
തിരുനബിﷺയുടെ ഒരു ഖുതുബയുടെ ഘടന വിശദീകരിക്കുന്ന ഹദീസ് ഇങ്ങനെ വായിക്കാം. ഇമാം നസാഈ(റ), ഇബ്നുമാജ(റ) എന്നിവർ ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ചു. ഇടയിൽ ഒന്നിരുന്നു. എഴുന്നേറ്റു വീണ്ടും ഖുതുബ തുടർന്നു. ഖുർആനിലെ സൂക്തം പാരായണം ചെയ്തു. അല്ലാഹുവിനെ സ്മരിച്ചു. അനുസൃതമായ മന്ത്രങ്ങൾ ഉച്ചരിച്ചു. തിരുനബിﷺയുടെ ഖുതുബയും നിസ്കാരവും ഒരു മധ്യനിലയിലായിരുന്നു. അധികം ദൈർഘ്യമോ ചുരുക്കമോ ഉണ്ടായിരുന്നില്ല.
സൂറത്തു അഹ്സാബിലെ ഏഴാമത്തെ സൂക്തം നിരന്തരമായി തിരുനബിﷺ ഖുതുബയിൽ പാരായണം ചെയ്യാറുണ്ടായിരുന്നു. പ്രസ്തുത സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവിനെയും അവന്‍റെ ദൂതനെﷺയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.”
തിരുനബിﷺ മിമ്പറിൽ കയറുമ്പോഴെല്ലാം മേൽ സൂക്തം പാരായണം ചെയ്യാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിലും കാണാം. സാധാരണ പ്രഭാഷണങ്ങളിലേതു പോലെ ഖുതുബയിൽ ആംഗ്യവിക്ഷേപങ്ങൾ ഉണ്ടായിരുന്നില്ല. ഉമാറത്തുബിന് റുവൈബ(റ) പറയുന്നു. ബിശ്ർ ബിൻ മർവാൻ(റ) എന്നവർ മിമ്പറിൻ്റെ മുകളിൽ വച്ച് അഥവാ ഖുതുബയ്ക്കിടയിൽ കൈകൾ ഉയർത്തുന്നത് കണ്ടു. അപ്പോൾ പറഞ്ഞു നിങ്ങളുടെ കൈകൾ മോശമാകട്ടെ. തിരുനബിﷺ ഖുതുബക്കിടയിൽ തള്ളവിരൽ കൊണ്ട് ലളിതമായ ഒരാംഗ്യമല്ലാതെ കൈകൊണ്ടോ മറ്റോ ആംഗ്യങ്ങൾ കാണിക്കാറുണ്ടായിരുന്നില്ല.
തിരുനബിﷺയുടെ പ്രഭാഷണത്തിന്റെ ഉള്ളടക്കങ്ങളെ പരാമർശിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. അതിൽ ഒരു നിവേദനം ഇപ്രകാരമാണ്. ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ബറാഅ്ബിന് ആസിബ്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ ഖുതുബ നിർവഹിച്ചു. വീടിന്റെ അറകളിൽ ഇരിക്കുന്ന സ്ത്രീകൾക്ക് വരെ അത് കേൾക്കാമായിരുന്നു. ഖുതുബയിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു. അല്ലയോ നാവുകൊണ്ട് വിശ്വാസം പ്രഖ്യാപിച്ചവരേ! നിങ്ങൾ മുസ്‌ലിംകളെ പരദൂഷണം പറയരുത്. ജനങ്ങളുടെ ന്യൂനത തേടി പോകരുത്. നിങ്ങൾ മറ്റുള്ളവരുടെ ന്യൂനത തേടി പോകുന്ന പക്ഷം അല്ലാഹു നിങ്ങളുടെ കുറവുകളെയും പരിഗണിക്കുകയും വീടിന്റെ ഉള്ളിലാണെങ്കിൽ പോലും അതിന്മേൽ അപമാനമേൽക്കേണ്ടി വരികയും ചെയ്യും.
ജുമുഅ ഖുതുബ കേവലം ഒരു പ്രഭാഷണമല്ല. രണ്ട് റക്അത്ത് നിസ്കാരത്തിന്റെ സ്ഥാനത്തു നിൽക്കുന്ന സവിശേഷമായ ദിക്റാണ്. പ്രഭാഷണത്തിന് പറയുന്ന ന്യായങ്ങൾ പറഞ്ഞുകൊണ്ട് ജുമുഅ ഖുതുബയെ വ്യാഖ്യാനിച്ചു വഴിമാറ്റുന്നത് പ്രമാണങ്ങളോട് ചെയ്യുന്ന അതിക്രമമാണ്. ജനങ്ങൾക്ക് ഉപദേശം നൽകുക എന്ന അടിസ്ഥാന ദൗത്യം നിർവഹിക്കാൻ ഉചിതമായ ഏത് സമയവും സന്ദർഭവും പ്രയോജനപ്പെടുത്താം. എന്നാൽ, സവിശേഷമായ ഈ അനുഷ്ഠാനത്തെ അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വഴിമാറ്റുന്നത് പ്രാമാണികമായി സ്വീകാര്യമല്ല.
അതുകൊണ്ടുതന്നെ ഖുതുബ നിർവഹിക്കുന്ന ആൾ അടിയന്തിരാവശ്യങ്ങൾക്കുവേണ്ടി ഇടയിൽ വച്ച് സാധാരണ സംസാരമാകാമോ? ഇല്ലേ? എന്ന ഒരു ഗൗരവതരമായ ചർച്ചയുണ്ട്. സാധാരണ പ്രസംഗത്തിനിടയിൽ അങ്ങനെ ഒരു സംസാരത്തെക്കുറിച്ച് ചർച്ചയുടെ ആവശ്യമില്ലല്ലോ!
ഖുതുബ നിർവഹിച്ചുകൊണ്ടിരിക്കെ അടിയന്തിരാവശ്യങ്ങൾക്ക് വേണ്ടി ഇടയിൽ വെച്ച് തിരുനബിﷺ സംസാരിച്ചത് നമുക്ക് പ്രമാണങ്ങളിൽ നിന്ന് വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
