
ചില അനിവാര്യ സന്ദർഭങ്ങളിൽ നിസ്കാരത്തിനിടയിൽ തിരുനബിﷺ സവിശേഷമായ ഇടപെടലുകൾ നടത്തിയതായി ഹദീസുകളിൽ കാണാം. വിശുദ്ധ ഖുർആനിലെ അൽ മുഅ്മിനൂൻ അധ്യായത്തിലെ “നിസ്കാരത്തിൽ ഭക്തിയുള്ളവരായ സത്യവിശ്വാസികള്‍ വിജയം വരിച്ചിരിക്കുന്നു” എന്നാശയം നൽകുന്ന സൂക്തങ്ങൾ അവതരിക്കുന്നതിന് മുമ്പ് നിസ്കാരത്തിനിടയിൽ അനുവദിക്കപ്പെട്ടു പോന്നിരുന്ന ചില സമീപനങ്ങളും ഹദീസിൽ നിന്ന് നമുക്ക് വായിക്കാനുണ്ട്.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ അംറ് ബിൻ ഔഫി(റ)ന്റെ പള്ളിയിൽ പ്രവേശിച്ചു. നിസ്കാരത്തിലായിരിക്കെ ഒരു സംഘം അൻസ്വാരികൾ അവിടേക്ക് കടന്നുവന്ന് സലാം ചൊല്ലി. അവിടുത്തെ കരം കമഴ്ത്തി ആംഗ്യം കാണിച്ചുകൊണ്ട് പ്രത്യഭിവാദ്യം ചെയ്തു.
ഇമാം തിർമുദി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് കടന്നു ചെന്നു. അവിടുന്ന് നിസ്കരിക്കുകയായിരുന്നു. ഞാൻ സലാം ചൊല്ലിയപ്പോൾ വിരലുകൊണ്ട് ആംഗ്യം കാണിച്ചു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബിന് സൈദ് അൽ അൻസ്വാരി(റ)യും അബൂ ബശീറും(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ നിസ്കരിക്കുന്നതിനിടയിൽ ഒരു സ്ത്രീ മുന്നിലൂടെ കടന്നുവന്നു. തിരുനബിﷺ കൈകൊണ്ട് ആംഗ്യം കാണിച്ചതും അവർ പിൻ വാങ്ങുകയും സ്കാരാനന്തരം കടന്നു പോവുകയും ചെയ്തു.
തിരുനബിﷺ നിസ്കാരത്തിൽ ആയിരിക്കെ സലാം ചൊല്ലിയപ്പോൾ അവിടുന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച അനുഭവം അബ്ദുല്ലാഹിബ്നു മസ്ഊദും(റ) പറയുന്നുണ്ട്. ഇമാം ത്വബ്റാനി(റ) ഈ ഹദീസ് ഉദ്ധരിക്കുന്നു.
താഴ്‌വരയിൽ നിയോഗിക്കപ്പെട്ട പാറാവുകാരനെ ശ്രദ്ധിച്ച രംഗവും ആദ്യകാലത്തെ നിസ്കാരത്തിൽ നിന്ന് നബി ജീവിതത്തെ പകർത്തിയവർ അടയാളപ്പെടുത്തിയിട്ടുണ്ട്.
തിരുനബിﷺക്ക് നിസ്കാരത്തിലും അല്ലാത്തപ്പോഴും ആവശ്യമെങ്കിൽ പിൻഭാഗത്തേക്കും കാണാനുള്ള മുഅ്ജിസത് അഥവാ അമാനുഷിക മഹത്വം അല്ലാഹു നൽകിയിരുന്നു. അതുപ്രകാരം പിന്നിൽ നിസ്കരിക്കുന്നവരുടെ അവസ്ഥകൾ മനസ്സിലാക്കുകയും ആവശ്യമായ സന്ദർഭങ്ങളിൽ അവർക്ക് ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഒരിക്കൽ നിസ്കാരാനന്തരം തിരുനബിﷺ ഇങ്ങനെ പറഞ്ഞു. സുജൂദിലും റുകൂഇലും ശരിയായ വിധത്തിൽ മുതുകിനെ ക്രമീകരിക്കാത്തവരുടെ നിസ്കാരം പൂർണ്ണമാവുകയില്ല. തിരുനബിﷺ നിസ്കാരത്തിൽ ആയിരിക്കെ തന്നെ നബിﷺയുടെ പിന്നിൽ പിന്നണിയിൽ നിസ്കരിച്ചവരെ തിരിഞ്ഞു നോക്കാതെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ ഒരു സന്ദർഭം കൂടിയായിരുന്നു ഇത്.
ഒരിക്കൽ തിരുനബിﷺ നിസ്കാരത്തിൽ ആയിരിക്കെ പ്രവേശന അനുമതി തേടിയപ്പോൾ തസ്ബീഹ് ചൊല്ലി സൂചന നൽകിയതും പ്രവേശന സമ്മതമായി അത് മനസ്സിലാക്കിയതും അബൂ ഉമാമ(റ) പറയുന്നുണ്ട്. ഇമാം ഇബ്നു അബീ ശൈബ(റ) ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. നിസ്കാരത്തിൽ അല്ലാത്തപ്പോൾ സാധാരണഗതിയിൽ തന്നെ തിരുനബിﷺ എനിക്ക് സമ്മതം തരാറുണ്ടായിരുന്നു എന്നും സ്വഹാബി അതിന് അനുബന്ധം പറയുന്നുമുണ്ട്.
ഇമാം മുസദ്ദദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ സൈനബി(റ)ൻ്റെ മകൾ ഉമൈമ(റ)യെയും എടുത്തു കൊണ്ട് ഞങ്ങളുടെ അടുക്കലേക്ക് വന്നു. പേരക്കുട്ടിയെ ചുമലിൽ വഹിച്ചുകൊണ്ട് തന്നെ നിസ്കരിച്ചു. സുജൂദിലേക്ക് പോകുമ്പോൾ നിലത്തു വയ്ക്കുകയും ഉയരുമ്പോൾ വീണ്ടും വഹിച്ചുകൊണ്ട് നിൽക്കുകയും ചെയ്തു. നിസ്കാരത്തിനിടയിൽ തിരുനബിﷺയുടെ മുകളിൽ കയറി കളിച്ച പേരക്കുട്ടി ഹുസൈനെ(റ) കുറിച്ചുള്ള നിവേദനങ്ങളും ഹദീസുകളിൽ കാണാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
