Tweet 1023

    Tweet 1023
    April 2, 2025 • Wednesday
    Post Header

    സുബ്ഹി നിസ്കാരാനന്തരം മുസ്വല്ലയിൽ തന്നെ ദീർഘനേരമിരിക്കുന്നത് തിരുനബിﷺക്ക് വളരെ താല്പര്യമായിരുന്നു. സൂര്യോദയം വരെ അവിടെത്തന്നെ കഴിഞ്ഞുകൂടും. അല്ലാഹുവിനെ സ്മരിച്ചും സ്തുതിച്ചും സവിശേഷമായ മന്ത്രങ്ങൾ ചൊല്ലിയും പാരായണങ്ങൾ നിർവഹിച്ചുമായിരുന്നു സമയം ചെലവഴിച്ചിരുന്നത്. സുബ്ഹി നിസ്കാരം കഴിഞ്ഞ് സൂര്യോദയം വരെ മുസ്വല്ലയിൽ തന്നെ സമയം ചെലവഴിച്ചാൽ സ്വീകാര്യമായ ഒരു ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുമെന്ന് തിരുനബിﷺ പ്രസ്താവിച്ചിട്ടുണ്ട്.

    അല്ലാഹുവിനെ സ്മരിക്കുന്ന ഒരു സംഘത്തോടൊപ്പം ചെലവഴിച്ചാൽ എന്ന പ്രയോഗവും ഇത് സംബന്ധമായി ഹദീസിൽ വന്നിട്ടുണ്ട്. നബിﷺ പറഞ്ഞതായി അനസുബ്നു മാലിക്(റ) പറഞ്ഞു. സുബ്ഹി നിസ്കാരാനന്തരവും അസർ നിസ്കാരാനന്തരവും അല്ലാഹുവിനെ സ്മരിക്കുന്ന ഒരു സംഘത്തോടൊപ്പം ഉദയം വരെ കഴിഞ്ഞുകൂടുന്നത് ഓരോരുത്തർക്കും 12000 മോചനദ്രവ്യം നൽകി നാല് അടിമകളെ ഇസ്മാഈൽ കുടുംബത്തിൽ നിന്നും മോചിപ്പിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ട കാര്യമാണ്.

    മേൽ പറയപ്പെട്ട സമയങ്ങൾ മുഴുവനും അല്ലാഹുവിനെ കുറിച്ചുള്ള ഓർമയിൽ കഴിഞ്ഞു കൂടുന്നത് എത്രമേൽ മൂല്യമുള്ള കാര്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് പ്രസ്തുത പ്രയോഗങ്ങൾ. പ്രഭാതവും പ്രദോഷവും പ്രപഞ്ചാധിപനായ അല്ലാഹുവിന്റെ സ്മരണയിൽ കഴിഞ്ഞു കൂടുന്നത് മൂല്യവത്തായ കർമങ്ങളിൽപെട്ടതാണെന്ന് ബോധ്യപ്പെടുത്തുകയാണ് നബി ജീവിതവും നബി സന്ദേശവും.

    സുബ്ഹി നിസ്കാരാനന്തരം തിരുനബിﷺ നിർവഹിച്ചിരുന്ന ഒരു പ്രാർഥനയുടെ ആശയം ഇങ്ങനെ വായിക്കാം. അല്ലാഹുവേ എന്നെ നിന്ദ്യനാക്കുന്ന പ്രവർത്തനത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. അനാവശ്യത്തിലേക്ക് നയിക്കുന്ന സമ്പാദ്യത്തിൽ നിന്നും നിന്നോട് രക്ഷ ചോദിക്കുന്നു. ശല്യപ്പെടുത്തുന്ന കൂട്ടുകാരനിൽ നിന്നും ഞാൻ കാവൽ തേടുന്നു. എന്നെ വഴികേടാക്കുന്ന മോഹങ്ങളിൽ നിന്നും എന്നോട് ഞാൻ സുരക്ഷ കേഴുന്നു. എല്ലാം മറപ്പിച്ചുകളയുന്ന ദാരിദ്ര്യത്തിൽ നിന്നും ഞാൻ കാവൽ തേടുന്നു.

