
തിരുനബിﷺ നിർവഹിച്ച സുന്നത്ത് നിസ്കാരങ്ങൾ വായിച്ചു പോകുമ്പോൾ വളരെ സവിശേഷമായി വായിക്കേണ്ടതാണ് അവിടുത്തെ പെരുന്നാൾ ആഘോഷവും നിസ്കാരവും. പെരുന്നാൾ നിസ്കാരത്തെ കുറിച്ചുള്ള അധ്യായങ്ങൾ പെരുന്നാളിനു വേണ്ടിയുള്ള ഒരുക്കങ്ങൾ കൂടി ചേർന്നതാണ്. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ചെറിയ പെരുന്നാൾ ദിവസവും വലിയ പെരുന്നാൾ ദിവസവും കുളിക്കാറുണ്ടായിരുന്നു.
പെരുന്നാളിനു വേണ്ടി പ്രത്യേകം കുളിക്കുക എന്നാണ് ഇതിന്റെ അർഥം. ശുദ്ധിയും വൃത്തിയും ഏറ്റവും പ്രാധാന്യത്തോടെ പരിപാലിച്ചിരുന്ന തിരുനബിﷺ പെരുന്നാൾ ദിവസത്തെ കുളി സവിശേഷമായ ഒരു പുണ്യകർമമായി തന്നെ അവതരിപ്പിച്ചു എന്നർഥം. മേലെ ഉദ്ധരിച്ച ഹദീസിന്റെ ആശയത്തിൽ വേറെയും ഹദീസുകൾ വന്നിട്ടുണ്ട്.
ഇമാം ഹാക്കിമും(റ) ബൈഹഖി(റ)യും ഉദ്ധരിക്കുന്നു. ജാബിർ(റ) പറഞ്ഞു. പെരുന്നാൾ ദിവസങ്ങളിൽ തിരുനബിﷺ ചുവന്ന മേൽത്തട്ടം അണിയാറുണ്ടായിരുന്നു. പെരുന്നാൾ ദിവസം പ്രത്യേകമായി തലപ്പാവണിയുകയും ചെയ്തിരുന്നുവെന്ന് ഇതേ ആശയത്തോടൊപ്പം മറ്റു നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
ഉർവ ബിൻ സുബൈർ(റ) നിവേദനം ചെയ്യുന്നു. ചെറിയപെരുന്നാളിനും വലിയ പെരുന്നാളിനും തിരുനബിﷺ അണിഞ്ഞിരുന്നത് യമനിലെ ഹള്റമി നിർമിതമായ മേൽവസ്ത്രമായിരുന്നു. നാലുമുഴം നീളവും രണ്ടര മുഴം വീതിയുമായിരുന്നു അതിനുണ്ടായിരുന്നത്.
ചെറിയ പെരുന്നാൾ നിസ്കാരത്തിനു വേണ്ടി പുറപ്പെടുമ്പോൾ 3,5,7 കാരക്കകൾ കഴിച്ചതിനുശേഷമായിരുന്നു മുസല്ലയിലേക്ക് എത്തിയിരുന്നത്. ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നുണ്ട്.
ബലിപെരുന്നാൾ ദിവസം മുസല്ലയിലേക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കാതെയാണ് പോയിരുന്നത്. തിരിച്ചുവരുമ്പോൾ ബലി നിർവഹിച്ച മൃഗത്തിന്റെ കരൾ കറിവെച്ച് കഴിച്ചിരുന്നു എന്നും ഇമാം ഹാകിം(റ) ബുറൈദ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. ബലിപെരുന്നാളിന് ഭക്ഷണം കഴിക്കാതെയും ചെറിയപെരുന്നാളിന് ഭക്ഷണം കഴിച്ചിട്ടുമാണ് മുസല്ലയിലേക്ക് പുറപ്പെടേണ്ടത് എന്ന് തിരുനബിﷺ മറ്റുള്ളവരോട് നിർദ്ദേശിക്കുന്ന ഹദീസുകളും കാണാം.
