
ഇസ്ലാമിലെ ഓരോ ആരാധനകൾക്കും മനുഷ്യനോടും പ്രകൃതിയോടും ചുറ്റുപാടുകളോടുമൊക്കെ പ്രത്യേകമായ ബന്ധവും അടുപ്പവുമുണ്ട്. പെരുന്നാളോ നോമ്പോ ആയി എന്ന് അറിയിക്കാൻ തിരുനബിﷺ അവലംബിച്ചതും അവലംബിക്കാൻ പറഞ്ഞതും മാസപ്പിറവി അഥവാ ചന്ദ്രോദയമായിരുന്നു. മാസം കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും മാസം കണ്ടാൽ നിങ്ങൾ പെരുന്നാളാക്കുകയും ചെയ്യുക. മേഘാവൃതമായി മാസം കാണാനിടയായില്ലെങ്കിൽ നിങ്ങൾ 30 പൂർത്തിയാക്കുക. അഥവാ 29ന് സൂര്യാസ്തമാനത്തെ തുടർന്ന് ചന്ദ്രോദയം ദർശിച്ചില്ലെങ്കിൽ മാസം 30 പൂർത്തിയായതായി പരിഗണിക്കുക. ഇതായിരുന്നു ഈ വിഷയികമായി തിരുനബിﷺ നൽകിയ അധ്യാപനം.
മഹതി ഉമ്മുസലമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരു യാത്രാ സംഘം ഒരിക്കൽ നബിﷺയുടെ അടുക്കലേക്ക് വന്നു. അവർ തലേന്ന് വൈകുന്നേരം ചന്ദ്രോദയം ദർശിച്ചതായി സാക്ഷി പറഞ്ഞു. അവരോട് നോമ്പ് അവസാനിപ്പിച്ച് മുസല്ലയിലേക്ക് പോകാൻ നബിﷺ നിർദേശിച്ചു.
മാസപ്പിറ കണ്ടു എന്ന് പറഞ്ഞ വിശ്വാസികളുടെ സാക്ഷ്യത്തെ മുഖവിലക്കെടുത്ത് അനുഷ്ഠാനങ്ങൾക്ക് നിർദ്ദേശിക്കുകയായിരുന്നു ഇവിടെ.
പെരുന്നാൾ പെരുമയുള്ള നാളായി മാറുന്നത് അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി പറഞ്ഞുകൊണ്ടും അവന്റെ മഹത്വത്തെ ഉയർത്തി അവതരിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകുമ്പോഴാണ് എന്ന ദർശനത്തിലായിരുന്നു നബിﷺ ജീവിതം അടയാളപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പെരുന്നാളായി എന്ന് വന്നാൽ അല്ലാഹുവിന്റെ ഉന്നതിയെ വാഴ്ത്തുന്ന തക്ബീർ ധ്വനികൾ ഉയർത്തുക എന്നത് പ്രധാനപ്പെട്ട കർമമായി അവിടുന്ന് നിർവഹിച്ചു. അങ്ങനെ നിർവഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ… അല്ലാഹുവാണ് ഏറ്റവും മഹോന്നതൻ… അല്ലാഹുവാണ് ഏറ്റവും മഹോന്നതൻ.. എന്ന് ഹൃദയത്തിൽ ഒന്നുകൂടി ഉറക്കെ വിളിച്ചു പറയുമ്പോഴുള്ള ആനന്ദത്തിന്റെ പേരാണ് പെരുന്നാൾ. ഒരു അടിമയുടെ ആനന്ദം മുഴുവനും ഉടമയെ പ്രശംസിക്കുമ്പോഴും പ്രകീർത്തിക്കുമ്പോഴുമാണ്. കേവലം ഉടമയും അടിമയും അല്ല ഇവിടെ. സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വാധിപനായ അല്ലാഹുവിന്റെ മഹത്വം. എല്ലാ അനുഗ്രഹങ്ങളും വാരിക്കോരി തരുന്ന സ്രഷ്ടാവിന്റെ ഉന്നതി.
ആഘോഷങ്ങളെ ആർഭാടങ്ങളായോ ആടിത്തിമർക്കാനുള്ള സന്ദർഭങ്ങളായോ അല്ല തിരുനബിﷺ ആവിഷ്കരിച്ചത്, ഒരുപാട് നന്മകൾ ഒത്തുചേരുന്ന മൂല്യങ്ങളുടെ ഒരു സമ്മേളനമായിട്ടാണ്. ആത്മീയ നിർവൃതിയിലേക്ക് ഒരു അടിമ എത്തിച്ചേരുന്ന ദിവസം. പരിസരത്തുള്ള വിശ്വാസികൾ മുഴുവനും ശുഭ്രവസ്ത്രം ധരിച്ച് നല്ലവരായി ഒരു മുസല്ലയിൽ ഒരുമിച്ചു കൂടുന്ന മനോഹരമായ രംഗം. പരസ്പരം സന്തോഷവും ആനന്ദവും ക്ഷേമൈശ്വര്യങ്ങളും കൈമാറുന്ന മനോഹരമായ മുഹൂർത്തങ്ങൾ. ബന്ധുക്കളും കുടുംബങ്ങളും സൽക്കരിക്കുകയും സൽക്കരിക്കപ്പെടുകയും ചെയ്യുന്ന സുവിശേഷമായ മുഹൂർത്തം.
ഒരു സമൂഹത്തിൽ ഉള്ളവൻ ഇല്ലാത്തവനെ കൂടുതൽ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ദിവസം. പട്ടിണിയുള്ള ആരും ഉണ്ടാവരുതെന്ന് സവിശേഷമായി ശ്രദ്ധിക്കേണ്ട ദിവസം. എല്ലാ വീടുകളും ഉത്സാഹിച്ചും ഉണ്ടും പരസ്പരം സമ്മാനങ്ങൾ കൈമാറിയും അടുപ്പങ്ങൾ അധികരിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട ദിവസങ്ങൾ. മുൻഗാമികളെ ഓർക്കുകയും വിശ്വാസത്തിനു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട ഒരു കുടുംബത്തെ ഏറ്റവും മാതൃകാപരമായി പ്രതിഷ്ഠിക്കാനും ഹൃദയത്തിൽ കൊണ്ടുവരാനും ബലിപെരുന്നാളിന്റെ ഘടനയും കർമങ്ങളും വിശ്വാസിയെ പ്രോത്സാഹിപ്പിക്കുന്നു.
അന്നേദിവസം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികളുടെ പ്രതിനിധികൾ മക്കയിൽ ഒരുമിച്ചു കൂടുന്നു. ബലിപെരുന്നാളിന്റെ ഓരോ ദിവസങ്ങളും ഇബ്രാഹീമി വിശ്വാസ കുടുംബത്തിന്റെ അല്ലാഹുവോടുള്ള സമർപ്പണത്തെ പരിപൂർണ്ണമായി ഓർത്തെടുത്ത് പുനരാവിഷ്കരിക്കുന്നു. തുല്യതയില്ലാത്ത ഓർമകളുടെയും സമർപ്പണങ്ങളുടെയും ദിവസമായിട്ടാണ് പെരുന്നാൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വേറെ ഏതെങ്കിലും ഒരു ദർശനത്തിൽ ഇത്രയും അഴകും അകക്കാമ്പുമുള്ള ഒരാഘോഷത്തെ നമുക്ക് വായിക്കാനാകുമോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