    നാം വായിച്ച പ്രാർഥനയിലെ ഓരോ വാചകങ്ങൾക്കും എത്ര വിശാലമായ ആശയങ്ങളുണ്ട്. സാമ്പത്തിക അഭിവൃദ്ധിയിൽ എല്ലാം മൂല്യങ്ങളെയും മറക്കുന്ന ജനങ്ങൾ, സമ്പത്താണ് അവരുടെ അന്തകനായി അവിടെ പ്രവർത്തിക്കുന്നത്. സഹവാസത്തിലെ അപകടങ്ങളിലൂടെ എത്രയോ ആളുകൾ വഴികേടാവുകയും മാർഗഭ്രംശത്തിലാവുകയും ചെയ്തു. നല്ല കൂട്ടുകാരനല്ലെങ്കിൽ വന്ന് ഭവിക്കാവുന്ന അപകടങ്ങൾ എത്രമേൽ വലുതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ്. അനാവശ്യ മോഹങ്ങളാണ് പലപ്പോഴും മനുഷ്യനെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മോഹങ്ങളും സ്വപ്നങ്ങളും നന്മയുടെയും ധാർമിക സാധ്യതകളുടെയും പരിധിയിൽ നിന്നു കൊണ്ടായിരിക്കണം എന്ന വിചാരം നഷ്ടപ്പെട്ടു പോയാൽ ഏതരുതായ്മയിലേക്കും മനുഷ്യൻ വീണുപോകും. കൊടിയ ദാരിദ്ര്യത്തിൽ അകപ്പെട്ടുപോയ ഒരാൾക്ക് പിന്നെ പിടിച്ചുനിൽക്കാൻ വേണ്ടി എല്ലാം ത്യജിക്കേണ്ടി വന്നേക്കാം. മതവും മൂല്യങ്ങളും സത്യവും നന്മയും ഒരുപക്ഷെ അടിസ്ഥാന വിശ്വാസങ്ങളും പണയം വെക്കേണ്ടി വന്നേക്കും. അത്തരമുള്ള ദാരിദ്ര്യത്തിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിച്ചു കൊണ്ടിരിക്കണം.

    മനുഷ്യജീവിതത്തിന്റെ വിചാരങ്ങളുടെയും വ്യവഹാരങ്ങളുടെയും എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ചിന്തകളിലൂടെയും പ്രാർഥനകളിലൂടെയുമായിരുന്നു തിരുനബിﷺയുടെ നിത്യജീവിതം കടന്നുപോയിരുന്നത് എന്ന് മനസ്സിലാക്കാൻ ഇതിലേറെ വചനങ്ങളുടെയും നിവേദനയുടെയും ആവശ്യമില്ല. പ്രഭാത പ്രദോഷങ്ങളിൽ അവിടുന്ന് പതിവാക്കിയ പ്രാർഥനയുടെ ഉള്ളടക്കം മനുഷ്യകുലത്തിന്റെ നന്മയിലേക്ക് വേണ്ടതെല്ലാം നിറഞ്ഞതായിരുന്നു. ഇങ്ങനെയൊക്കെ ആഴമുള്ള വിചാരങ്ങളെയും യാഥാർത്ഥ്യങ്ങളെ സ്പർശിക്കുന്ന പരാമർശങ്ങളെയും ചേർത്തുവച്ചു വായിക്കാൻ ലോകത്ത് ഒരു വ്യക്തിയുടെ ചരിത്രമേയുള്ളൂ. അതാണ് തിരുനബിﷺയുടെ ചരിത്ര വായനാ സഞ്ചാരത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഏറ്റവും കൗതുകകരമായ കാഴ്ച.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...