മുസല്ലയിലേക്ക് നടന്നുകൊണ്ടായിരുന്നു അവിടുന്ന് പുറപ്പെട്ടിരുന്നത്. ബാങ്കോ ഇഖാമത്തോ ഇല്ലാതെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നിർവഹിച്ചു. ചെറിയ പെരുന്നാളിന്റെ രാത്രിയിലും പെരുന്നാൾ നിസ്കാരത്തിന് മുസല്ലയിലേക്ക് എത്തുന്നതുവരെയും സവിശേഷമായി തക്ബീർ ചൊല്ലിയിരുന്നു.
തുറസ്സായ സ്ഥലത്തു നിസ്കരിക്കുമ്പോൾ മുന്നിൽ കുന്തമോ മറ്റോ നാട്ടി നിസ്കാരത്തിനു മുന്നിൽ മറ സ്വീകരിച്ചിരുന്നു. സാധാരണയിൽ തന്നെ നിർദ്ദേശിക്കപ്പെട്ട ഇക്കാര്യം പെരുന്നാൾ മുസല്ലയിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെരുന്നാൾ നിസ്കാരത്തിനു മുമ്പോ ശേഷമോ പ്രത്യേകമായ ഏതെങ്കിലും സുന്നത്ത് നിസ്കാരം അവിടുന്ന് നിർവഹിച്ചിരുന്നില്ല. ബലിപെരുന്നാൾ നിസ്കാരം പ്രഭാതമായി അധികം വൈകാതെയും ചെറിയപെരുന്നാൾ നിസ്കാരം പ്രഭാതമായി അല്പം കാത്തുനിന്നശേഷവുമായിരുന്നു നിർവഹിച്ചിരുന്നത്. എല്ലാവർക്കും ഒരുമിച്ച് നിസ്കരിക്കാൻ സൗകര്യത്തിന് പ്രത്യേകമായ ഈദ് മുസല്ലയിൽ ആയിരുന്നു പെരുന്നാൾ നിസ്കാരം നിർവഹിച്ചിരുന്നത്.
എന്നാൽ, ഒരിക്കൽ മഴയുണ്ടായപ്പോൾ തിരുനബിﷺ പള്ളിയിലായിരുന്നു പെരുന്നാൾ നിസ്കാരം നിർവഹിച്ചത്. ഇക്കാര്യം പറയുന്ന ഹദീസ് അബൂ ഹുറൈറ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും അബുദാവൂദും(റ) എല്ലാം ഉദ്ധരിച്ചിട്ടുണ്ട്. പള്ളിയിൽ ഒരുമിച്ച് നിസ്കരിക്കാൻ സൗകര്യമുണ്ടായിരിക്കെ പള്ളിയിലാണ് ശ്രേഷ്ഠമെന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാർ പ്രത്യേകം തന്നെ ഉണർത്തിയിട്ടുണ്ട്. പ്രത്യേകം ഈദ് മുസല്ലയിൽ ആയിരിക്കണം പെരുന്നാൾ നിസ്കാരം നിർവഹിക്കേണ്ടത് എന്ന് നിഷ്കർഷിക്കുന്ന ഹനഫീ മദ്ഹബുകാർ ഈദ് എന്ന പേരിൽ പ്രത്യേകം പരിപാലിക്കപ്പെടുന്ന സ്ഥലമാണ് ഉപയോഗിക്കാറുള്ളത്. കേവലം ഒരു ദിവസത്തേക്ക് നിസ്കരിക്കാൻ ഉപയോഗിക്കുന്നതിന് പകരം കാലാകാലം അത് ഈദ് മുസല്ലയായി നിശ്ചയിക്കപ്പെട്ടതായിരിക്കും. പെരുന്നാൾ ദിവസങ്ങളിൽ അല്ലാത്തപ്പോൾ അത് സുരക്ഷിതമായി തന്നെ പരിപാലിക്കപ്പെടുകയും ചെയ്യും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
