Tweet 1042

    Tweet 1042
    April 21, 2025 • Monday
    Post Header

    തിരുനബിﷺ മിമ്പറിന്റെ മുകളിൽ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ച രംഗത്തിന് സാക്ഷിയായ നിരവധി സ്വഹാബികളുടെ നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. പ്രമുഖ സ്വഹാബിയായ ജരീർ(റ) പറഞ്ഞു. തിരുനബിﷺ ഒരു ചെറിയ മിമ്പറിന്റെ മുകളിൽ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ചു. ദാനധർമങ്ങളെ പ്രേരിപ്പിക്കുന്നതായിരുന്നു ഖുതുബയുടെ ഉള്ളടക്കം.

    മഹാനായ ഇബ്നു അബ്ബാസ്(റ) പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ, ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ എന്നീ ദിവസങ്ങളിലെല്ലാം തിരുനബിﷺ മിമ്പറിന് മുകളിൽ നിന്നുകൊണ്ട് ഖുതുബ നിർവഹിച്ചു. മുഅദ്ദിൻ വാങ്ക് കൊടുത്തതിനുശേഷമായിരുന്നു ഖുതുബ നിർവഹിച്ചിരുന്നത്.

    ജുമുഅ ഖുതുബയെ കുറിച്ചായിരിക്കണം ഈ വിശദീകരണം. ഖുതുബ നിർവഹിക്കുന്ന സമയത്ത് കയ്യിൽ ഒരു വടി കരുതിയിരുന്നു എന്നും അത് ഇബ്രാഹിം നബി(അ)യുടെ ചര്യയുടെ ഭാഗമാണെന്നും പറയുന്ന മുആദ് ബിനു ജബൽ(റ) ഉദ്ധരിച്ച ഹദീസ് അത്ര പ്രബലമല്ലാത്ത പരമ്പരയിൽ ആണെങ്കിലും ഇമാം ബസ്സാർ(റ) ഉദ്ധരിച്ചിട്ടുണ്ട്.

    പഴയ ഈത്തപ്പന മരത്തിൽ ചാരി നിന്നുകൊണ്ട് തിരുനബിﷺ ഖുതുബ നിർവഹിച്ചതും മദീന പള്ളിയിൽ ആളുകൾ അധികരിച്ചപ്പോൾ പുതിയ മിമ്പർ ഉണ്ടാക്കാൻ നിർദ്ദേശിച്ചതും പുതിയ മിമ്പറിന്മേൽ തിരുനബിﷺ ഖുതുബ നിർവഹിച്ചപ്പോൾ പഴയ ഈത്തപ്പനമരം കരഞ്ഞതും തുടങ്ങി വിശദമായ ചരിത്ര ഭാഗങ്ങൾ നാം വായിച്ചു പോയിട്ടുണ്ട്.

    തിരുനബിﷺ മിമ്പറിൽ കയറിയാൽ സവിശേഷമായ രൂപത്തിൽ ജനങ്ങളെ അഭിമുഖീകരിക്കുകയും മിമ്പറിൽ ഇരിക്കുമ്പോഴും ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കുകയും ചെയ്യുമായിരുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മിമ്പറിൽ കയറി മുകളിൽ എത്തിയാൽ സവിശേഷമായ രൂപത്തിൽ ജനങ്ങളെ അഭിമുഖീകരിക്കുമായിരുന്നു. ശേഷം, സലാം പറഞ്ഞുകൊണ്ട് ജനങ്ങളോട് സംഭാഷണം ആരംഭിക്കും. വെള്ളിയാഴ്ച ഖുതുബ നിർവഹിക്കാൻ വേണ്ടി വരുമ്പോൾ മിമ്പറിന്റെ പരിസരത്തുള്ളവരോട് ആദ്യം സലാം ചൊല്ലും. ശേഷം മിമ്പറിൽ കയറിയാൽ എല്ലാവരെയും അഭിമുഖീകരിച്ചുകൊണ്ട് സലാം ചൊല്ലും.

    ഖുതുബ നിർവഹിക്കുമ്പോൾ ഉള്ളടക്കത്തിനനുസരിച്ചുള്ള ശരീര ഭാഷ തിരുനബിﷺക്കുണ്ടാകും. ഗൗരവതരമായ കാര്യങ്ങൾ പറയുമ്പോൾ കണ്ണുകൾ ചുവക്കുകയും ശബ്ദമുയരുകയും ചെയ്യും. ഒരു സൈന്യത്തിന് താക്കീത് നൽകുംപോലെയായിരിക്കും ചിലപ്പോൾ സംസാരിക്കുക. ഒരിക്കൽ അവിടുന്ന് പറഞ്ഞ വാചകങ്ങളുടെ ആശയം ഇങ്ങനെയാണ്. നിങ്ങൾക്ക് പ്രഭാതവും പ്രദോഷവുമായിരിക്കുന്നു. എന്നെയും അന്ത്യനാളിനെയും ഇപ്രകാരമാണ് നിയോഗിച്ചിട്ടുള്ളത്. തുടർന്ന് ചൂണ്ടുവിരലും അടുത്ത വരലും ചേർത്തുപിടിച്ചു. അഥവാ എന്റെ നിയോഗത്തിന്റെ ഉടനെ ലോകാവസാനവുമുണ്ടാകും എന്ന് അറിയിക്കാൻ വേണ്ടിയായിരുന്നു അത്.

    ലോകത്തിന്റെ മുഴുവൻ പ്രായം വച്ചുനോക്കുമ്പോൾ കടന്നുപോയ സമൂഹങ്ങളുടെയും കാലങ്ങളുടെയും അളവുകളും ആലോചിച്ചു നോക്കിയാൽ ഇനിയൊരു നബിയും വരാനില്ല, ഇനിയൊരു യുഗവും പിറക്കാനില്ല . അന്ത്യപ്രവാചകരുംﷺ അന്ത്യപ്രവാചകരുﷺടെ സമുദായവുമാണുള്ളത്. ലോകാവസാനത്തിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു എന്ന് സാരം. ലോകോൽപത്തി ഒന്നാം തീയതിയായും ലോകാവസാനം മുപ്പതാം തീയതിയായും സങ്കൽപ്പിച്ചാൽ നാമിപ്പോൾ എത്രാം തീയതിയിലാണ് എന്ന് ആലോചിച്ചു ആശയം സമർപ്പിച്ചവരുണ്ട്. ലോകത്തിന്റെ മുഴുവൻ പ്രായവും ഒരു മാസ കലണ്ടറിലേക്ക് കൊണ്ടുവന്നാൽ ഇന്ന് മുപ്പതാം തീയതി വൈകുന്നേരം ആയിരിക്കുന്നു എന്നാണ് ചിലർ അവതരിപ്പിച്ചത്. ഈ ഒരാശയത്തിൽ നിന്നുകൊണ്ടാണ് തിരുനബിﷺയുടെ പ്രയോഗത്തെ നാം വായിക്കേണ്ടത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...