുറച്ചുകൂടി കാര്യങ്ങൾ നമുക്ക് വായിക്കാനുണ്ട്. ഇസ്‌ലാമിലെ പുണ്യദിനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള സവിശേഷ ദിവസങ്ങളാണ്. പ്രസ്തുത ദിനങ്ങളിലെല്ലാം പ്രാർഥനയ്ക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. അല്ലാഹു അടിമകളുടെ പ്രാർഥനകളെ കൂടുതൽ പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ദിവസങ്ങളായിരിക്കും. പെരുന്നാൾ ദിവസം പ്രാർഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കാവുന്ന പുണ്യ ദിനങ്ങളിൽ പ്രധാന ദിവസമാണ്. അതുകൊണ്ടുതന്നെ പ്രത്യേകമായ വാചകങ്ങളിൽ തന്നെ തിരുനബിﷺ പ്രാർഥനകൾ നിർവഹിച്ചിട്ടുണ്ട്.
    ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. രണ്ടു പെരുന്നാൾ ദിവസങ്ങളിൽ തിരുനബിﷺ പ്രത്യേകമായി ഇങ്ങനെ പ്രാർഥിച്ചിരുന്നു. അല്ലാഹുവേ ഞങ്ങൾക്ക് സൂക്ഷ്മതയുള്ള ജീവിതം നൽകേണമേ. നല്ല മരണം പ്രദാനം ചെയ്യേണമേ. പരാജയമോ നിന്ദ്യതയോ ഇല്ലാത്ത മടക്കം തരേണമേ. പരിശുദ്ധിയും ഐശ്വര്യവും നേർവഴിയും സൂക്ഷ്മതയുള്ള ജീവിതവും ഇഹലോകത്തും പരലോകത്തുമുള്ള നല്ല പര്യവസാനങ്ങളും നീ നൽകി അനുഗ്രഹിക്കേണമേ. സംശയവും ലോകമാന്യതയും കേവല പ്രശസ്തിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ. ഹൃദയങ്ങളുടെ ഗതി നിർണയിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നേർവഴിക്കാക്കിയ ശേഷം തെറ്റിലേക്ക് ചിന്തിപ്പിക്കരുതേ. എല്ലാ അർഥത്തിലും ഔദാര്യവാനായ അല്ലാഹുവേ, ഞങ്ങൾക്ക് നിന്റെ കാരുണ്യം നീ ഔദാര്യമായി ചെയ്യേണമേ!
    പ്രാർഥനക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയങ്ങളിലും ദിവസങ്ങളിലും തിരുനബിﷺ പ്രാമുഖ്യം നൽകിയ പ്രാർഥനകൾ എക്കാലത്തുമുള്ള വിശ്വാസികൾക്ക് ആത്മീയ വിചാരങ്ങൾ ഉണർത്തുന്നതും ആധ്യാത്മിക നിറവുകൾ നിറഞ്ഞു നിൽക്കുന്നതുമാണ്. തിരുനബിﷺയുടെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന വിചാരങ്ങളെന്തായിരുന്നു എന്ന് വ്യക്തമാക്കി തരുന്ന വാചകങ്ങളാണ് നാം വായിച്ചത്. അല്ലാഹുവാകുന്ന രക്ഷിതാവിന്റെ മുമ്പിൽ എപ്പോഴും വിനീതനാവാനും ആത്മീയമായി ഒരിക്കലും പരാജയപ്പെടാതിരിക്കാനുമുള്ള പ്രാർഥനയും പ്രവർത്തനവുമാണ് എപ്പോഴും തിരുനബിﷺയെ സ്വാധീനിച്ചിരുന്നത്. അതാണല്ലോ മേൽ വാചകങ്ങൾ നമ്മളോട് പഠിപ്പിച്ചത്.
    ഭൗതികമായ സുഖസൗകര്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കാമായിരുന്ന സമയത്ത് പോലും എന്നും നിലനിൽക്കുന്ന സുഖ സന്തോഷങ്ങളുടെ പരലോകത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രാർഥനകൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ ആത്മീയ അധ്യാപനങ്ങളാണ്.
    ഇതിന്റെ അർഥം പെരുന്നാൾ ദിവസത്തിൽ മുഴുവനും പള്ളിയിലും പ്രാർഥനയിലും മാത്രം കഴിഞ്ഞു കൂടി എന്നല്ല. അല്ലാഹു അനുവദിച്ച ആനന്ദങ്ങളെയും സന്തോഷങ്ങളെയും വകവച്ചു നൽകാനും അതിന്റെ ഭാഗമാകാനും തിരുനബിﷺ തന്നെ പഠിപ്പിച്ചു തന്നു.
    സുഡാനികളുടെ പെരുന്നാൾ കളികൾ സന്തോഷകരമായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രിയ പത്നി ചെറുപ്പക്കാരിയായതിനാൽ പ്രത്യേകിച്ചും പെരുന്നാൾ ദിവസം വിശേഷിച്ചും അത് കാണാൻ താൽപര്യപ്പെടുന്നുണ്ടാകും എന്ന് തിരുനബിﷺ മനസ്സിലാക്കി. അവിടുത്തെ തോളത്ത് പ്രിയ പത്നിയുടെ മുഖം ചേർത്തുവെച്ച് അങ്ങോട്ട് നോക്കി കളി കണ്ടുകൊള്ളൂ ഇന്ന് ആനന്ദത്തോടെ പറയാനും അതിനവസരം നൽകാനും തിരുനബിﷺക്ക് സാധിച്ചു. കുറച്ചുനേരം കണ്ടുകഴിഞ്ഞപ്പോൾ, ക്ഷീണിച്ചു അല്ലേ ഇനി വിശ്രമിച്ചോളൂ എന്ന് വാത്സല്യത്തോടെ പറയാനും തിരൂദൂതർﷺ തന്നെയുണ്ടായിരുന്നു. പെരുന്നാളിന് ദഫ് മുട്ടി കളിച്ച കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിക്കാനും. നബി സവിധത്തിലാണോ കളിക്കുന്നത് എന്ന് ചോദിച്ച സ്വഹാബികളോട് വിനോദത്തെയും ആനന്ദത്തെയും എങ്ങനെ സമീപിക്കണമെന്ന് പഠിപ്പിക്കാനും അവിടുന്ന് സമയം കണ്ടെത്തി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...