Tweet 1025

    Tweet 1025
    April 4, 2025 • Friday
    Post Header

    തിരുനബിﷺയുടെ നിസ്കാരം എന്ന അദ്ധ്യായത്തിന്റെ അനുബന്ധമായി ചില ഹദീസ് നിവേദനങ്ങൾ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് നമുക്ക് ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ശാഫിഈ(റ) അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ വലതുഭാഗത്തേക്ക് തിരിഞ്ഞായിരിക്കും ഇരിക്കുക. ചിലപ്പോൾ ഇടതുഭാഗത്തേക്കും തിരിഞ്ഞു പോകുമായിരുന്നു. ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. ഒരിക്കൽ സുബ്ഹി നിസ്കാരത്തിന് ഇഖാമത് കൊടുത്തു. ഒരാൾ വന്നു രണ്ട് റക്അത്ത് നിസ്കരിച്ചു. തിരുനബിﷺ അദ്ദേഹത്തെ അണച്ചുകൂട്ടിയിട്ട് ചോദിച്ചു. എന്തേ സുബ്ഹി നിസ്കാരം നാല് റക്അത്താണോ നിസ്കരിക്കുന്നത്?

    സ്വഹാബികളോട് തിരുനബിﷺ കാണിച്ചിരുന്ന സഹവാസത്തിന്റെയും തമാശ കലർന്ന ഇടപെടലിന്റെയും ഒരുദാഹരണം കൂടിയാണിത്.

    ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ ഇശാഅ് നിസ്കാരത്തിനു മുമ്പ് ഉറങ്ങുമായിരുന്നില്ല. ഇശാഅ് നിസ്കാരത്തിനു ശേഷം ഉറക്കൊഴിക്കുകയും ചെയ്തിരുന്നില്ല.

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂസുഫിയാൻ(റ) പറഞ്ഞു. ഞാൻ തിരുനബിﷺയുടെ പത്നി ഉമ്മുഹബീബ(റ)യോട് ചോദിച്ചു. തിരുനബിﷺ ഒപ്പം ഉറങ്ങിയിരുന്ന വസ്ത്രത്തിൽ തന്നെ നിസ്കരിക്കാറുണ്ടായിരുന്നുവോ? അതെ. വസ്ത്രത്തിൽ മാലിന്യങ്ങളോ അഴുക്കുകളോ ഒന്നുമില്ലെങ്കിൽ വീട്ടിൽ ധരിച്ചിരുന്ന അതേ വസ്ത്രത്തിൽ തന്നെ നിസ്കരിച്ചിരുന്നു. തിരുനബിﷺ ഭാര്യമാരോടൊപ്പം കഴിഞ്ഞിരുന്ന അതേ വസ്ത്രത്തിൽ തന്നെ അഴുക്കുകൾ ഒന്നുമില്ലെങ്കിൽ നിസ്കരിച്ചിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്നുള്ള നിവേദനത്തിലും കാണാം.

    കാലുറയോ ചെരുപ്പോ ധരിച്ചും നിസ്കരിച്ച പല സന്ദർഭങ്ങളെയും വിവിധ ഹദീസുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. അഴുക്കോ മാലിന്യങ്ങളോ ഇല്ലെങ്കിൽ അങ്ങനെ നിസ്കരിക്കുന്നതിൽ പന്തികേടില്ല. നിരന്തരമായ യാത്രയും പടക്കളങ്ങളിൽ പോലും നിസ്കാരം ഉപേക്ഷിക്കാത്ത കണിശതയും കൃത്യമായി പാലിക്കപ്പെടുമ്പോൾ അത്തരം സന്ദർഭങ്ങളൊക്കെ ഉണ്ടാകും. പ്രസ്തുത സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെയൊക്കെ സമീപിക്കാം എന്ന ഒരു അധ്യാപനം കൂടി ഇതിലുണ്ട്.

    അബൂ സഈദ് അൽഖുദ്രി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ അനുയായികളോടൊപ്പം നിസ്കരിക്കുമ്പോൾ ചെരുപ്പ് ധരിച്ചുകൊണ്ട് നിസ്കരിച്ചു. നിസ്കാരത്തിനിടയിൽ ചെരുപ്പഴിച്ചു ഇടതുഭാഗത്തേക്ക് നീക്കി. ഇത് ശ്രദ്ധയിൽപ്പെട്ട സ്വഹാബികളും ചെരുപ്പഴിക്കുകയും നീക്കിവെക്കുകയും ചെയ്തു. നിസ്കാരാനന്തരം തിരുനബിﷺ അവരോട് ചോദിച്ചു. എന്തേ നിങ്ങളെല്ലാവരും ചെരുപ്പഴിച്ച് ഇടതുഭാഗത്ത് മാറ്റിവെച്ചിരിക്കുന്നു. അപ്പോൾ അവർ പറഞ്ഞു. പ്രവാചക പ്രഭോﷺ, അവിടുന്ന് ചെയ്യുന്നത് കണ്ടു ഞങ്ങളപ്രകാരം തന്നെ ചെയ്തു. അപ്പോൾ തിരുനബിﷺ ഇങ്ങനെ വിശദീകരിച്ചു. ഞാൻ നിസ്കാരത്തിലായിരിക്കെ ജിബ്‌രീൽ മലക്ക്(അ) എൻ്റെ അടുക്കൽ വന്നു. എന്റെ ചെരുപ്പിൽ ഉണ്ടായിരുന്ന മാലിന്യത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തി. അതുകൊണ്ടാണ് ഞാൻ അഴിച്ചു മാറ്റിവച്ചത്.

    ഈ സംഭവം നമുക്ക് നൽകുന്ന വലിയ ഒരു അധ്യാപനമുണ്ട്. സ്വഹാബികൾ തിരുനബിﷺയിൽ നിന്ന് എങ്ങനെയായിരുന്നു വിശ്വാസത്തെയും കർമത്തെയും അനുഷ്ഠാനത്തെയും പകർത്തിയത്. എല്ലാ ന്യായാന്യായങ്ങളും ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹു ദൂതനായി നിയോഗിച്ച വ്യക്തിയെ എല്ലാ അർഥത്തിലും അനുകരിക്കുക എന്ന വിശാലതയിലാണ് സ്വഹാബികൾ സ്വഹാബികളായത്. സവിശേഷമായ ചില സന്ദർഭങ്ങളിൽ വ്യത്യസ്തമായ സമീപനങ്ങളുണ്ടാവാം. അതിനു മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കും എന്നുകൂടി ഉദ്ബോധിപ്പിച്ചു. നബിﷺ വിശ്വസിക്കാൻ പറഞ്ഞത് വിശ്വസിക്കുക. അനുഷ്ഠിക്കാൻ പറഞ്ഞത് അനുഷ്ഠിക്കുക ഇതാണ് ഇസ്‌ലാമിന്റെ അടിത്തറ. അനുകരിക്കപ്പെടാനുള്ള മാതൃകാ വ്യക്തിയായിട്ടാണ് പ്രവാചകനെﷺ അല്ലാഹു നിയോഗിച്ചിട്ടുള്ളത്. അതിന്റെ തുടർച്ചകളിലൂടെയാണ് ഇസ്ലാം നിലനിൽക്കേണ്ടത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...