
ഇമാം മാലിക്കും(റ) അഹ്മദും(റ) നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാനിബ്നു കൈസാൻ(റ) പറഞ്ഞു. ഒറ്റ വസ്ത്രം ചുറ്റി തിരുനബിﷺ നിസ്കരിക്കുന്നത് കാണാനിടയായി. ചുറ്റിയ വസ്ത്രത്തിന്റെ രണ്ട് അഗ്രങ്ങളും കഴുത്തിൽ ചേർത്തി കെട്ടിയിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ നിവേദനത്തിലുണ്ട്. ഉബാദത് ബിൻ സാമിത്തി(റ)ന്റെ നിവേദനത്തിൽ കട്ടിയുള്ള ഒരു ഷാൾ ചുറ്റി ഒറ്റ വസ്ത്രത്തിൽ തിരുനബിﷺ നിസ്കരിക്കുന്ന രംഗം കണ്ടത് പരാമർശിക്കുന്നുണ്ട്. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ന്റെ നിവേദനത്തിൽ യമനിലെ ഹള്റമിൽ നിർമിച്ച സവിശേഷമായ ഒരു വസ്ത്രം ചുറ്റി നിസ്കരിക്കുന്നത് കാണാനിടയായി എന്നും വായിക്കാം.
തുന്നൽ പണികളുള്ള വസ്ത്രം ധരിച്ചു കൊണ്ട് ഒരിക്കൽ തിരുനബിﷺ നിസ്കരിച്ചു. നിസ്കാരത്തിനിടയിൽ അതിലെ ചിത്രങ്ങളിലേക്ക് ശ്രദ്ധിച്ചു പോയി. നിസ്കാരാനന്തരം അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് ആ വസ്ത്രം മാറ്റിവെക്കുകയും ശ്രദ്ധ തിരിക്കുന്ന അത്തരം വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം എന്ന് പഠിപ്പിക്കുകയും ചെയ്തു. മഹതി ആഇശ(റ) തന്നെ ഇക്കാര്യം പറയുന്നുണ്ട്.
ആകർഷകമായ ചിത്രങ്ങളും ഡിസൈനുകളുമുള്ള വസ്ത്രം, മുസല്ല, തിരിഞ്ഞു നിൽക്കുന്ന പ്രതലം അവയൊക്കെ ഉപേക്ഷിക്കുന്നതാണ് ഉത്തമം എന്ന് കർമശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്. തീർത്തും ഏകാഗ്രത ലഭിക്കാനുള്ള സാഹചര്യവും വസ്ത്രവും ചുറ്റുപാടും നിസ്കാരത്തിന്റെ മൂല്യത്തിലും ശ്രദ്ധയിലും കൂടുതൽ ഫലപ്രദമാകും. മനസ്സും ശരീരവും പൂർണമായും അല്ലാഹുവിലേക്ക് ചേർന്നുനിൽക്കുകയും അവനു മുമ്പിൽ സമർപ്പിക്കുകയുമാണല്ലോ നിസ്കാരത്തിന്റെ ആത്മാവ്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. മുആദ്(റ) പറഞ്ഞു. ഒരിക്കൽ ഒരു അരത്തുണി മാത്രം ഉടുത്തുകൊണ്ട് തിരുനബിﷺ നിസ്കരിച്ചു.
നിർദ്ദേശിക്കപ്പെട്ട വിധത്തിൽ ഔറത്ത് മാത്രം മറച്ചുകൊണ്ട് ഒരാൾ നിസ്കരിച്ചാലും നിസ്കാരം ശരിയാകും. അടിസ്ഥാനപരമായി സ്വീകാര്യമാകുന്ന വിധം, പരിപൂർണ്ണതയിലേക്ക് എത്തുന്ന വിധം, ഏറ്റവും ഉത്തമമായ രീതി തുടങ്ങി വർഗീകരിച്ചുകൊണ്ട് തന്നെ കർമശാസ്ത്ര പണ്ഡിതന്മാർ ഇത്തരം കാര്യങ്ങളെ സമീപിച്ചിട്ടുണ്ട്. നിസ്കാരത്തിൽ ഒരു പുരുഷൻ മറക്കൽ നിർബന്ധമുള്ളത്, മുട്ടുപൊക്കിളിനിടയിൽ മാത്രമാണ്. അത്രയും മറച്ചാൽ അടിസ്ഥാനപരമായി നിസ്കാരം ശരിയാകും. ചില സന്ദർഭങ്ങളിൽ അതിനേ സാധിച്ചുള്ളൂവെങ്കിൽ അതിൽ മതിയാക്കാവുന്നതുമാണ്. ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ എങ്ങനെയൊക്കെ ആകാം എന്നുകൂടി പഠിപ്പിക്കേണ്ടത് നബി ജീവിതത്തിന്റെ അധ്യാപനങ്ങളിൽ നിന്ന് ലഭിക്കേണ്ടതാണല്ലോ!
തിരുനബിﷺ ഇമാമായി നിസ്കരിക്കുമ്പോൾ ഖമീസ് ധരിച്ചുകൊണ്ട് നിസ്കരിച്ച അനുഭവങ്ങൾ ഏറെ നിവേദനം വന്നിട്ടുണ്ട്. അബ്ദുറഹ്മാനുബ്നു അബൂബക്കറി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ ഇത് വ്യക്തമായി കാണാം.
ഇമാം അബൂദാവൂദ്(റ) തന്നെ നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ നിസ്കരിക്കുമ്പോൾ അവിടുത്തെ വസ്ത്രത്തിന്റെ അല്പഭാഗം എന്റെ ശരീരത്തായിരുന്നു. ഒരിക്കൽ തിരുനബിﷺ നിസ്കരിക്കുമ്പോൾ അവിടുത്തെ വസ്ത്രത്തിന്റെ അല്പഭാഗം എന്റെ ശരീരത്തിന് മേലായിരുന്നു എന്നും ഞാൻ അപ്പോൾ ആർത്തവകാരിയായിരുന്നു എന്നും ബീവി മൈമൂന(റ) പറയുന്ന നിവേദനം ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്നുണ്ട്.
ആർത്തവകാരിയായിരിക്കെ തിരുനബിﷺയുടെ വസ്ത്രത്തിന്റെ ഭാഗം കൈകൊണ്ട് എടുത്തുയർത്തിയപ്പോൾ, ആത്മസംഘർഷത്തോടുകൂടി ആഇശ(റ) ചോദിച്ചു. ഞാൻ ആർത്തവകാരിയായി അവിടുന്ന് നിസ്കരിക്കുന്ന വസ്ത്രത്തിന്റെ കോന്തല പിടിച്ചിട്ടുണ്ടല്ലോ? അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. എന്തേ നിങ്ങളുടെ കയ്യിലാണോ ആർത്തവം ഇരിക്കുന്നത്.
ഖമീസ് ധരിച്ചുകൊണ്ട് നിസ്കരിക്കുന്നതാണ് തിരുനബിﷺക്ക് ഏറ്റവും താല്പര്യമുള്ളതെന്ന് അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
