
തിരുനബിﷺ പതിവാക്കിയ സുന്നത്ത് നിസ്കാരങ്ങളിൽ ഹദീസുകൾ എണ്ണി പറഞ്ഞതാണ് മധ്യാഹ്നത്തിലെ നാലു റക്അത്ത് നിസ്കാരം. അബൂ അയ്യൂബി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഉദ്ധരിക്കുന്നു. മധ്യാഹ്നത്തിൽ തിരുനബിﷺ നാല് റക്അത്ത് സുന്നത്ത് നിസ്കാരം പതിവാക്കിയിരുന്നു. ഞാൻ നബിﷺയോട് ചോദിച്ചു. ഏത് നിസ്കാരമാണ് ഈ നിർവഹിക്കുന്നത്? അവിടുന്ന് പറഞ്ഞു. സൂര്യൻ മധ്യാഹ്നത്തിൽ എത്തുമ്പോൾ ആകാശ കവാടങ്ങൾ തുറക്കപ്പെടും. ളുഹറിൻ്റെ സമയം വരെ അത് അങ്ങനെ തുടരും. ആ സമയത്ത് എന്നിൽ നിന്ന് ഒരു നന്മ ഉപരി ലോകത്തേക്ക് ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ ചോദിച്ചു. ഈ നാല് റക്അത്തിലും ഖുർആൻ പാരായണമുണ്ടോ? അതെ. രണ്ട് റക്അത്തുകൾക്ക് കഴിഞ്ഞു സലാം വീട്ടിയ ശേഷമാണോ രണ്ട് നിർവഹിക്കാറുള്ളത്? അല്ല.
സവിശേഷമായ ഒരു നിസ്കാരത്തെ കുറിച്ചാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. പ്രത്യേക സമയങ്ങളിൽ അല്ലാഹുവിന്റെ സാമീപ്യത്തിന് കൂടുതൽ ഉതകുന്ന വിധത്തിൽ ഏറ്റവും ഉയർന്ന കർമങ്ങൾ നിർവഹിക്കുക എന്നത് തിരുനബിﷺ പഠിപ്പിച്ച ഒരു തത്വമാണ്. അത് പ്രകാരമാണ് ശ്രേഷ്ഠമായ സമയത്തെ പരിഗണിച്ചുകൊണ്ട് അവിടുന്ന് നിസ്കാരം പതിവാക്കിയിരുന്നത്. അല്ലാഹുവിലേക്ക് അടുക്കാൻ ഏറ്റവും പ്രിയപ്പെട്ട കർമമാണല്ലോ നിസ്കാരം.
ഈ നിസ്കാരം സംബന്ധിയായ നിരവധി ഹദീസുകൾ ഒരുമിച്ചു വായിക്കുമ്പോൾ പ്രസ്തുത നിസ്കാരത്തിൽ തിരുനബിﷺ പാലിച്ചിരുന്ന ദൈർഘ്യവും സാവധാനത്തിൽ തന്നെ സുജൂദ് റുകൂഉകൾ നിർവഹിച്ച കാര്യവും പരാമർശിക്കുന്നുണ്ട്.
നിർബന്ധമായ കർമങ്ങളും നിസ്കാരങ്ങളും ഓരോ വ്യക്തിയും നിർവഹിക്കൽ അനിവാര്യമാണ്. അതു ഉപേക്ഷിക്കുന്ന പക്ഷം പരിഹാരക്രിയയോ പശ്ചാത്താപമോ ചെയ്യണം. അവയൊന്നും പരിഗണിക്കുന്നില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷയുമുണ്ടാകും. ഓരോ വിശ്വാസിയുടെയും ദൗത്യമായിട്ടാണ് നിർബന്ധ നിസ്കാരങ്ങളും നോമ്പുകളും വിലയിരുത്തപ്പെടുക. എന്നാൽ, സുന്നത്തായ കർമങ്ങൾ അങ്ങനെയല്ല. ഒരു അടിമയ്ക്ക് അല്ലാഹുവിനോട് സാമീപ്യം നേടാനുള്ള പുണ്യകർമങ്ങളാണ്. ആരാധനയോടും അല്ലാഹുവിനോടുമുള്ള ഇഷ്ടത്തെ അടയാളപ്പെടുത്തുന്നത് സുന്നത്തായ കർമങ്ങളിൽ കാണിക്കുന്ന ജാഗ്രതയും പരിഗണനയും ഒക്കെയായിരിക്കും. ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കുന്ന ഒരു കാര്യം നിർവഹിച്ചു വരുമ്പോൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്ന ഒരു മാനം അതിനുണ്ടാകും. എന്നാൽ, ഉപേക്ഷിച്ചാൽ ശിക്ഷയില്ലെങ്കിലും പ്രവർത്തിച്ചാൽ പ്രീതി ലഭിക്കുന്ന കർമങ്ങൾ അടിമ ഉടമയോടുള്ള വിധേയത്വത്തിന്റെ അടിസ്ഥാനം പരിഗണിക്കപ്പെടുന്ന കാര്യമായിരിക്കും.
സുന്നത്തായ കർമങ്ങൾ വഴി എൻ്റെ അടിമ എന്നോട് പ്രിയം വെച്ചാൽ അവൻ്റെ അവയവങ്ങൾക്ക് പ്രത്യേകമായി മഹത്വം നൽകുമെന്ന് അല്ലാഹു പറയുന്നതിന്റെ സാരവും ആത്മാവും വലുതാണ്. അല്ലാഹുവിന്റെ ഇഷ്ടക്കാരായ ഔലിയാക്കൾ രൂപപ്പെടുന്നത് ഐശ്ചികമായ കർമങ്ങൾ അധികരിപ്പിച്ചു കൊണ്ടാണ്. ആത്മീയ വഴികളുടെ എല്ലാം അടിസ്ഥാനം നിർബന്ധമായ കർമങ്ങളിൽ ഒരു വീഴ്ചയും വരുത്താതെ ഉപരിയായി സുന്നത്തായ കർമങ്ങൾ നിർവഹിക്കുക എന്നതാണ്.
സുന്നത്തായ കർമങ്ങളെ ചിലർ പരിചയപ്പെടുത്തുമ്പോൾ ഒഴിവാക്കിയാൽ കുറ്റമില്ലാത്തത് എന്ന ആമുഖത്തോടെയാണ് ആരംഭിക്കുന്നത്. എന്നാൽ അത് ശരിയായ രീതിയല്ല. സുന്നത്തായ കർമങ്ങൾ നിർവഹിക്കപ്പെടേണ്ടതാണ് എന്ന ധ്വനിയിൽ നിന്നാണ് അവയെക്കുറിച്ചുള്ള അധ്യാപനങ്ങളും അവലോകനങ്ങളും ഉയർന്നുവരേണ്ടത്. നബി ജീവിതത്തിന്റെ ആഖ്യാനങ്ങളിൽ വളരെ സുപ്രധാനമായ അധ്യായമാണ് നബിﷺ ജീവിതത്തിൽ പാലിച്ച പുണ്യകർമങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
