
പെരുന്നാൾ നിസ്കാരത്തിനു മുസല്ലയിലേക്ക് പോകുന്നതിനും വരുന്നതിനും വരെ തിരുനബിﷺക്ക് പ്രത്യേക ചിട്ടകളുണ്ടായിരുന്നു. മുസല്ലയിൽ നിന്ന് തിരിച്ചു വരുമ്പോൾ വഴിമധ്യേ വെച്ച് ജനങ്ങളുടെ വ്യവഹാരങ്ങൾ നിരീക്ഷിക്കും. അവർ എന്തൊക്കെയാണ് ചെയ്യുന്നത്, ഏത് കാര്യങ്ങളിലൊക്കെയാണ് വ്യാപൃതരായിരിക്കുന്നത് എന്ന്. പോകുന്ന വഴിയിലൂടെ ആയിരിക്കില്ല തിരിച്ചുവരുന്നത്. ജാബിറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ബൈഹഖി(റ)യും ഉദ്ധരിച്ച ഹദീസിൽ ഇത് വ്യക്തമായി തന്നെ പറയുന്നുണ്ട്. അബ്ദുല്ലാഹിബ്നു ഉമർ(റ) വിശദീകരിക്കുന്നു. മക്കയിൽ വച്ചാണെങ്കിൽ തിരുനബിﷺ പെരുന്നാൾ മുസല്ലയിലേക്ക് വന്നത് ഉയർന്ന ഭാഗത്തുള്ള കുന്ന് അഥവാ സനിയ്യത്തുൽ ഉൽയയിലൂടെയാണ്. മടങ്ങിപ്പോയത് താഴ്ഭാഗത്തുള്ള കുന്നിന്റെ അടുത്തുകൂടി അഥവാ സനിയ്യത്തുസ്സുഫ്ലയിലൂടെ. ഇമാം ശാഫിഈ(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കാണാം. തിരുനബിﷺ പ്രഭാതത്തിൽ തന്നെ പെരുന്നാൾ മുസല്ലയിലേക്ക് പുറപ്പെട്ടു. വിശാലമായ വഴിയിലൂടെയായിരുന്നു അങ്ങോട്ട് പോയത്. തിരിച്ചുവന്നത് അമ്മാർ ബിൻ യാസറി(റ)ന്റെ വീടിന്റെ അടുത്തു കൂടിയായിരുന്നു. പോകുമ്പോഴും വരുമ്പോഴും വേറെ വേറെ വഴികളിലൂടെ ആവുക എന്നതിൽ പല സന്ദർഭങ്ങളിലായി പല വഴിയിലൂടെ പോവുകയും തിരിച്ചുവരികയും ചെയ്ത നിവേദനങ്ങൾ സ്വഹാബികൾ ഉദ്ധരിച്ചിട്ടുണ്ട്.
പോകുമ്പോൾ ദീർഘമായ വഴിയിലൂടെ പോവുകയും വരുമ്പോൾ ഹ്രസ്വമായ വഴിയിലൂടെ മടങ്ങി വരികയും ചെയ്തു.
തിരുനബിﷺയുടെ സഞ്ചാര വഴികളെ എത്രമേൽ കൃത്യമായി അനുയായികൾ അറിയുകയും അനുകരിക്കുകയും ചെയ്തു എന്നതിനപ്പുറം മാനവികമായും സാമൂഹികമായും ഒരുപാട് അധ്യാപനങ്ങൾ കൂടി ഈ സമീപനത്തിൽ നമുക്ക് വായിക്കാനുണ്ട്. തിരുനബിﷺ കടന്നുപോകുന്നതോടെ കടന്നുപോകുന്ന വഴികൾക്കും പരിസരങ്ങളിൽ വസിക്കുന്നവർക്കും അനുഗ്രഹവും സന്തോഷവും ലഭിക്കും. അതു കൂടുതലാളുകളിലേക്ക് എത്തിക്കുക എന്ന വലിയ ഒരു പ്രവർത്തനം നബിﷺയുടെ ഈ നടപടിയിലൂടെ സാധ്യമാകുന്നു. സമൂഹത്തിന്റെ അവസ്ഥകളും പരിതസ്ഥിതികളും നേരിട്ട് മനസ്സിലാക്കാൻ ഇതിലേറെ നല്ലൊരു മാർഗം വേറെയില്ല. അയൽവാസികൾ അന്നാട്ടുകാരും എല്ലാവരും പെരുന്നാളിന്റെ സന്തോഷത്തിൽ പങ്കെടുക്കുന്നുണ്ടോ? അവരുടെ ജീവിതാവസ്ഥകൾ എന്താണ്? എന്നിങ്ങനെയുള്ള കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാൻ ഒരു നേതാവിനും ഭരണാധികാരിക്കും ലഭിക്കുന്ന ഏറ്റവും നല്ല അവസരം.
പരവതാനിയിൽ ഇരുന്ന് പ്രസ്താവനകൾ പറഞ്ഞും ഗിരിപ്രഭാഷണങ്ങളിലൂടെ പ്രഖ്യാപനം നടത്തിയും അധികാര പീഠങ്ങളിൽ ഇരുന്ന് ആഢ്യത്വം നടപ്പിലാക്കിയും കഴിഞ്ഞുപോയ ഒരു നേതാവിനെ അല്ല നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ബന്ധവും ഗന്ധവും അവൻ്റെ ആഘോഷവും ആനന്ദവും നനവും നോവും രോഗവും ആരോഗ്യവും എല്ലാം നേരിട്ട് സന്ദർശിച്ചും മനസ്സിലാക്കിയും അവർക്കിടയിൽ ഒരാളായി ജീവിച്ചു. ഏറ്റവും വെളിച്ചമുള്ള ജീവിതത്തെ ഏറ്റവും മനോഹരമായി ആവിഷ്കരിച്ചു. ലോകത്തെ ഏറ്റവും ഉന്നതമായ പദവിയിൽ സഞ്ചരിക്കുമ്പോഴും ഏറ്റവും ലളിതമായ ജീവിതാവസ്ഥകളോട് ചേർന്നുനിൽക്കാനുള്ള വിനയത്തെ ഏറ്റവും മനോഹരമായി ജീവിച്ചു കാണിച്ചു തന്നു.
അർശിൻ്റെ അധിപൻ ആകാശ മണ്ഡലങ്ങൾക്കപ്പുറത്ത് വിരുന്ന് നൽകി സ്വീകരിച്ച തിരുറസൂൽﷺ പാടത്ത് പണിയെടുത്ത് പാദം വിണ്ടു കീറിയ പാവപ്പെട്ട ഗ്രാമീണന്റെ നൊമ്പരങ്ങളെ നേരിട്ടറിയുകയും അവൻ്റെ ക്ഷേമത്തിനായി ഒപ്പം നിൽക്കുകയും ചെയ്തു. ഈ അത്ഭുതകരമായ വ്യക്തിത്വത്തിന്റെ സമാനതകളില്ലാത്ത ജീവിതത്തെയാണ് മുഹമ്മദ് റസൂലുല്ലാഹിﷺ എന്ന വിലാസത്തിന് താഴെ നിരന്തരമായി വായിച്ചു കൊണ്ടിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ അവിടുന്ന് ധരിച്ച വസ്ത്രവും കടന്നുപോയ വഴികളും ഇന്നും ലോകത്തോട് മാനുഷിക പാരസ്പര്യങ്ങളിലെ ഏറ്റവും മനോഹരമായ സമ്പ്രദായങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
