
ചൂട് അധികമുള്ള ദിവസങ്ങളിൽ മധ്യാഹ്ന നിസ്കാരം സമയം കടന്നാലും ചൂടു കുറയാൻ വേണ്ടി അല്പസമയം പിന്തിച്ചിരുന്നു എന്നും കാലാവസ്ഥക്ക് അനുസൃതമായി നിസ്കാര സമയത്തിന്റെ സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നു എന്നും നേരത്തെ നാം വായിച്ചു പോയിട്ടുണ്ട്. ജുമുഅ നിസ്കാരത്തിലും അങ്ങനെ നമുക്ക് കാണാം. ഇമാം ബുഖാരി(റ)യും അഹ്മദും(റ) ഉദ്ധരിക്കുന്നു. തണുപ്പ് കാലാവസ്ഥയിൽ സമയം പ്രവേശിച്ച ഉടനെയും ഉഷ്ണകാലാവസ്ഥയിൽ സമയം പ്രവേശിച്ചതിനുശേഷം അല്പം വൈകിയുമായിരുന്നു തിരുനബിﷺ ജുമുഅ നിസ്കാരം നിർവഹിച്ചിരുന്നത്.
തിരുനബിﷺയോടൊപ്പം ജുമുഅ നിസ്കരിച്ചിട്ട് മടങ്ങുമ്പോൾ ഞങ്ങൾക്ക് തണൽ കൊള്ളാൻ കെട്ടിടങ്ങളുടെ തണൽ ഉണ്ടാകാറുണ്ടായിരുന്നില്ല എന്ന് സലാമത്തുബിനുൽ അക്വഅ്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിച്ചിട്ടുണ്ട്.
സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് നീങ്ങിയതിനു ശേഷം തിരുനബിﷺയോടൊപ്പം ഞങ്ങൾ ജുമുഅ നിസ്കരിക്കുകയും കെട്ടിടങ്ങളുടെയും മറ്റും തണൽ പിന്തുടർന്ന് ഞങ്ങൾ മടങ്ങിപ്പോവുകയും ചെയ്തിരുന്നുവെന്ന് ഇമാം നസാഈ (റ) ഉദ്ധരിച്ച മറ്റൊരു ഹദീസുമുണ്ട്.
സൂര്യൻ മധ്യാനത്തിൽ നിന്ന് നീങ്ങിയതിനു ശേഷം ഞങ്ങൾ തിരുനബിﷺയോടൊപ്പം ജുമുഅ നിസ്കരിച്ചു എന്ന് പറയുന്ന ഹദീസ് സഅദ് ബിൻ അബീ വഖാസ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) നിന്ന് ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസിലും സമാനമായ ആശയങ്ങൾ കാണാം.
ഇമാം ശാഫിഈ(റ)യും ഇമാം അഹ്മദും(റ) ഇമാം ബുഖാരി(റ)യും നിവേദനം ചെയ്യുന്നു. മഹാനായ സ്വഹാബി സാഇബു ബിൻ യസീദ്(റ) പറഞ്ഞു. തിരുനബിﷺയുടെ കാലത്ത് ജുമുഅ ദിവസത്തെ ആദ്യത്തെ ബാങ്ക് തിരുനബിﷺ മിമ്പറിൽ കയറിയിരുന്നതിനു ശേഷമായിരുന്നു.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെയും അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെയും കാലത്ത് ഖുതുബ നിർവഹിക്കാൻ വേണ്ടി മിമ്പറിൽ കയറി ഇരുന്നതിനുശേഷമായിരുന്നു ആദ്യത്തെ വാങ്ക് ഉണ്ടായിരുന്നത്. ഉസ്മാൻ ബിൻ അഫ്ഫാ(റ)ന്റെ കാലമായപ്പോൾ മൂന്നാമത് ഒരു വാങ്ക് കൂടി സ്ഥാപിച്ചു. ആ രീതി വ്യവസ്ഥാപിതമായി സ്ഥിരപ്പെടുകയും ചെയ്തു.
ആദ്യമുണ്ടായിരുന്ന വാങ്കും ഇഖാമത്തും സാങ്കേതികമായി രണ്ടു വാങ്കുകൾ എന്ന് പ്രയോഗിച്ചപ്പോഴാണ് ജനങ്ങൾ അധികരിക്കുകയും നേരത്തെ ജനങ്ങൾ പള്ളിയിൽ വരാൻ സൗകര്യപ്പെടുന്നതിനുവേണ്ടി ഉസ്മാൻ ബിൻ അഫ്ഫാൻ(റ) പ്രയോഗത്തിൽ കൊണ്ടുവന്ന വാങ്ക് മൂന്നാമത്തേതായി എണ്ണിയത്. ക്രമത്തിൽ പരിശോധിക്കുമ്പോൾ ആദ്യത്തെ വാങ്ക് ആണ്. അഥവാ സമയമായി എന്ന് മുൻകൂട്ടി അറിയിക്കുന്ന വാങ്ക്.
എന്നെയും എന്റെ ഖുലഫാഇനെയും പിന്തുടരുക എന്ന തിരുനബിﷺയുടെ വിജ്ഞാപനത്തിന്റെ ഉള്ളിൽ ഉസ്മാൻ ബിൻ അഫ്ഫാനി(റ)ന്റെ ഈ പരിഷ്കരണത്തെയും ഉൾക്കൊള്ളണം എന്ന കൽപ്പനയുണ്ട്. അതുകൊണ്ടാണ് സ്വഹാബികളിൽ ഒരാളും വിയോജിപ്പ് രേഖപ്പെടുത്താതെ ഈ പരിഷ്കരണത്തെ ഉൾക്കൊള്ളുകയും അത് മുസ്ലിം ലോകത്ത് വ്യവസ്ഥയായി സ്ഥിരപ്പെടുകയും ചെയ്തത്.
തിരുനബിﷺ ചെയ്ത കാര്യങ്ങൾ മാത്രമേ ഇസ്ലാം ആവുകയുള്ളൂ എന്ന് വാദിക്കുന്നവർക്കുള്ള മറുപടി കൂടിയാണിത്. തിരുനബിﷺയുടെയും ഖുർആനിന്റെയും കൽപ്പനകളുടെ പരിധിയിൽ നിന്നുകൊണ്ട് കരണീയമായ രൂപത്തിൽ വരുന്ന പരിഷ്കരണങ്ങളെ ശുഭകരമായ പരിഷ്കരണങ്ങൾ എന്നാണ് പറയുക. അത് അവഗണിക്കപ്പെടേണ്ടതല്ല, സ്വീകരിക്കപ്പെടേണ്ടതാണ്.
സാഇബ് ബിൻ യസീദി(റ)ൽ നിന്നു തന്നെ ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ കാലത്ത് വാങ്ക് കൊടുക്കാൻ ഒരാളേ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച ദിവസവും അല്ലാത്തപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. തിരുനബിﷺ മിമ്പറിൽ ഇരുന്നാൽ ബിലാല്‍(റ) വാങ്ക് കൊടുക്കും. ഖുതുബ കഴിഞ്ഞ് ഇറങ്ങിയാൽ അദ്ദേഹം തന്നെ ഇഖാമത്ത് കൊടുക്കും. ഉസ്മാനി(റ)ന്റെ കാലം വരുന്നതുവരെ അങ്ങനെ തന്നെയായിരുന്നു നടപടി.
ഉസ്മാനി(റ)ന്റെ കാലത്ത് പരിഷ്കരണം ഉണ്ടാവുകയും അതുപ്രകാരം പിന്നീട് കാര്യങ്ങൾ തുടരുകയും ചെയ്തു എന്ന് സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
