Tweet 1024

    Tweet 1024
    April 3, 2025 • Thursday
    Post Header

    സുബ്ഹി നിസ്കാരം കഴിഞ്ഞ് തിരുനബിﷺ നിർവഹിച്ചിരുന്ന പ്രധാനപ്പെട്ട ഒരു പ്രാർഥനയുടെ ആശയം ഇമാം അബൂ മൂസൽ അശ്അരി(റ) പറയുന്നത് ഇങ്ങനെയാണ്. അല്ലാഹുവേ എൻ്റെ പ്രധാനപ്പെട്ട കാര്യമായ ദീനിനെ നീ നന്നാക്കി തരേണമേ. അല്ലാഹുവേ എൻ്റെ ജീവിതത്തിന്റെ ഇടമാകുന്ന ഈ ലോകത്തെയും നന്നാക്കി തരേണമേ! മടക്കസ്ഥാനമാകുന്ന പരലോകത്തെയും നീ ക്ഷേമകരമാക്കി തരേണമേ! പലപ്പോഴും ഈ ആശയമുള്ള വാചകങ്ങൾ മൂന്നുപ്രാവശ്യം തിരുനബിﷺ പ്രാർഥിക്കാറുണ്ടായിരുന്നു.

    അല്ലാഹുവേ നീ തന്നത് തടയാനോ നീ തരാതിരുന്നത് തരാനോ മറ്റാർക്കും സാധ്യമല്ല. നീ വിധിച്ചതിനെ മാറ്റിവെക്കാൻ ആർക്കും അധികാരമില്ല. എന്നിങ്ങനെയുള്ള പ്രാർഥനകളും തിരുനബിﷺ നിർവഹിച്ചിരുന്നു.

    പ്രഭാതത്തിൽ തിരുനബിﷺ നിർവഹിച്ചിരുന്ന പ്രാർഥനകളുടെ മുഴുവൻ ആശയങ്ങൾ പരിശോധിച്ചാൽ ഓരോ ദിവസവും ഓരോ വ്യക്തിയിലും ഉണ്ടായിത്തീരേണ്ട മനോവിചാരങ്ങളും കൂടി ക്രമീകരിക്കുന്നതായിരുന്നു അത്. ഏത് ജോലി എടുത്താലും ഏത് പരിശ്രമം നടത്തിയാലും അല്ലാഹു നിശ്ചയിച്ചതാണ് എനിക്ക് ലഭിക്കുക എന്ന മനസ്സമാധാനം ഏതൊരു പൗരനും ആവശ്യമാണല്ലോ! സംഗതിവശാൽ വല്ലതും സംഭവിച്ചു പോയാൽ ആശ്വസിക്കാൻ ആവശ്യമായ മനോവിചാരങ്ങളും ഓരോ വ്യക്തിയിലും ഓരോ ദിവസവുമുണ്ടായിരിക്കണം. അല്ലെങ്കിൽ അവനെ പോലെ ആയില്ലല്ലോ! എല്ലാം നഷ്ടമായി പോയല്ലോ! തുടങ്ങിയ ആധികളും ആവലാതികളും മനുഷ്യനെ ആശങ്കയിലാക്കും.

    താൻ ആരാണ് എന്ന സ്വയം തിരിച്ചറിവ് തന്നെ പ്രഭാതത്തിൽ ഒരു മനുഷ്യന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ ഒരു വിചാരമാണ്. ഞാൻ അല്ലാഹുവിന്റെ ദാസനാണ്. ഞാൻ അവനെ അനുസരിക്കേണ്ടവനാണ്. എനിക്ക് ലഭിക്കുന്ന എല്ലാ വിഭവങ്ങളും അവൻ നൽകുന്നതാണ്. എന്നെത്തന്നെയും അവൻ സൃഷ്ടിച്ചു പരിപാലിക്കുന്നതാണ്. എനിക്ക് ഈ ലോകത്തെ ജീവിതം മാത്രമല്ല ഉള്ളത്. ഈ ജീവിതത്തിന്റെ നീതിയും ന്യായവും വിലയിരുത്തപ്പെടുന്ന ഒരു പരലോകം വരാനുണ്ട്. അതുകൊണ്ട് തന്നെ ഞാൻ നീതിനിഷ്ടയോടെ ജീവിക്കണം. എനിക്ക് ഈ ലോകത്ത് ജീവിക്കുന്നതിന് വ്യക്തമായ നിയമങ്ങളും ചിട്ടകളുമുണ്ട്. അത് പാലിക്കുമ്പോഴാണ് ഞാൻ നല്ല പൗരൻ ആകുന്നത്. ഗുരുതരമായ തെറ്റുകൾക്ക് ഗൗരവതരമായ ശിക്ഷയുണ്ട്. ഉയർന്ന സൽകർമങ്ങൾക്ക് മികച്ച പ്രതിഫലമുണ്ട്. ഒരു ചെറിയ നന്മ പോലും അല്ലാഹുവിന്റടുക്കൽ പരിഗണിക്കപ്പെടും. ഒരു ചെറിയ പിഴവ് പോലും വരാതിരിക്കാൻ ശ്രദ്ധിക്കുന്നവർ ഉത്തമമാണ്. കുടുംബത്തോടും സമൂഹത്തോടും സവിശേഷമായ ബാധ്യതകളും കടപ്പാടുകളുമുണ്ട്. അവ നിർവഹിക്കുമ്പോഴാണ് ഒരാൾ ഉന്നത പൗരനാകുന്നത്.

    പ്രഭാതത്തിൽ തന്നെ ഒരു വ്യക്തിയിൽ ഇത്തരം വിചാരങ്ങളുണ്ടായാൽ എത്ര അനുകൂലപരമായ ജീവിതമായിരിക്കും അയാൾക്കുണ്ടാവുക. ഊർജ്ജസ്വലവും നിർമാണപരവുമായിരിക്കുമയാളുടെ ജീവിതം. ജീവിതത്തിന്റെ പോസിറ്റീവ് വിചാരങ്ങൾ മുഴുവനും പങ്കുവെക്കുന്ന ട്രെയിനിങ്ങുകൾക്ക് ഇതിനപ്പുറം മറ്റെന്താണ് പറയാനുണ്ടാവുക. ഞാനെന്തിനാണ് ഈ ലോകത്ത് ജീവിക്കുന്നത് എന്നും എനിക്ക് നേടിയെടുക്കേണ്ടത് എന്താണെന്നും കൃത്യമായി ഒരാൾ മനസ്സിലാക്കി മുന്നോട്ടു പോകുമ്പോൾ മാതൃകാപരമായ ഒരു വ്യക്തിയെ സമൂഹത്തിൽ രൂപപ്പെടുത്താനാവും. തിരുനബിﷺയുടെ പ്രാർഥനകൾ അല്ലാഹുവിൽ നിന്ന് അനുഗ്രഹങ്ങൾ തേടുന്ന വാചകങ്ങളാകുന്നു എന്നതിനപ്പുറം ഒരു മനുഷ്യനിൽ രാവിലെ തന്നെ ഉണ്ടായിരിക്കേണ്ട പോസിറ്റീവ് വിചാരങ്ങളുടെ സമ്മേളനം കൂടിയാണ്. തിരിച്ചറിവുകളിലേക്കുള്ള അവബോധം നൽകുന്ന കൃത്യമായ വാചകങ്ങളാണ്. മനുഷ്യകത്തിന്റെ മഹാ വ്യക്തിത്വം എന്ന് പറയാൻ ഈ അധ്യായത്തിലും മറ്റൊരാളെ നമുക്ക് കാണാൻ വേറെ ഉണ്ടാവില്ല.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...