Tweet 1041

    Tweet 1041
    April 20, 2025 • Sunday
    Post Header

    തിരുനബിﷺ നിർവഹിച്ച ഖുതുബകളെ കുറിച്ചു വായിക്കുമ്പോൾ അവിടുന്ന് ഖുതുബകൾ നിർവഹിച്ച സ്ഥലങ്ങളെ കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്. പ്രത്യേക ചിട്ടകൾ പാലിച്ചുകൊണ്ട് സവിശേഷമായി നടത്തുന്ന വെള്ളിയാഴ്ച ജുമുഅയുടെ ഖുതുബ, പെരുന്നാൾ ഖുതുബ എന്നിവയ്ക്ക് പുറമേ തിരുനബിﷺ സ്വഹാബികളോട് നടത്തിയ അവസരോചിതമായ ഉപദേശങ്ങളെ കുറിച്ചും ഖുതുബ എന്ന് തന്നെ പ്രയോഗിച്ചിട്ടുണ്ട്. ജുമുഅ, പെരുന്നാൾ തുടങ്ങിയ ഖുതുബകൾ പ്രത്യേകമായ സമയവും നിബന്ധനകളും നിഷ്ടങ്ങളും പാലിച്ചുകൊണ്ട് നിർവഹിക്കപ്പെടേണ്ടതാണ്. എന്നാൽ, മറ്റു സംഭാഷണങ്ങൾ സന്ദർഭോചിതമായ ഉണർത്തലുകളും ഉപദേശങ്ങളും ഉൾക്കൊള്ളുന്നതാണ്. അവയ്ക്ക് പ്രത്യേകമായ നിബന്ധനകളോ സമയനിർണയങ്ങളോ ഒന്നുമില്ല.

    എവിടെവച്ച് ഒക്കെ ആയിരുന്നു തിരുനബിﷺ പൊതുവേ ഖുതുബകൾ നിർവഹിച്ചിരുന്നത് എന്ന ലളിതമായ ഒരു വായനയാണ് ഇവിടെ. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് അല് ഖുദ്രി(റ) പറഞ്ഞു. തബൂഖ് യുദ്ധം നടന്ന വർഷം തിരുനബിﷺ പ്രഭാഷണം നടത്തി. നിലത്തു നിന്നുകൊണ്ട്, പിൻഭാഗം വാഹനത്തിലേക്ക് ചാരിൽ നിന്നു കൊണ്ടായിരുന്നു പ്രസംഗിച്ചിരുന്നത്.

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. കഅ്ബയുടെ വാതിലിന്റെയും ഹജറുൽ അസ്‌വദിന്റെയും ഇടയിലുള്ള ഭാഗം അഥവാ മുൽതസമിലേക്ക് ചാരി നിന്നുകൊണ്ട് തിരുനബിﷺ ഖുതുബ നിർവഹിച്ചു.

    നിലത്തുനിന്നും വാഹനത്തിലേക്ക് ചാരിയും ഒട്ടകപ്പുറത്തിരുന്നും കോവർ കഴുതയുടെ മുകളിൽ വച്ചും മിമ്പറിന്റെ മുകളിൽ വെച്ചും തിരുനബിﷺ ഖുതുബ നിർവഹിച്ചിട്ടുണ്ട്.

    ഒരു ചുവന്ന തട്ടം അണിഞ്ഞു കൊണ്ട് കോവർ കഴുതയുടെ മുകളിൽ വച്ച് തിരുനബിﷺ ഖുതുബ നിർവഹിക്കുന്നതും അലിയ്യ് (റ) വിശദീകരിച്ചു കൊടുക്കുന്നതും നേരിട്ടു കണ്ട അനുഭവം ഹിലാലു ബിൻ ആമിർ(റ) അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് പങ്കുവെച്ചത് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നുണ്ട്.

    ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ഹിർമാസ് ബിൻ സിയാദ്(റ) പറഞ്ഞു. തിരുനബിﷺ ഒട്ടകപ്പുറത്തു വച്ച് ഖുതുബ നിർവഹിക്കുന്നത് ഞാൻ കണ്ടു. ഉള്ളടക്കം ഇതായിരുന്നു. നിങ്ങൾ ചതിയെ സൂക്ഷിക്കുക. ഏറ്റവും മോശമായ സ്വകാര്യതയാണത്. നിങ്ങൾ അക്രമികളാവരുത്. അത് പരലോകത്ത് ഒരുപാട് ഇരുട്ടുകളായി വരും. പിശുക്കിനെ നിങ്ങൾ സൂക്ഷിക്കുക. മുൻഗാമികളായ പലരെയും നശിപ്പിച്ചു കളഞ്ഞത് ലുബ്ധാണ്. പരസ്പരം രക്തച്ചൊരിച്ചിലിനും കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കുന്നതിനും അത് കാരണമായിട്ടുണ്ട്.

