
നിസ്കാരം കഴിഞ്ഞാൽ വേഗം മുസല്ല വിട്ടു പോകുന്നത് തിരുനബിﷺയുടെ രീതി ആയിരുന്നില്ല. പ്രത്യേകിച്ചും സുബ്ഹി, അസ്വർ നിസ്കാരങ്ങൾ കഴിഞ്ഞാൽ ഏറെനേരം മുസ്വല്ലയിൽ തന്നെ ഇരിക്കുമായിരുന്നു. ജാബിർ ബിൻ സമുറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. സുബ്ഹി നിസ്കാരം കഴിഞ്ഞാൽ സൂര്യൻ നന്നായി ഉദിക്കുന്നത് വരെ തിരുനബിﷺ മുസ്വല്ലയിൽ തന്നെ കഴിയുമായിരുന്നു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഉമാമ(റ) എന്നവർ പറഞ്ഞു. ഒരിക്കൽ തിരുനബിﷺ പ്രസ്താവിച്ചു. സുബ്ഹി നിസ്കാരം കഴിഞ്ഞ് സൂര്യനുദിക്കുന്നതുവരെ മുസ്വല്ലയിൽ തന്നെ കഴിയുന്നത്, നാല് അടിമകളെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ട കാര്യമാണ്. അസ്വർ നിസ്കാരം കഴിഞ്ഞ് അസ്തമയം വരെ മുസ്വല്ലയിൽ കഴിയുന്നത്, നാല് അടിമകളെ മോചിപ്പിക്കുന്നതിനെക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്.
അടിമകളെ മോചിപ്പിക്കുക എന്നത് സാമ്പത്തികമായ ഒരു ദാനവും അതോടൊപ്പം അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ പ്രതിഫലം ലഭിക്കുന്ന പുണ്യകർമവുമാണ്. അതുകൊണ്ടുതന്നെ ചില പരിഹാരക്രിയകൾക്ക് വേണ്ടിയും ഉന്നതികൾ ലഭിക്കുന്നതിന് വേണ്ടിയും അടിമയെ മോചിപ്പിക്കുക എന്നത് ഒരു ശ്രേഷ്ഠ കർമമായി ഇസ്ലാം അവതരിപ്പിച്ചിട്ടുണ്ട്. തിരുനബിﷺയുടെ കാലത്ത് മക്കയിലും മദീനയിലും മറ്റും ജനങ്ങൾ വലിയ ആസ്തിയായി കണ്ടിരുന്നതിൽ പ്രധാനപ്പെട്ട ഒന്ന് കൂടിയാണ് അടിമകൾ.
നിസ്കാരാനന്തരം മുസ്വല്ലയിൽ ഇരിക്കുമ്പോൾ അത്തഹിയ്യാത്തിലിരുന്ന അതേ രൂപത്തിൽ ദീർഘനേരം ഇരുന്നിരുന്നില്ല. അല്ലാഹുമ്മ അൻത സലാം…. തുടങ്ങിയ പ്രാഥമിക പ്രാർഥനകൾക്ക് ശേഷം വലതുഭാഗം ജനങ്ങളിലേക്കും ഇടതുഭാഗം ഖിബ്ലയിലേക്കുമായി ഇരിക്കുകയായിരുന്നു പതിവ്.
ശാരീരികമായി പ്രയാസം നേരിട്ട ചില സന്ദർഭങ്ങളിൽ തിരുനബിﷺ ഇരുന്ന് നിസ്കാരം നിർവഹിച്ചിരുന്നു. ഇമാം ദാറഖുതുനി(റ)യും മറ്റും നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ കുതിരപ്പുറത്തു നിന്ന് വഴുതിയപ്പോൾ ശരീരത്തിന്റെ ഒരു ഭാഗത്ത് പരിക്കുപറ്റി. നിസ്കാര സമയമായപ്പോൾ തിരുനബിﷺ ഇരുന്നു നിസ്കാരം നിർവഹിച്ചു. ഞങ്ങളും അവിടുത്തെ പിന്നിൽ ജമാഅത്തായി ചേർന്നു.
നബി ജീവിതത്തിന്റെ സമഗ്രമായ ആവിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ് അവിടുത്തെ നിസ്കാരവും അനുബന്ധപ്രവർത്തികളും. ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഇത്രയേറെ ആവർത്തിക്കപ്പെടുന്ന മറ്റൊരു കർമമുണ്ടാവില്ല. അടിസ്ഥാനപരമായ മാനുഷികാവശ്യങ്ങൾ കഴിഞ്ഞാൽ ഒരു സത്യവിശ്വാസി ഏറ്റവും കൃത്യമായി നിർവഹിക്കുകയും പാലിക്കുകയും ചെയ്യുന്നത് നിസ്കാരം എന്ന കർമമായിരിക്കും. മനുഷ്യന്റെ അടിസ്ഥാന നിത്യകർമങ്ങളെക്കാൾ ശ്രദ്ധയോടെ നിർവഹിക്കുന്നതും ഈ ഒരു ആരാധനയായിരിക്കും. ഇത്രമേൽ വ്യാപകമായും വ്യക്തമായും ഒരു വ്യക്തിയുടെ ജീവിതത്തിൽ ചൂഴ്ന്നു നിൽക്കുന്ന ഒരു ആരാധനാ സമ്പ്രദായമോ ക്രമമോ ഇസ്ലാമിലെ നിസ്കാരം പോലെ മറ്റൊരു മതത്തിലും ഒരു ആരാധനാ കർമവുമുള്ളതായി നമുക്ക് അറിയില്ല. ഒരു വിശ്വാസിയുടെ ജീവിതം എത്രമേൽ മതത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്നും മനുഷ്യ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇസ്ലാം എത്രമേൽ വിശാലമായി ഇടപെടുന്നു എന്നും അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കിത്തരുന്ന മനോഹരവും സുന്ദരവുമായ ഒരു അധ്യായമാണ് നിസ്കാരത്തെ കുറിച്ചുള്ള അധ്യായം. തിരുനബിﷺയുടെ നിത്യജീവിതത്തെ കൂടുതൽ സമഗ്രമായി വായിക്കുമ്പോൾ നിസ്കാരത്തെ കുറിച്ചുള്ള വിശാലമായ അധ്യായങ്ങൾ നമുക്ക് കാണാനും പഠിക്കാനുമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