    ലോകത്ത് ഒരുപാട് പ്രഭാഷകരുടെയും പ്രഭാഷണങ്ങളെ കുറിച്ച് അവലോകനങ്ങളും വിശകലനങ്ങളും നടന്നിട്ടുണ്ടാവാം. ചരിത്രത്തിൽ പ്രസിദ്ധമായ പല പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളായും ഉദ്ധരണികളായും നിലനിൽക്കുന്നുമുണ്ടാവാം. എന്നാൽ, അതിസൂക്ഷ്മമായി ഒരു വ്യക്തിയുടെ പ്രഭാഷണത്തെക്കുറിച്ചും അപ്പോൾ ഉപയോഗിച്ച ഭാഷയെ കുറിച്ചും എവിടെയൊക്കെ വച്ചായിരുന്നു സംഭാഷണം നടത്തിയിരുന്നത് എന്നും അതിനു വിശദീകരണം നൽകിയവർ ആരൊക്കെയാണെന്നും ഉള്ളടക്കത്തിന്റെ വൈവിധ്യങ്ങളും പ്രഭാഷണത്തിന്റെ ഉള്ളടക്കങ്ങൾ ലോകത്ത് സ്വാധീനിച്ച രീതികളും തൽസമയം സദസ്സ് ഏറ്റെടുത്ത ശൈലികളും ഇങ്ങനെ തുടങ്ങി നാനാവശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണ പഠനം തിരുനബിﷺയെ കുറിച്ച് അല്ലാതെ മറ്റാരെ കുറിച്ചാണ് നമുക്ക് വായിക്കാനുള്ളത്!

    ഇത്രമേൽ സ്വാധീനിച്ച ഒരു പ്രസംഗത്തെക്കുറിച്ച്, പ്രഭാഷണം നിർവഹിച്ച വ്യക്തിയെക്കുറിച്ച് വേറെ എവിടെയാണ് പഠനങ്ങളും അവലോകനങ്ങളും ആവശ്യമുളളത്! ശിരസ്സിനു മുകളിൽ ഇരിക്കുന്ന പറവ പാറിപ്പോകുമോ എന്ന് വിചാരിക്കുന്ന അത്രയും ശ്രദ്ധയിൽ തിരുനബിﷺയെ കേൾക്കുന്നു. പ്രഭാഷണത്തിന്റെ ഉള്ളടക്കം 100% സദസ്സ് ഏറ്റെടുക്കുന്നു. ചിലപ്പോൾ അത് പോരാട്ടവീര്യമായി, ആത്മീയമായ വിചാരങ്ങളായി, ആത്മീയ ആനന്ദങ്ങളായി, കുടുംബങ്ങളിലെ പാരസ്പര്യ സന്തോഷങ്ങളായി, സൗഹൃദത്തിന്റെ മധുര നിമിഷങ്ങളായി, സുഭദ്രമായ സാഹോദര്യത്തിന്റെ പരുവപ്പെടലുകളായി, സാമൂഹിക തിന്മകളെ തിരുത്താനുള്ള ഉജ്ജ്വലമായ ഉൽബോധനമായി, കലവറകൾ തുറന്നു ദാനം കൊടുക്കാനുള്ള ഔദാര്യമായി, ശത്രുപാളയങ്ങളെ തകർത്തു കളയുന്ന വജ്രായുധങ്ങളായി, ശത്രുവിന്റെ മുഴുവൻ ഊർജ്ജങ്ങളെയും ഒഴുക്കി കളയുന്ന ലായനിയായി ഇങ്ങനെ വൈവിധ്യങ്ങളായ വികാരങ്ങളെ ഒരേപോലെ ഉണർത്തിയ പ്രഭാഷണത്തിന്റെ സ്രോതസ്സിനെ നമുക്ക് എവിടുന്നു വായിക്കാനാണ്!

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...